ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മിശ്രയുടെ പ്രതികരണം.
വളരെ രസകരമായ രീതിയിലാണ് മിശ്ര പ്രതികരിച്ചത്. ദല്‍ഹിയിലെ ലേണിങ് ട്രീ പ്ലേ സ്കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുള്‍പ്പെട്ട ബെഞ്ച്. വാദത്തിനൊടുവില്‍ പ്ലേ സ്കൂളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോണ്‍ഗ്രസ് നേതാവു കൂടിയായ എ.എം. സിങ്വിയോട് താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ? ഞാന്‍ താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ പറയാമെന്ന് അരുണ്‍ മിശ്ര പറഞ്ഞു. തന്നെപ്പറ്റി നല്ല കാര്യങ്ങള്‍ പറയുന്നത് തനിക്ക് ബഹുമതിയാണെന്നായിരുന്നു സിങ്വിയുടെ മറുപടി. പക്ഷേ, താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ വിമര്ശിക്കുമെന്നായി അരുണ്‍ മിശ്ര.
ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് മോദിയെന്ന് അരുണ്‍ മിശ്ര നേരത്തെ പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം ബഹുമുഖ പ്രതിഭയാണ്. ലോകവ്യാപക ചിന്താഗതിയുള്ള തദ്ദേശീയമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മോദിയെന്നും മിശ്ര പറഞ്ഞിരുന്നു.
ഇതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു. കോടതിയിലെ വാദത്തിനൊടുവില്‍ ജഡ്ജിമാരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: