തിരുവനന്തപുരം: ബുധനാഴ്ച തലസ്ഥാനത്തെ യാത്രക്കാരെ ആറു മണിക്കൂറിലേറെ ബന്ദികളാക്കിയ കെഎസ്ആര്‍ടിസി നടത്തിയ മിന്നല്‍ പണിമുടക്കിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം. വിന്‍സെന്റ് നല്കിയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചോദ്യോത്തരവേളയില്‍ സഭയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര പ്രമേയസമയത്ത് ഓഫീസിലുണ്ടായിട്ടും സഭയിലെത്തിയില്ല. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നല്‍കിയത്. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി വീണ്ടും സഭയിലെത്തി.
മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറിയത് ആദ്യമേ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിയെ കൂടാതെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും നിയമസഭയില്‍ ഇല്ലാത്തത് പ്രതിപക്ഷം ചൂണ്ടികാട്ടി. ഗതാഗതമന്ത്രി കുടുംബപരമായ ആവശ്യവുമായി പോയെന്നാണ് മന്ത്രി ഇ.പി. ജയരാജന് പ്രതികരിച്ചത്.
സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിന്‍സെന്റ് ആവശ്യപ്പെട്ടു. ഇത്രയും പ്രശ്നമുണ്ടായിട്ടും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന് ആറു മണിക്കൂര്‍ എവിടെ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: