കേരളത്തിലെ ടെക്നിക്കല്‍ സ്കൂളുകളില്‍ മലയാളം അവഗണിക്കപ്പെടുന്നതായി ആക്ഷേപം. 38 ടെക്നിക്കല്‍ സ്കൂളുകളിലും മലയാളം അധ്യാപകരുടെ സ്ഥിരം നിയമനം നടന്നിട്ട് 23 വര്‍ഷമായെന്ന് ഇതു സംബന്ധിച്ചുള്ള വിവരാവകാശ രേഖയില്‍ പറയുന്നതായി വാര്‍ത്തയുണ്ട്. ടെക്നിക്കല്‍ സ്കൂളുകളിലേയുള്പ്പെടെ 2018ല്‍ പിഎസ്സി തയാറാക്കിയ റാങ്കു പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനം കാത്തു കഴിയുകയാണ്. സംസ്ഥാനത്തെ ടെക്നിക്കല്‍ സ്കൂളുകളില്‍ 8-ാം ക്ലാസ്സു മുതല്‍ മലയാളം നിര്‍ബന്ധമായും പഠിക്കണം. പഠിപ്പിക്കാന്‍ കരാര്‍ അധ്യാപകരേയുള്ളൂ.
മലയാളത്തിന്റെ ‘രക്ഷയ്ക്ക്’ കരാര്‍ അധ്യാപകരെങ്കിലുമുണ്ടല്ലോ എന്നാശ്വസിക്കുകയേ വഴിയുള്ളൂ. മലയാളത്തിന് ഇത്രയൊക്കെ മതിയെന്ന് അധികൃതര്‍ കരുതുന്നുണ്ടാവാം. ശ്രേഷ്ഠഭാഷ, ഭരണഭാഷ തുടങ്ങിയ ബഹുമതികള്‍ കൊണ്ട് മലയാളം തൃപ്തിപ്പെടട്ടെ. ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിപ്പ് തുടരട്ടെ.
”പൗരത്വത്തിന് മതം മാനദണ്ഡമാക്കി ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ സര്‍ഗാത്മക പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.”
‘സര്‍ഗാത്മക പ്രതിരോധം’ എന്നാല്‍ എന്തെന്ന് സാധാരണക്കാര്‍ സ്വയം ചോദിച്ചേക്കാം. അതെന്തെന്ന് പ്രതിരോധത്തിന് ആഹ്വാനം ചെയ്തവര്‍ വ്യക്തമാക്കിയിട്ടില്ല. സര്ഗസൃഷ്ടികള് രചിച്ച് പ്രതിരോധം തീര്‍ക്കലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് ഒരു പുരോഗമന കലാസാഹിത്യകാരന് പറയുന്നു. പ്രതിരോധം പ്രമേയമാക്കിയിട്ടുള്ള സര്‍ഗസൃഷ്ടികളില്‍ മുഴുകിയിരിക്കുകയാണത്രെ ഒട്ടേറെ കലാസാഹിത്യകാരന്മാര്. മുദ്രാവാക്യത്തെയും സര്ഗാത്മകത്തില് ഉള്‍പ്പെടുത്തണമെന്ന് ചില പ്രമുഖ മുദ്രാവാക്യ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതായി അറിയുന്നു. വെയിലുകൊള്ളാതെ പ്രതിരോധം തീര്‍ക്കാന്‍, സര്‍ഗാത്മക രചനപോലെ പറ്റിയ മറ്റൊന്നില്ലെന്ന് ഈ രംഗത്തെ ചില പഴമക്കാര്‍ പറഞ്ഞു.
ദന്തഗോപുരത്തില്‍ തമ്പടിച്ച് സര്‍ഗാത്മക പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് പറയുന്നവരുമുണ്ട്. അവര്‍ക്ക് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മാനവികതാ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ഗാത്മക മാര്‍ച്ച് ജില്ലകളില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് ദന്തഗോപുരവാസികളെ വെയില് കൊളിക്കാന്‍ വേണ്ടിയാണത്രെ. സര്‍ഗാത്മക മാര്‍ച്ചില്‍ സര്‍ഗാത്മക രചയിതാക്കള്‍ക്കൊപ്പം വായനക്കാര്‍ക്കും പങ്കെടുക്കാമോ എന്നറിയില്ല. രചയിതാക്കള്‍ വേണ്ടത്രയുള്ളതിനാല്‍ മാര്‍ച്ചിന് ശക്തികൂട്ടാന്‍ വായനക്കാര്‍ വേണ്ടിവരില്ലായിരിക്കാം. രചയിതാക്കള്‍ വായനക്കാരുടെയും പ്രതിനിധികളായതിനാല്‍ വായനക്കാരെ വെയിലുകൊള്ളിക്കുന്നതില് അര്‍ത്ഥമില്ലെന്ന് ചിലര്‍ പറയുന്നു.
‘സര്‍ഗാത്മക പ്രതിരോധ’ത്തിന്റെ അര്‍ത്ഥം പിടികിട്ടാത്തതിനാലാണ് ഇങ്ങനെ കാടുകയറേണ്ടിവന്നത്. എന്നിട്ടും കക്ഷി ഇപ്പോഴും ‘പിടികിട്ടാപ്പുള്ളി’ തന്നെ. പിടിക്കാന്‍ വായനക്കാര്‍ ഒറ്റയ്ക്കോ കൂട്ടായോ ശ്രമിക്കുക. ഇപ്പോള്‍ പല സ്ഥലങ്ങളിലും കാണുന്നത് ‘സംഹാരാത്മക പ്രതിരോധ’ മാണ്. ഇതിനു ബദലാണോ ‘സര്‍ഗാത്മക പ്രതിരോധ’മെന്നറിയാന്‍ കാത്തിരിക്കാം.
പിന്കുറിപ്പ്:പത്രത്തില്‍നിന്ന്:”ചക്ക ഹീറോയാണ്… ഹീറോ…
സംസ്ഥാന ഫലമായ ചക്കയ്ക്ക് സ്വീകാര്യത ഏറിയതോടെ വിപണിയിലും അത് താരമായി മാറിക്കഴിഞ്ഞു… പണ്ട് പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ പഴുത്തു ചീഞ്ഞ് വീണുകിടന്ന കാലമൊക്കെ മാറി. ചക്ക ഇന്ന് തീന്മേശയിലെ താരമായി മാറിക്കഴിഞ്ഞു.”വെറും ഹീറോയും താരവുമായി ചക്കയ്ക്ക് മടുത്തുകാണും. ഇനി ചക്കയെ ‘സൂപ്പര്‍സ്റ്റാര്‍’ ആക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: