കൊട്ടിയം (കൊല്ലം): ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ലെന്നും കാണാതാകുമ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ലെന്നും അപ്പൂപ്പനടക്കമുള്ള ബന്ധുക്കള്‍ പറയുന്നു. ഇതോടെ, കേസില്‍ പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
വിശദമായ അന്വേഷണംവേണമെന്ന് അപ്പൂപ്പന്‍
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. ശാസിച്ചാല്‍ പോലും പിണങ്ങിയിരിക്കുന്ന ശീലം മകള്‍ക്കില്ല. മൃതദേഹം കണ്ടെത്തിയ ആറു കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ല. തന്നോട് പറയാതെ ദേവനന്ദ എങ്ങും പോകില്ല. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതായി. അതിനാലാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന് സംശയിക്കുന്നത്. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്. അവളെ കാണാനില്ലെന്നു മനസ്സിലായതോടെ താന്‍ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാവരും ഓടിയെത്തി അന്വേഷണമാരംഭിച്ചു. സത്യാവസ്ഥ അറിയണമെന്നും ധന്യ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ കുടുംബാംഗങ്ങളോട് സംസാരിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുടവട്ടൂര്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളായ പൊന്നു എന്ന ദേവനന്ദയെ അമ്മയുടെ വീടായ പള്ളിമണ്ണിലെ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ നിന്ന് കാണാതാകുന്നത്. ഈ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ നിന്ന് തൊട്ടടുത്ത ദിവസം രാവിലെ 7.35ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ആറ്റിലെ തടയണയ്‌ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തലമുടി കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് 500 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സ്ഥലംവരെ ദേവനന്ദ എങ്ങനെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: