സിഡ്നി: ലീഗ് മത്സരങ്ങളിലെ അപരാജിതക്കുതിപ്പ് ഇന്ത്യക്ക് ഐസിസി ടി 20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇടം നേടിക്കൊടുത്തു. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ സെമിഫൈനല്‍ മഴയില്‍ ഒലിച്ചുപോയതിനെ തുടര്‍ന്നാണിത്. സെമിഫൈനലിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഗ്രൂപ്പ് എ ജേതാക്കളായ ഇന്ത്യ കലാശക്കളിക്ക് അര്‍ഹത നേടി. 2009 ല്‍ തുടങ്ങിയ ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഇന്നലെ രാവിലെ മുതല്‍ മഴപെയ്തതിനാല്‍ ഒരു പന്ത് പോലും എറിയാനാകാതെ ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ആനന്ദ കണ്ണീര് പൊഴിച്ചു. ഇംഗ്ലീഷ് താരങ്ങള്‍ സങ്കട കടലിലുമായി. ഇത് തികച്ചും നിരാശജനകമാണ്. റിസര്‍വ് ദിനമില്ലാത്തത് തിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ തോല്വിയാണ്പ്രതീക്ഷകള് കെടുത്തിക്കളഞ്ഞതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് പറഞ്ഞു. സെമിഫൈനലിന് റിസര്‍വ് ദിനം അനിവാര്യമായിരുന്നെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സമ്മതിച്ചു. സെമിഫൈനലിന് റിസര്‍വ് ദിനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് അപേക്ഷ നല്‍കിയെങ്കിലും ഐസിസി അത് നിരസിച്ചു.
ഞങ്ങള്‍ക്ക് സെമി കളിക്കാനായില്ല. പക്ഷെ നിയമങ്ങള്‍ ഉണ്ട്. അത് അനുസരിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. ഭാവിയില്‍ റിസര്‍വ് ദിനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കൗര്‍ ആവശ്യപ്പെട്ടു.പ്രാഥമിക റൗണ്ടിലെ നാലു മത്സരങ്ങളിലും വിജയിച്ച് എട്ട് പോയിന്റോടെ ഗ്രൂപ്പ് എ യില്‍ ജേതാക്കളായാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. അതേസമയം ഇംഗ്ലണ്ട് ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്കയോടാണ് അവര്‍ തോറ്റത്. ഈ തോല്‍വിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്തുകളഞ്ഞത്.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡും ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയും മുട്ടുകുത്തി.2018 ലെ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലെത്തിയിരുന്നു. അന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഫൈനലില്‍ പക്ഷെ ഓസ്ട്രേലിയയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: