തിരുവനന്തപുരം: ബുധനാഴ്ച തലസ്ഥാനത്ത് നടന്ന കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഗതാഗതമന്ത്രിക്ക് നാളെ റിപ്പോര്‍ട്ട് നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കെതിരായി സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. മിന്നല്‍ പണിമുടക്ക് തെറ്റാണെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടെന്നാണ് സൂചന.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഫോര്‍ട്ട്, തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഗതാഗത തടസ്സം സ്യഷ്ടിച്ച് വാഹനപാര്‍ക്കിങ്, ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസ്, പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെയാണ് കേസുകള്‍. സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്. റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി ബസ്സ് പാര്‍ക്ക് ചെയ്ത കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും പട്ടികയും പോലീസ് ശേഖരിക്കുകയാണ്. ഇത് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.
സമരവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമുണ്ടായപ്പോഴാണ് പോലീസ് ഇടപെട്ടത്. സ്വകാര്യബസിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൈയേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പോലീസ് എത്തിയത്. പോലീസ് ഡ്രൈവറും എസ്‌ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍, ഇവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൈയേറ്റം ചെയ്തു. ഇതിനാണ് ഡിടിഒ ഉള്‍പ്പെടെയുള്ള ഉേദ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറി.
സമരത്തിനിടെ കുഴഞ്ഞുവീണ കടകംപള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടിെല്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3.07നാണ് കണ്‍ട്രോള്‍ റൂമില്‍ കുഴഞ്ഞുവീണുവെന്ന വിവരം എത്തിയത്. 3.14ന് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ച് ഒപിയെടുത്തു.എന്നാല്‍, സ്വകാര്യബസുകാര്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നാണ് കെഎസ്ആര്‍ടിസിസിയുടെ വിശദീകരണം.
ജില്ലാ കളക്ടര്‍ കെ. ഗോപാലക്യഷ്ണന്‍ സംഭവം നടന്ന കിഴക്കേക്കോട്ടയും പഴവങ്ങാടിയും ഇന്നലെ സന്ദര്‍ശിച്ച് തെളിവെടുത്തു. ബുധനാഴ്ച മരിച്ച സുരേന്ദ്രന്റെ മ്യതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: