ഐടി-സോഫ്റ്റ്വെയര്, ഇ-ഗവേര്‍ണന്‍സ് മേഖലകളിലും മറ്റും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റര്‍/ അനലിസ്റ്റ് മുതലായ പ്രൊഫഷണലുകളാവാന് അനുയോജ്യമായ പാഠ്യപദ്ധതിയാണ് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അഥവാ എംസിഎ. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ഐടി)പഠിച്ചിറങ്ങുന്നവര്‍ക്ക് ഐടി മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.
രാജ്യത്തെ പത്ത് എന്‍ഐടികള്‍ ഇക്കൊല്ലം നടത്തുന്ന റഗുലര്‍ ത്രിവത്സര എംസിഎ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ(നിംസെറ്റ്-2020) മേയ് 24 ന് ദേശീയതലത്തില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പരീക്ഷ. കേരളത്തില്‍ കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. എന്‍ഐടി റായ്പൂരാണ് ഇക്കുറി നിംസെറ്റ് സംഘടിപ്പിക്കുന്നത്. റാങ്കടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന എന്‍ഐടികള്‍-കാലിക്കറ്റ്, തിരുച്ചിറപ്പള്ളി, സൂരത്കല്‍, വാറങ്കല്‍, അഗര്‍ത്തല, അലഹബാദ്, ഭോപാല്‍, ജംഷഡ്പൂര്‍, കുരുക്ഷേത്ര, റായ്പൂര്‍ എന്നിവയാണ്. കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണിത്. എംസിഎ കരിക്കുലവും സിലബസുമെല്ലാം ഐടി വ്യവസായത്തിനനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്.
പ്രവേശന യോഗ്യത: ബിഎസ്സി/ബിഎസ്സി (ഓണേഴ്സ്)/ബിസിഎ/ബിഐറ്റി/ബിവോക് (കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) മൊത്തം 60% മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിഎ/ബിടെക് അംഗീകൃത സര്‍വകലാശാല ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 55% മാര്‍ക്ക്/6.0 സിജിപിഎ മതിയാകും. ഫൈനല്‍ യോഗ്യതാ പരീക്ഷ ഇക്കൊല്ലം എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2020 സെപ്തംബര്‍ 15 നകം യോഗ്യത തെളിയിച്ചാല്‍ മതി. അപേക്ഷാര്‍ത്ഥികള്‍ ബിരുദതലത്തില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്. അപേക്ഷാ ഫീസ് 2500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1250 രൂപ. നിംസെറ്റ് വെബ്സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 6 മുതല്‍ 31 വരെ www.nimcet.in ല്‍ സമര്‍പ്പിക്കാം. ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും ഇതിനാവശ്യമാണ്. ‘നിംസെറ്റ് 2020’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് വെബ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം. വിവിധ ഘട്ടങ്ങളിലൂടെ അപേക്ഷ പൂര്‍ത്തീകരിച്ച് ഫൈനലായി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സമര്‍പ്പിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന് നമ്പരോടുകൂടിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം. അപേക്ഷാ സമര്‍പ്പണത്തിനായി ഉപയോഗിച്ച ഇ-മെയില്‍, പാസ്പോര്‍ട്ട്, സെക്യൂരിറ്റി ക്വസ്റ്റിയന്‍, ഉത്തരം, മൊബൈല്‍ നമ്പര്‍ എന്നിവ മറക്കരുത്. ഓണ്‍ലൈനായി ഒറ്റ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
കൃത്യമായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മേയ് 11 നും 22 നും മധ്യേ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷ: രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 120 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഇനി പറയുന്ന വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. മാത്തമാറ്റിക്സ് (50 ചോദ്യങ്ങള്‍), അനലിറ്റിക്കല്‍ എബിലിറ്റി ആന്‍ഡ് ലോജിക്കല്‍ റീസണിങ് (40), കമ്പ്യൂട്ടര്‍ അവയര്‍നെസ്(10), ജനറല്‍ ഇംഗ്ലീഷ് (20). ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിച്ചാല്‍ ഒരു മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ വിട്ടുകളഞ്ഞാല്‍ മാര്‍ക്ക് കുറയില്ലെന്ന് കൂടി ഓര്‍ക്കണം. ഒഎംആര്‍ ഷീറ്റിലാണ് ഉത്തരം മാര്‍ക്ക് ചെയ്യേണ്ടത്.
കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ 22 കേന്ദ്രങ്ങളിലായിട്ടാണ് പ്രവേശന പരീക്ഷ. തിരുച്ചിറപ്പള്ളി ഹൈദരാബാദ്, സൂരത്കല്‍, വാറങ്കല്‍, പൂനൈ, പാറ്റ്ന, ദല്‍ഹി, റായ്പൂര്‍, ഭോപ്പാല്‍, അലഹബാദ്, ജയ്പൂര്‍, ജംഷഡ്പൂര്‍, റൂര്‍ഖേല, ശ്രീനഗര്‍, കൊല്‍ക്കത്ത എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും.
തികച്ചും നിംസെറ്റ് റാങ്കടിസ്ഥാനത്തിലാണ് എംസിഎ പ്രവേശനം. സംസ്ഥാനതലത്തില്‍ പ്രത്യേക ക്വാട്ടാ സീറ്റുകളൊന്നുമില്ല. എന്നാല്‍ എന്‍ഐടി കുരുക്ഷേത്രയില്‍ 32 സ്വാശ്രയ സീറ്റുകള്‍കൂടി ലഭ്യമാണ്. ഈ സീറ്റുകളില്‍ പ്രവേശനം നേടുന്നവര്‍ ഉയര്‍ന്ന ട്യൂഷന് ഫീസ് നല്‍കേണ്ടി വരും.
എന്‍ഐടികളും സീറ്റുകളും: കോഴിക്കോട്-58, തിരുച്ചിറപ്പള്ളി-115, സൂരത്കല്‍-58, വാറങ്കല്‍-58, അഗര്‍ത്തല-30, അലഹബാദ്-116, ഭോപ്പാല്‍-115, ജംഷഡ്പൂര്‍-115, കുരുക്ഷേത്ര-64 (സെല്‍ഫിനാന്‍സിങ്-32), റായ്പൂര്‍-110. ആകെ 871 സീറ്റുകളിലാണ് ദേശീയതലത്തില്‍ ‘നിംസെറ്റ്-2020’ റാങ്കടിസ്ഥാനത്തില്‍ പ്രവേശനം.
അഡ്മിഷനായി ഓരോ എന്ഐടിക്കും പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. കൗണ്‍സിലിങ്ങിനായി ചോയിസ് ഫില്ലിങ് നടത്തുമ്പോള്‍ ഇഷ്ടമുള്ള സ്ഥാപനം അഡ്മിഷനായി തെരഞ്ഞെടുക്കാം. റാങ്കും ചോയിസും പരിഗണിച്ചാണ് എന്‍ഐടി സീറ്റ് അലോട്ട് ചെയ്യുന്നത്. നിംസെറ്റില് യോഗ്യത നേടുന്നവര്‍ക്കാണ് ഓപ്ഷന്/ചോയിസ് ഫില്ലിങ് നടത്താവുന്നത്. 2020 ജൂണ്‍ 12 നും 16 നും ഇടയില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. ജൂണ്‍ 16 വൈകിട്ട് 5 മണിക്ക് മുമ്പ് ചോയിസ് ലോക്ക് ചെയ്യുന്നവരെയാണ് ആദ്യ സീറ്റ് അലോട്ട്മെന്റിന് പരിഗണിക്കപ്പെടുക. നടപടിക്രമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.
സീറ്റ് അലോട്ട്മെന്റ്: ആദ്യ റൗണ്ട് അലോട്ട്മെന്റ് ജൂണ്‍ 19 ന് നടത്തും. വെബ്സൈറ്റില്‍ നിന്നും അലോട്ട്മെന്റ് ലറ്റര്‍ ഡൗണ്‍ലോഡ് ചെയ്തത്. ജൂണ്‍ 22, 23 തീയതികളില്‍ സൗകര്യാര്‍ത്ഥം ഏതെങ്കിലുമൊരു എന്‍ഐടി/റിപ്പോര്‍ട്ടിങ് സെന്ററില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ്/രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കി 10,000 രൂപ പ്രാഥമിക ഫീസ് അടച്ച് താല്‍ക്കാലിക പ്രവേശനം നേടാം. ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തവരുടെ സീറ്റ് റദ്ദാക്കുന്നതാണ്. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല.
സെക്കന്‍ഡ് സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 29 ന് നടത്തും. ജൂലൈ 3, 4 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഫീസ് അടച്ച് അഡ്മിഷന് നേടാം.
മൂന്നാം റൗണ്ട് അലോട്ട്മെന്റ് ജൂലൈ 9 ന് നടത്തും. ജൂലൈ 15, 16 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. ഇതുകഴിഞ്ഞ് ഒഴിവുള്ള സീറ്റുകള്‍ ജൂലൈ 21 ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ 22, 23 തീയതികളില്‍ ഫ്രഷ് ചോയിസ് ഫില്ലിങ് നടത്തി പ്രവേശനം നേടാനാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nimcet.in സന്ദര്‍ശിക്കുക. സംശയ നിവാരണനത്തിന് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. എന്‍ഐടി കാലിക്കറ്റ് വിവരങ്ങള്‍ക്ക് www.nitc.ac.in കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: