തിരുവനന്തപുരം: തലചായ്‌ക്കാന്‍ ഇടമില്ലാതെ വീടിനു വേണ്ടിയുള്ള പട്ടികയില്‍ പോലും ഇടംപിടിക്കാതെ അപേക്ഷകള്‍ ഫയലില്‍ ഉറങ്ങുമ്പോള്‍ ലൈഫ് മിഷന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ തുലച്ചത് മുപ്പത് ലക്ഷം രൂപ. ആഡംബരത്തിന് ഒട്ടും കുറവില്ലാതെയായിരുന്നു ദരിദ്രരുടെ സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഉദ്ഘാടനം.
ഇരുപത് ലക്ഷം രൂപ ലൈഫ് മിഷന്റെ ഫണ്ടില്‍ നിന്ന് നേരിട്ട് ചെലവഴിച്ചു. അമ്പതിനായിരം രൂപ തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നെടുത്തു. നഗരസഭകള്‍ രണ്ടു ലക്ഷവും ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും ചെലവഴിക്കാനാണ് ഡെപ്യൂട്ടി സെക്രട്ടറി ബീനാമോള്‍ ഉത്തരവ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനായി മുപ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്നും അത് അനുവദിക്കണമെന്നുമുള്ള ലൈഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മുപ്പത് ലക്ഷം രൂപ അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്താണ് ലൈഫ് മിഷന്‍ പദ്ധതിവഴി പൂര്‍ത്തീകരിച്ച വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. മുപ്പതിനായിരം പേര്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങാണെന്നും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, ഇന്നലെ പങ്കെടുത്തത് വെറും അയ്യായിരത്തില്‍ താഴെ പേര്‍ മാത്രം. അതും വിദ്യാലയങ്ങളിലെ അധ്യാപകരും കുടുംബശ്രീയിലെ അംഗങ്ങളും. ഇവരെ എത്തിച്ചത് നിയമം ലംഘിച്ച് സ്‌കൂള്‍ ബസുകളില്‍. പഠന ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട ബസാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വിട്ടുനല്‍കിയത്. അധ്യാപകരെ പങ്കെടുപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
















