ന്യൂദല്‍ഹി: അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വരെ മോദി സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് തടയാന്‍ മമത ബാനര്‍ജിക്കോ പ്രതിപക്ഷത്തിനോ സാധിക്കില്ല. ബംഗാളിലെ തൃണമൂല്‍ ഭരണത്തിനെതിരെ കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയായ മമത പ്രഖ്യാപിച്ചതിനെയും ഷാ വിമര്‍ശിച്ചു. തെറ്റായ പ്രചാരണം നടത്തി അഭയാര്‍ത്ഥികളെ ഭയപ്പെടുത്തുന്നത് എന്തിനാണ്. നുഴഞ്ഞുകയറ്റക്കാരെ ഓര്‍ത്താണ് മമതാ ദീദിക്ക് വിഷമം. അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ പൗരത്വം നല്കരുതെന്നാണോ ഇവര്‍ പറയുന്നത്. ആരുടെയെങ്കിലും അവകാശങ്ങള്‍ ഇല്ലാതാക്കുന്നതല്ല സിഎഎ. നിയമത്തെ എതിര്‍ത്ത് സംസ്ഥാനത്ത് കലാപത്തിന് അനുമതി നല്‍കുകയാണ് മമത. ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കത്തിച്ചു.
ബംഗാളിലെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കും. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഎഎ പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റുകള്ക്കുമൊപ്പം ചേര്‍ന്ന് അതിനെ എതിര്‍ക്കുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷാ വ്യക്തമാക്കി. 2021ലാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ്. തൃണമൂലും ഇടത് പാര്‍ട്ടികളും ഷായുടെ സന്ദര്‍ശനത്തിനെതിരെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: