സര്‍വാഭരണവിഭൂഷിതയായി വരദാഭയമുദ്രകളോടെ പരാശക്തിയുടെ വിശ്വരൂപദര്‍ശനം വില്വമംഗലം സ്വാമിക്ക് ലഭിച്ച പുണ്യദിനമാണ് കുംഭമാസത്തിലെ മകം നാള്‍. ദേവീ ചൈതന്യത്തെ സ്വാമി ചോറ്റാനിക്കരയിലെ കീഴ്‌ക്കാവില്‍ കുടിയിരുത്തി. മംഗല്യസിദ്ധിക്കും, പ്രതിബന്ധങ്ങളില്ലാത്ത ദാമ്പത്യത്തിനും ദേവിയുടെ അനുഗ്രഹം തേടി മങ്കമാര്‍ തൊഴാനെത്തുന്നചോറ്റാനിക്കര ‘മകം തൊഴലി’ന്റെ ഐതിഹ്യം ഇതാണ്. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടു നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് പ്രസിദ്ധമായ മകംതൊഴല്‍.
മകംതൊഴാനായി ശ്രീകോവില്‍ നടതുറക്കുമ്പോള്‍ അവര്‍ണനീയമായ ദിവ്യതേജസ്സാണ് ദൃശ്യമാകുക. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തി ദിവ്യമായ ഉടയാടകളണിഞ്ഞ് തേജോമയിയായി വിളങ്ങുന്ന ദേവിയുടെ ദിവ്യദര്‍ശനത്തിനായി അമ്മേനാരായണ, ദേവീനാരായണ, ലക്ഷ്മീനാരായണ ഭദ്രേനാരായണ എന്നീ മന്ത്രധ്വനികളുരുവിട്ടുകൊണ്ട് ഭക്തജനങ്ങള്‍ ശ്രീകോവിലിനു മുന്‍പിലേക്ക് നീങ്ങുന്ന കാഴ്ച വിസ്മയാവഹമാണ്.
ത്രിഗുണാത്മികയായി (സരസ്വതി-ലക്ഷ്മി-ദുര്‍ഗ്ഗ) ആരാധിക്കപ്പെടുന്ന ദേവി ലക്ഷ്മിനാരായണരൂപത്തില്‍ വാണരുളുന്നു എന്നതാണ് ചോറ്റാനിക്കരദേവിയുടെ മഹത്വം. താങ്ങാനാവാത്ത മാനസിക അസ്വസ്ഥതകളോടെ ദേവീസന്നിധിയിലെത്തുന്ന ഏതൊരാള്‍ക്കും പരിഹാരം ഉണ്ടാകുന്ന അനുഭൂതിയാണ് ക്ഷേത്ര സന്നിധി പ്രദാനം ചെയ്യുന്നത്. കീഴ്‌ക്കാവില്‍ നടക്കുന്ന ഗുരുതിയും ഭക്തജനങ്ങളുടെ ഭജനമിരിപ്പും ബാധ ഒഴിപ്പിക്കലും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തനതായ സവിശേഷതകളാണ്.
ചോറ്റാനിക്കര മകംതൊഴുതാല്‍ ഐശ്വര്യവും സര്‍വാഭീഷ്ടങ്ങളും ജീവിതസാഫല്യവും കൈവരുമെന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും ചോറ്റാനിക്കര മകംതൊഴല്‍ സവിശേഷമാണെന്നത് മകം തൊഴാനെത്തുന്ന ഭക്തജന ബാഹുല്യം സാക്ഷ്യപ്പെടുത്തുന്നു.
ഈ സമയത്ത് ദര്‍ശനം നടത്തുന്ന കന്യകമാര്‍ക്ക് നല്ല വരനേയും ശ്രേഷ്ഠവിവാഹ ജീവിതവും സുമംഗലികള്‍ക്ക് നെടുമംഗല്യവും സത്‌സന്തതിയും മറ്റുള്ളവര്‍ക്ക് സര്‍വ്വൈശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. മങ്കമാര്‍ക്ക് മകം തൊഴലെന്നതു പോലെ പ്രധാനമാണ് പുരുഷന്മാരുടെ പൂരം തൊഴലും. കീഴ്‌ക്കാവില്‍ നിന്ന് ദേവി അന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: