ബോര്‍ഡില്‍ പേരിനൊപ്പം ഇല്ലാത്ത ഡിഗ്രി വെക്കുന്നത് വകുപ്പ് 420ല്‍ പെടും. ജാമ്യം കിട്ടും. എന്നാല്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ പേരും എംബ്ലവും രജിസ്ട്രേഷനും ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് വകുപ്പ് 464ല്‍ പെടും. മുന്‍കൂര്‍ ജാമ്യമില്ലാത്ത കുറ്റമാണ്. എനിക്കറിയാം.എന്നാല്‍ ആര്. പാര്ത്ഥന് അയ്യര്‍, എം.എ എന്ന ബോര്‍ഡ് വച്ച് കോവൈപുതൂരില്‍ പ്രാക്ടീസ് തുടങ്ങുമ്പോള്‍ ഈ വകുപ്പുകളെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. തെറ്റു ചെയ്യുന്നു എന്നൊരു ബോധ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ആ തെറ്റ് അഴിക്കകത്തേക്ക് നീളുന്നതാണെന്ന് സത്യമായും അറിയില്ല.
പരിഹാരവും പ്രായശ്ചിത്തവും വലിയ വരുമാനമാര്‍ഗ്ഗമായിരുന്നു. അതിന് പ്രത്യേകം ടീമുകളെ ഞാന്‍ അണിയിച്ചൊരുക്കി. ഇതില്‍ ഒരു മനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയട്ടെ. ഒരസുഖവുമില്ലാത്തവന്‍ ഡോക്ടറെ കാണാന്‍ മിനക്കെടാറില്ല എന്നതുപോലെ കാര്യമായ എന്തെങ്കിലും പ്രശ്നമില്ലാത്തവന്‍ ഒരു ജ്യോതിഷിയേയും സമീപിച്ച് കാശും സമയവും കളയില്ല. പ്രശ്നം തിരിച്ചറിഞ്ഞ് ജാതകനെ ഭീതിയില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ആദ്യകൊടി നാം നാട്ടിക്കഴിഞ്ഞു. മനസ്സില്‍ ഭയം കയറിയവന് എന്തു പ്രായശ്ചിത്ത പരിഹാരവും ചെയ്യും. കയ്യില്‍ കാശില്ലാത്തവന് ഭാര്യയുടെ പണ്ടം വിറ്റെങ്കിലും പണമുണ്ടാക്കും.
അതിനു മുന്‍പ് പറയട്ടെ, പറയുന്നത് ജനം വിശ്വസിക്കണമെങ്കില്‍ ഞാന്‍ പഠിപ്പുള്ളവനായിരിക്കണം. പഴയ കാലമല്ല. പേരിനൊപ്പം ഡിഗ്രിയുള്ളത് വലിയ ഗുണം ചെയ്യും, പ്രത്യേകിച്ച് തമിഴ്നാട്ടില്‍. അതുകൊണ്ടുതന്നെയാണ് അവിടം ഞാനെന്റെ തട്ടകമാക്കിയത്. എംഎ എന്ന ബോര്‍ഡ് വെക്കാന്‍ എംഎ ചെയ്യേണ്ട കാര്യമില്ലെന്ന് എന്നെ ഉപദേശിച്ചത് ശീര്‍കാഴിയില്‍ നിന്നും ക്ലാസ്സിലേക്ക് വന്നിരുന്ന അനന്തരാജാണ്.”ആരാണ് ഡിഗ്രി പരിശോധിക്കാന്‍ പോകുന്നത്?”, അനന്തരാജ് ചോദിച്ചു.
മാര്‍ക്കറ്റിലെ കല്യാണച്ചെക്കന്മാര് ഡിഗ്രിയോടൊപ്പം എംബിഎ എന്നു വെക്കുന്നതുപോലെതന്നെയാണ് ഇതും. ഏതെങ്കിലും പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് കാണട്ടെ എന്നു ചോദിക്കാന്‍ ധൈര്യപ്പെടുമോ? ഒന്നാം വര്‍ഷ എംഎ പരീക്ഷയെഴുതാതെ തന്നെ അനന്തരാജ് എംഎ എന്ന വാലുവെച്ച് പ്രാക്ടീസ് തുടങ്ങിയപ്പോള്‍ അതൊരു പ്രചോദനമായി. ആ ബലത്തിലാണ് ഞാനും ആ സാഹസത്തിന് മുതിര്‍ന്നത്. അതിന് ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോവൈപുതൂര്‍ എന്ന കുഞ്ഞുഗ്രാമം തെരഞ്ഞെടുത്തു.
പ്രാക്ടീസ് പെട്ടെന്നാണ് പച്ച പിടിച്ചത്. ആറു മാസം പിന്നിടുമ്പോഴേക്കും ഞാനൊരു കാറ് വാങ്ങി. ഒരു വര്‍ഷമാവുമ്പോഴേക്കും ഭൂമിക്ക് അഡ്വാന്‍സ് കൊടുത്തു. ഇതൊക്കെ മണത്തറിഞ്ഞ ജ്വല്ലറിക്കാര് രത്നക്കല്ല് നിര്‍ദ്ദേശിച്ചാല്‍ നല്ല കമ്മീഷന് തരാം എന്ന വാഗ്ദാനവുമായി എന്നെ സമീപിച്ചു. ജനങ്ങള്‍ക്ക് ആവശ്യമുണ്ടോ ഇല്ലയോ ഞാന്‍ കല്ലുകള്‍ ശുപാര്‍ശ ചെയ്യാന്‍ തുടങ്ങി. മുറയ്ക്ക് കമ്മീഷനും കിട്ടിത്തുടങ്ങി. എന്നാല്‍ അതൊന്നും ഒറിജിനല്‍ കല്ലുകളല്ലെന്നും ശ്രീലങ്കയില്‍ നിന്നും കൊണ്ടുവരുന്ന ഡൂപ്ലിക്കേറ്റ് കല്ലുകളാണെന്നും എനിക്കറിയില്ലായിരുന്നു.
ഇതിനിടക്ക് പഴനിച്ചാമി എന്നൊരു ജാതകനെ പരിചയപ്പെട്ടത് എന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. അയാള്‍ പേരു കേട്ട ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍. മുടങ്ങിക്കിടക്കുന്ന കോടികളുടെ പ്രോജക്ട് ശരിയാവുമോ എന്നറിയാനാണ് അയാളെന്നെ സമീപിച്ചത്. ഒന്നും മനസ്സില്‍ കാണാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളെല്ലാം അതേപടി ഫലിച്ചു. എന്റെ സമയഗുണം! അതോടെ അയാള്‍ക്കെന്നെ വിശ്വാസമായി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ എന്നേയും പങ്കാളിയാക്കാന്‍ അയാള്‍ മുന്നിട്ടിറങ്ങി. ഒരു ദൈവജ്ഞന് കൂടെയുള്ളത് ഒരു ബലമാണെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു.
പ്രായശ്ചിത്ത പരിഹാരങ്ങളിലൂടെയും രത്നക്കല്ല് നിര്‍ദ്ദേശങ്ങളിലൂടെയും വരുന്ന അമിത പണത്തില്‍ ഒരു പങ്ക് ഞാന്‍ ഭൂമിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ ഇതൊരു വന്‍വ്യവസായമായി തഴച്ചുവളരുന്ന കാലമായിരുന്നു. തരിശായിക്കിടക്കുന്ന ഏക്കറു കണക്കിന് മൊട്ടപ്പറമ്പുകള്‍ തുച്ഛവിലയ്ക്ക് വാങ്ങി അതിര്‍ത്തിയിട്ട് പ്ലോട്ടുകളായി തിരിക്കുമ്പോഴേക്കും വാങ്ങിയതിന്റെ മൂന്നിരട്ടി ഈടാക്കാന്‍ പറ്റുന്ന വ്യവസായം. ബില്‍ഡര്‍ തന്നെ ഒരു മാതൃകാ വീടും നിര്‍മിച്ചാല്‍ വില നാലിരട്ടിയാകും. അങ്ങനെ ഉള്ളുതള്ളിയുള്ള സ്ഥലങ്ങളില്‍ ഭൂമി വാങ്ങി റെഡിഡന്‍ഷ്യല്‍ കോളനികളായി വികസിപ്പിക്കുന്നതിലൂടെ സങ്കല്പ്പിക്കാന് പോലും കഴിയാത്തത്ര വലിയ തുക വന്നു ചേരാന്‍ തുടങ്ങി. ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥ!
പണം വരുമ്പോള്‍ കൂടെപ്പോരുന്ന രണ്ടു പഴക്കങ്ങള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. ആ രണ്ടു പഴക്കങ്ങള്ക്ക് ഞാനും കീഴ്പ്പെട്ടു. ഒരു ജ്യോത്സ്യനായതുകൊണ്ട് ഇതു രണ്ടും എനിക്ക് പരസ്യമായി വയ്യായിരുന്നു. അതിനാല്‍ പഴനിച്ചാമി തന്നെയാണ് രണ്ടിനും വഴിയൊരുക്കിയത്. മനസ്സ് കൈവിട്ടുപോയ ഏതോ നിമിഷത്തില്‍ പൂര്‍ത്തിയാക്കാത്ത എന്റെ എംഎയെക്കുറിച്ചും ആവശ്യമില്ലാഞ്ഞിട്ടും നിര്‍ദ്ദേശിക്കുന്ന പ്രായശ്ചിത്ത പരിഹാരങ്ങളെക്കുറിച്ചും ജ്വല്ലറികളുമായുള്ള ടയ്യപ്പുകളെക്കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ടാവണം. എനിക്ക് ഓര്‍മയില്ല. സത്യമായും ഓര്‍മയില്ല.
തൊണ്ടാമുത്തൂര്‍ എന്ന ഗ്രാമത്തിലെ ഭൂമിയിടപാടില്‍ ഞാനും പഴനിച്ചാമിയും ഒന്നു പിണങ്ങി. ചെറിയൊരു തെറ്റിദ്ധാരണ, അഭിപ്രായ ഭിന്നത… അതു വളര്‍ന്നു. കണ്ടാല്‍ മുഖംതിരിക്കുന്ന അവസ്ഥയിലേക്ക് അത് തിടം വെച്ചു. ഈ സാഹചര്യത്തിലാണ് ഗുണ എന്ന പേരുള്ള ഒരാള്‍ വശം ഞാന്‍ പറഞ്ഞ ചില സ്വകാര്യങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ട വോയ്സ് ക്ലിപ്പ് അയാള്‍ കൊടുത്തു വിടുന്നത്. നാവുഴറുന്ന എന്റെ ശബ്ദം വഴുവഴുങ്ങനെ കേട്ടതും ഞാന്‍ അടിമുടി വിയര്‍ക്കാനും വിറക്കാനും തുടങ്ങി. എന്റെ മാനം പോകാതിരിക്കണമെങ്കില്‍ അയാള്‍ പറയുന്ന മുഴുവന്‍ വ്യവസ്ഥകളും ഞാനംഗീകരിക്കണമായിരുന്നു. അതംഗീകരിച്ചാല്‍ ലക്ഷങ്ങളായിരിക്കും എന്റെ നഷ്ടം. അംഗീകരിച്ചില്ലെങ്കിലോ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യവും. അവസാനം നഷ്ടവ്യവസ്ഥ ഞാനംഗീകരിക്കുകയായിരുന്നു.
ചെറിയ പ്രശ്നങ്ങളുമായി സമീപിക്കുന്നവരെ ഭയപ്പെടുത്തി വലിയ പ്രശ്നങ്ങളിലേക്ക് ചാടിച്ച് പ്രായശ്ചിത്തങ്ങള്‍ ചെയ്യിച്ച് തെറ്റായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചതിനുള്ള കര്മഫലമായിരിക്കുമോ ഈ നഷ്ടം?
പഴയ ആളുകളാണെങ്കില്‍ അങ്ങനെ വിശ്വസിക്കും…പറയും…
പുതിയ കാലത്ത് ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ലക്ഷ്യത്തിന്റെ പരമത്തിലേക്കുള്ള യാത്രയില്‍ പറ്റിയ ചെറിയൊരു കാലിടറല്… കരുത്തിലേക്ക് കുതിക്കുന്നതിന് മുന്‍പുള്ള വലിയ പാഠം.
ഇനിയെന്തെല്ലാം കാണാനിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: