Categories: Samskriti

കാരണശരീരത്തിന്റെ അനുഭവതലങ്ങള്‍

വിവേകചൂഡാമണി 83

കാരണ ശരീരം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി കാരണശരീരത്തെ വിവരിക്കുന്നു.

ശ്ലോകം 120

അവ്യക്തമേതത് ത്രിഗുണൈര്‍നിരുക്തം

തത്കാരണം നാമ ശരീരമാത്മനഃ

സുഷുപ്തിരേതസ്യ വിഭക്ത്യവസ്ഥാ

പ്രലീനസര്‍വ്വേന്ദ്രിയ ബുദ്ധിവൃത്തിഃ

ത്രിഗുണാത്മകം എന്ന്  നിര്‍വിചിക്കപ്പെട്ട ഈ അവ്യക്തത്തെ ജീവന്റെ കാരണ ശരീരം എന്ന് പറയുന്നു. എല്ലാ ഇന്ദ്രിയങ്ങളുടേയും മനോബുദ്ധികളുടേയും വൃത്തികള്‍ മുഴുവനും ലയിച്ച സുഷുപ്തിയാണ് കാരണ ശരീരത്തിന്റെ ശരിയായ അവസ്ഥ.

അവ്യക്തം, ത്രിഗുണ സ്വരൂപം, മായ, അവിദ്യ തുടങ്ങിയപ്പേരുകളില്‍ അറിയപ്പെടുന്നതിനെ തന്നെയാണ് കാരണ ശരീരം എന്ന് വിളിക്കുന്നത്. അവ്യക്താവസ്ഥയിലിരിക്കുന്ന സത്വരജസ്തമോഗുണങ്ങള്‍ ചേര്‍ന്നതാണ് കാരണ ശരീരം.

ഇന്ദ്രിയങ്ങളുടേയും ബുദ്ധിയുടേയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണത്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഇവ രണ്ടിന്റെയും പ്രവര്‍ത്തനമുണ്ട്. എന്നാല്‍ സുഷുപ്തിയില്‍ മനസ്സ് ഉള്‍പ്പടെ എല്ലാ അടങ്ങിയൊതുങ്ങിയിരിക്കുന്നു.

ശ്ലോകം  121

സര്‍വപ്രകാരപ്രമിതിപ്രശാന്തിഃ

ബീജാത്മനാവസ്ഥിതിരേവ ബുദ്ധേഃ

സുഷുപ്തിരേതസ്യ കില പ്രതീതിഃ

കിഞ്ചിദ് ന വേദ്മീതി ജഗത് പ്രസിദ്ധേഃ

എല്ലാ തരത്തിലുമുള്ള അറിവുകളുമടങ്ങി മനസ്സ് ബീജരൂപത്തില്‍ സ്ഥിതി ചെയ്യുന്നതാണ് സുഷുപ്തി. ഈ അവസ്ഥയില്‍ ‘ഞാന്‍ ഒന്നും അറിഞ്ഞില്ല’ എന്ന അനുഭവം എല്ലാവര്‍ക്കുമുണ്ടെന്നത് ലോകത്തില്‍ പ്രസിദ്ധമാണ്.

ജാഗ്രത്തില്‍ നിന്നും സ്വപ്‌നത്തില്‍ നിന്നും ജീവന്‍ പിന്‍വലിയുമ്പോള്‍ സുഷുപ്തി അവസ്ഥയിലാണ് ഇരിക്കുക. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴുമുണ്ടായ അനുഭവങ്ങള്‍ ബീജ രൂപത്തില്‍ അവ്യക്തമായി സുഷുപ്തിയിലുണ്ട്. ബീജരൂപത്തിലുള്ള വാസനകള്‍ വികസിച്ച് സൂക്ഷ്മശരീരത്തിലൂടെ സ്വപ്‌നമായും സ്ഥൂലശരീരത്തിലും ജാഗ്രത്തായും വ്യക്തമാകുന്നു. ജീവന്‍ നല്ല ഉറക്കത്തിലാവുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിയ്‌ക്കും പ്രവര്‍ത്തിക്കാനാവില്ല.

അവ താല്‍ക്കാലികമായി ലയിച്ചിരിക്കുകയാണ്. ആത്മസ്വരൂപമോ വിഷയ  വികാര വിചാരങ്ങളൊന്നും വ്യക്തമല്ല. അതിനാല്‍ ആ അവസ്ഥയെ അവ്യക്തം എന്ന് പറയുന്നത്. സത്യസ്വരൂപത്തെ അറിയാതിരിക്കുന്നതാണിത്.’ഞാന്‍ ഒന്നുമറിയുന്നില്ല’ എന്നതാണ് ഉറക്കത്തില്‍ ജീവന്റെ അനുഭവം. അജ്ഞാന ഭാവമാണ് അപ്പോള്‍.

എല്ലാ അറിവുകളുടേയും അഭാവമാണ് നല്ല ഉറക്കത്തില്‍ ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ ഒന്നുമറിയില്ല. ബുദ്ധി ലയിക്കുന്നതിനാല്‍, ബുദ്ധിവൃത്തികള്‍ മൂലം പ്രകടമാകുന്ന ഈ ലോകവും അപ്പോള്‍ ഇല്ല. ബുദ്ധി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉണര്‍ന്നിരിക്കാനാവൂ. മനസ്സ് ഉണ്ടെങ്കിലേ സ്വപ്‌നം കാണാനുമാകൂ. എല്ലാം അവ്യക്തത്തില്‍ ലയിക്കും. എല്ലാ ജീവികളുടേയും ഉറക്കത്തിലെ അവസ്ഥയാണിത്.

അവിദ്യാ സ്വരൂപമായ ഈ അവസ്ഥയാണ് കാരണ ശരീരം. സ്ഥൂല ശരീരത്തിനും സൂക്ഷ്മ ശരീരത്തിനും കാരണമായതിനാലാണ് കാരണശരീരം എന്ന് വിളിക്കുന്നത്.

9495746977

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക