തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ആഗോള കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ രൂപം നല്കിയ ഐ-കാര്‍ഗോ സംവിധാനം നടപ്പാക്കുന്നതിന് വ്യോമയാന മേഖലയിലെ ലോക പ്രശസ്ത സ്ഥാപനമായ ജപ്പാന് എയര്‍ലൈന്‍സുമായി കമ്പനി കരാര്‍ ഒപ്പിട്ടു.
ഇതിനോടകം ആഗോളവ്യാപകമായി പ്രചാരം നേടിയ ഐകാര്‍ഗോയ്ക്ക് ഐബിഎസ് രൂപം നല്‍കിയത് ചരക്കുനീക്കം, റിസര്‍വേ തുടങ്ങി വിമാനക്കമ്പനികള്‍ക്ക് ബിസിനസ് മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതു ലക്ഷ്യമാക്കിയാണ്.
ജപ്പാന് എയര്‍ലൈന്‍സ് ശൃംഖലയിലെ ഇറക്കുമതി, കയറ്റുമതി, ചരക്കുകൈമാറ്റം, വെയര്‍ഹൗസ് പ്രവര്‍ത്തനം, വിമാനത്താവളങ്ങളിലെ ജോലികള്‍ എന്നിവയ്ക്കായി ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗത സോഫ്റ്റ് വെയറിനു പകരം ഇനി ഇതെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഐകാര്‍ഗോ ഉപയോഗിക്കും. ഇതിലൂടെ ചെലവു കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കാനും ജപ്പാന് എയര്‍ലൈന്‍സിനു കഴിയും. വിമാനനീക്കത്തിന്റെ തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണമായ ഉപയോഗവും ഇതിലൂടെ സാധിക്കും.
ലോകമെങ്ങുമുള്ള ഐബിഎസ് ഡേറ്റ സെന്ററുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ബിസിനസ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഐകാര്‍ഗോ ബിസിനസ് സൊല്യൂഷനുകള്‍ ലഭ്യമാണ്. ഇന്ന് ലോകത്തെ മിക്ക എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്ഡ്ലിങ് സ്ഥാപനങ്ങളും ഐകാര്‍ഗോ ഉപയോഗിക്കുന്നുണ്ട്. ആഗോള ബിസിനസുള്ള 15 കാര്‍ഗോ എയര്‍ലൈനുകളില്‍ അഞ്ചെണ്ണത്തിലും ഐകാര്‍ഗോ ആണ് ഉപയോഗിക്കുന്നത്.
വ്യോമയാന മേഖലയില്‍ ലോകത്തിലെതന്നെ ഒന്നാംകിട സ്ഥാപനങ്ങളില്‍ ഒന്നായ ജപ്പാന് എയര്‍ലൈന്‍സ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഐകാര്‍ഗോ തെരഞ്ഞെടുത്തത് ഏറ്റവും വലിയ അംഗീകാരമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അശോക് രാജന് പറഞ്ഞു.
ജപ്പാന് എയര്‍ലൈന്‍സ് ജപ്പാനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. 66 രാജ്യങ്ങിലെ 405 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഈ കമ്പനിക്ക് 238 വിമാനങ്ങളുണ്ട്. ഏറ്റവും സമയകൃത്യതയുള്ള പഞ്ചനക്ഷത്ര വിമക്കമ്പനിയായി സ്കൈട്രാക്സ് തെരഞ്ഞെടുത്തിട്ടുള്ള ജപ്പാന് എയര്‍ലൈന്‍സ് സുരക്ഷിതത്വത്തിനും ഗുണനിലവാരത്തിനും പേരുകേട്ടതാണ്.
വിമാനനിരയുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനവും വിമാനങ്ങളുടെ അറ്റകുറ്റപ്പണി, യാത്രക്കാര്‍ക്കുള്ള സേവനം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഐകാര്‍ഗോ. ഹോട്ടല്‍ മുറികള്‍, നിരക്കുകള്‍ തുടങ്ങി ആതിഥേയ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനായി ഡിമാന്‍ഡ് ഗേറ്റ് വേ എന്ന പ്ലാറ്റ്ഫോമും ടൂര്‍-ക്രൂസ് മേഖലയ്ക്കായി ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാര മാര്‍ഗങ്ങളും ഐബിഎസ് നല്‍കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: