ബദിയടുക്ക: ഭൂരഹിതര്‍ക്കു ലഭിച്ച സ്ഥലത്തു വീട് നിര്‍മിക്കാന്‍ സാഹചര്യമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഭൂമി കിട്ടിയവര്‍. വെള്ളമില്ല, സാധന സാമഗ്രികള്‍ കൊണ്ടു വരാന്‍ റോഡില്ല. കന്യപ്പാടി കര്ക്കടകപള്ളത്ത് സ്ഥലം ലഭിച്ചവരാണ് ദുരിതത്തിലായത്.
ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ 32 പേര്‍ക്ക് 3 സെന്റ് സ്ഥലം വീതം ലഭിച്ചത്. വീടിനു 4 ലക്ഷം രൂപ അനുവദിച്ചതോടെ ഇപ്പോള്‍ ഇവിടെ 12 ഗുണഭോക്താക്കളാണ് വീടു പണിയുന്നത്. 5 വീടുകളുടെ പണി ഭാഗികമായി പൂര്‍ത്തിയായി. ഈ വീടുകള്‍ക്കു തേപ്പുപണി ബാക്കിയുണ്ട്. തറയും ചുമരും പൂര്ത്തിയായവയാണു മറ്റുള്ളവ. നിര്‍ധനരായ ഇവര്‍ക്കു കിണറോ കുഴല്‍ കിണറോ നിര്‍മിക്കാനുള്ള സാമ്പത്തികശേഷിയില്ല. സ്വകാര്യ വ്യക്തികള്‍ നല്കുന്ന വെള്ളം നിര്‍മാണത്തിനു തികയുന്നുമില്ല. വീട് നിര്‍മാണത്തിനും തുടര്‍ന്നും വെള്ളം ലഭിക്കുന്നതിനുള്ള ജല വിതരണ പദ്ധതി നടപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടു. ബദിയടുക്ക കുമ്പള റോഡില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരമുള്ള ഇവിടത്തേക്ക് സാധന സാമഗ്രികളെത്തിക്കുന്നതിനു 1.5 കിലോമീറ്റര്‍ കറങ്ങണം.
കറങ്ങി പോകുന്നതും സ്വകാര്യവ്യക്തികളുടെ സ്ഥലത്തിലൂടെയാണ്. ഗുണഭോക്താക്കള്‍ക്കു ലഭിച്ച സ്ഥലത്തിനു ചുറ്റും സ്വകാര്യവ്യക്തികളുടെ പറമ്പാണ്. കൊറഗ കോളനിയില്‍പ്പെട്ട സ്ഥലത്തിന്റെ വശത്തു കൂടി ഇവിടെയെത്താന്‍ എളുപ്പവഴിയുണ്ട്. കോളനിയുടെ സ്ഥലമായതിനാല്‍ ഇതു ലഭിക്കാനും പാടാണ്. ഇപ്പോള്‍ വളഞ്ഞവഴിയിലൂടെ അധിക വാടക നല്‍കിയാണ് ഇവിടെയെത്തുന്നത്. ബദിയടുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട ഇവിടെ മറ്റു പഞ്ചായത്തിലുള്ളവര്‍ക്കും സ്ഥലം ലഭിച്ചിട്ടുണ്ട്.
ജലപദ്ധതിക്കായി പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടും നടപ്പിലാക്കാന്‍ പറ്റുന്നില്ലെന്നും കാസര്‍കോട് താലൂക്കില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നതു തടയാന്‍ കുഴല്‍ കിണറുകള്‍ക്ക് ഇപ്പോള്‍ അനുമതി നല്കുന്നില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: