കൊല്ലം: ലോകമെമ്പാടും പടരുന്ന കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മാതാ അമൃതാനന്ദമയി ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമൃതാനന്ദമയിയുടെ പതിവ് ദര്‍ശന പരിപാടികളില്‍ 07.03.2020 മുതല്‍ താല്‍ക്കാലികമായി മാറ്റങ്ങള്‍ വരുത്തി. വിദേശികളടക്കം രാജ്യത്ത് മുപ്പതിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ മാതാ അമൃതാനന്ദമയി മഠം അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് കത്തു നല്‍കിയത്.
ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഠത്തില്‍ സമ്പര്‍ക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കി വരികയാണ്. വലിയ കൂട്ടായ്മകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും മാനിക്കുന്നതായും, നാട് നേരിട്ടു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് മഠത്തിന് ലഭിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളോടും സഹകരിക്കുന്നുവെന്നും അവ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും, അതനുസരിച്ച് പ്രതിദിനം മൂവായിരത്തോളം സന്ദര്‍ശകരെത്താറുള്ള പതിവുപരിപാടികളില്ക്കൂടി മാറ്റം വരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. എന്നാല്‍ സന്യാസാശ്രമികളും സേവകരും ഗൃഹസ്ഥാശ്രമികളുമായ ആശ്രമാന്തേവാസികള്‍ക്ക് വര്‍ഷം തോറും നല്കി വരാറുള്ള അമ്മയുടെ പ്രത്യേക ദര്‍ശനം മാര്‍ച്ച് ഏഴു മുതല്‍ ആരംഭിക്കും.
മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി അനവധി ഭക്തജനങ്ങള്‍ തങ്ങുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തില്‍ ഇനിയെത്തുന്ന ഇന്ത്യന്‍ പൗരന്മാരെയൊ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്മാര് എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ടെന്ന് അമൃതാനന്ദമയി മഠം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
https://www.amritapuri.org/yatra
പ്രതികരിക്കാൻ ഇവിടെ എഴുതുക: