വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ രണ്ടു പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു . രണ്ടു മരണവും വാഷിംഗ്‌ടൺ സംസ്ഥാനത്തിലാണ്. അതിനിടെ അമേരിക്കയിൽ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എൺപതായി ഉയർന്നിട്ടുണ്ട്. ഇതിൽ 12 പേർ വാഷിങ്ടണിൽ നിന്നുള്ളവരാണ്.
ഞായറാഴ്ച വൈകിട്ടാണ് 70 വയസുള്ള ഒരാൾ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്. ചൈനയിലെ കൊറോണ വൈറസ് രാജ്യമൊട്ടാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിങ് കൗണ്ടിയില്‍ താമസിക്കുന്ന 50 വയസുകാരനാണ് ശനിയാഴ്ച മരിച്ചത്.
രണ്ടു മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വാഷിംഗ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഏതാണ്ട് 61 ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2933 കവിഞ്ഞു. 85700 ലേറെ പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: