ഇരുപത് നഖങ്ങള്‍ ഒരാനയുടെ ശുഭലക്ഷണങ്ങളില്‍ ശ്രേഷ്ഠവും അത്യുത്തമവുമാണ്. 18 നഖങ്ങള്‍ സര്‍വ്വ സാധാരണമാണെങ്കിലും ഇരുപത് നഖങ്ങളുള്ള ആനകളെ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂ. അതിനനുസരിച്ച് അഴകും ആരോഗ്യവുമുണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ. അങ്ങനെയൊരാനയായിരുന്നു തൃശൂര്‍ തിരുവമ്പാടി ഗോവിന്ദന്‍കുട്ടി. തിരുവമ്പാടി ആനത്തറവാട്ടിലെക്ക് ആദ്യമായി കാലെടുത്തു കുത്തിയ ഗോവിന്ദന്‍കുട്ടി പിന്നീട് തൃശൂരിന്റെ രാജപാതയില്‍ ഇടച്ചങ്ങല കിലുക്കി പൂരങ്ങളുടെ പുരുഷാരവത്തിലേക്കു നടന്നുനീങ്ങി.
സ്വന്തമായി ഒരാനയില്ലെന്നുള്ളത് തിരുവമ്പാടി തട്ടക നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ കുറവുതന്നെയായിരുന്നു എന്നു ചിന്തിച്ചിരുന്ന കാലം. ഒടുവില്‍ ഒരാനയെ വാങ്ങിക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. നല്ല ഒരാനയെ വാങ്ങുവാനായി പലരും പലവഴിക്കും അന്വേഷണം തുടങ്ങി. ഒടുവില്‍ അവര്‍ ചെന്നെത്തിയത് കോഴിക്കോട് സി.സി. ബ്രദേഴ്സ് എന്ന തടി മില്ലില്‍ തടി പിടിക്കാന്‍ വിസമ്മതം കാണിച്ചു നിന്നിരുന്ന ഒരു കൊമ്പന്റെ അടുത്താണ്. തടി പിടിക്കാന്‍ കൂട്ടാക്കാത്ത കൊമ്പനെ അവര്‍ വില്ക്കാന് തീരുമാനിക്കുകയായിരുന്നു. ഈ അവസരത്തിലാണ് 22222 രൂപയ്ക്ക് തിരുവമ്പാടിക്കാര്‍ അവനെ സ്വന്തമാക്കിയത്. ഏകദേശം മുപ്പതിനോടടുത്ത് പ്രായം വരുന്ന കൊമ്പന് കളിച്ചുവളര്‍ന്നത് മൈസൂര്‍ കാടുകളിലായിരുന്നു.
1966-ല്‍ ആഞ്ഞം മാധവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തിരുമ്പാടിയില്‍ നടയിരുത്തിയ ഗോവിന്ദന്‍കുട്ടിയെ വാങ്ങുവാനായി അന്ന് പറക്കോട്ട് ഭാസ്കര മേനോന് 10000 രൂപയും, പുല്ലാട്ട് രാമകൃഷ്ണമേനോന്‍ 5000 രൂപയും സംഭാവന ചെയ്തു. ബാക്കി തട്ടക നിവാസികള്‍ 101 രൂപ വീതം എടുത്താണ് മുഴുവന്‍ തുകയും സമാഹരിച്ചത്തിരുവമ്പാടിയിലെത്തുമ്പോള്‍ ഗോവിന്ദന്‍കുട്ടി മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സ്നേഹവും പരിചരണവും വേണ്ടുവോളം വാരിക്കോരി ചൊരിയാന്‍ തുടങ്ങിയപ്പോള്‍ അവന് ഒത്ത, ആരുകണ്ടാലും കുറെ നേരം നിന്നുപോകുന്ന ആനക്കമ്പക്കാരുടെ അരുമയായി മാറി.
ഗോവിന്ദന്‍കുട്ടി വന്നുകയറിയതിനുശേഷം തിരുവമ്പാടി ക്ഷേത്രത്തിന്റെ പേരും പ്രശസ്തിയും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതാണ് കണ്ടത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നുകാണുന്ന സകല ഐശ്വര്യത്തിന്റെയും കാരണം ഗോവിന്ദന്‍കുട്ടിയാണെന്ന് തട്ടക നിവാസികള്‍ വിശ്വസിക്കുന്നു. ഗോവിന്ദന്‍കുട്ടിക്കുശേഷം കേശവന്, രാജശേഖരന്, രാമഭദ്രന്, ചന്ദ്രശേഖരന്, ശിവസുന്ദര്‍, ചെറിയ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണന്, ലക്ഷ്മിക്കുട്ടി തുടങ്ങി വന്‍ ഗജനിരകളാല്‍ സമ്പന്നമായി തിരുവമ്പാടിയുടെ ആനത്തറവാട്.
ആദ്യ ദര്‍ശനത്തില്‍ തന്നെ ആര്‍ക്കും അനുരാഗം തോന്നുന്ന സൗന്ദര്യ വിശേഷണങ്ങളുള്ള ഗോവിന്ദന്‍കുട്ടിയുടെ കനമുള്ള വീണക്കൊമ്പുകളും വിരിഞ്ഞ മസ്തകവും ഏഴില്‍ ചാലിച്ച കറുപ്പിന്റെ മാസ്മരികതയും കവിതയില്‍ കുളിച്ചുനില്ക്കുന്ന ഒരു കൊമ്പനായി ആരാധകരുടെ മനം കവര്‍ന്നു. കേരളത്തിലെ ആന പാപ്പാന്‍മാരിന്‍ കേമനായിരുന്ന കുറ്റിക്കോട്ടു നാരായണനായിരുന്നു ഗോവിന്ദന്‍കുട്ടിയോടൊപ്പം ഏറെക്കാലം ഉണ്ടായിരുന്നത്. കുറ്റിക്കോടനെ അനുഗമിക്കുന്ന ഗോവിന്ദന്‍കുട്ടി ആനക്കമ്പക്കാരുടെ മനസ്സില്‍ മായാതെ നില്ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ്.
1979ല്‍ തൃശൂര്‍ പൂരത്തിന് പ്രശസ്തമായ തിരുവമ്പാടിയുടെ മഠത്തില്‍വരവിന് തിടമ്പേറ്റാനുള്ള അവസരം ഗോവിന്ദന്കുട്ടിക്കു കൈവന്നത് ഗോവിന്ദന്‍കുട്ടിയുടെ ഗജ ജീവിതത്തിലെ സുവര്‍ണ അധ്യായമാണ്. 1974 മുതല്‍ ബാലമുകുന്ദ ട്രസ്റ്റ് ചന്ദ്രശേഖരനെ വാങ്ങിയതു മുതല്‍ സ്ഥിരമായി മഠത്തില്‍വരവിന് തിടമ്പേറ്റുക ചന്ദ്രശേഖരനായിരുന്നു. കൂട്ടത്തില്‍ തട്ടകത്തെ മറ്റൊരു വലിയ ക്ഷേത്രമായ ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആനകളും കൂടെയുണ്ടാകും1978ലാണ് ശങ്കരന്‍കുളങ്ങര ക്ഷേത്രത്തില്‍ ബീഹാറുകാരന് ഉയര കേമന്‍ ഗംഗാധരനെത്തുന്നത്. ഉയരം കൊണ്ടു വലിയവനായ ഗംഗാധരനെ അക്കൊല്ലം മഠത്തില്‍വരവിന് എഴുന്നള്ളിക്കണമെന്ന് ശങ്കരംകുളങ്ങര ദേവസ്വക്കാര്‍ വാശിപിടിച്ചു. എന്നാല്‍ ഉയരത്തിലല്ല; ഭംഗിയിലാണ് കാര്യമെന്ന് തിരുമാനത്തിലുറച്ചു നിന്നു തിരുവമ്പാടിക്കാര്‍.
ഒടുവില്‍ ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം ഗോവിന്ദന്‍കുട്ടിയെ തിടമ്പേറ്റാന്‍ തിരുവമ്പാടിക്കാര്‍ തീരുമാനിച്ചു. ആ വര്‍ഷം വലത്തെ കൂട്ട് ചന്ദ്രശേരനും ഇടത്തെ കൂട്ട് പുല്ലാട്ടു കേശവനുമായിരുന്നു. ഇതിനുശേഷം കുറെ വര്‍ഷം ശങ്കരംകുളങ്ങര ആനകള്‍ തിരുവമ്പാടിയില്‍ നിന്നു പൂരത്തിന് വിട്ടു നിന്നു. പുല്ലാട്ട് കേശവന് പിന്നീട് തിരുവമ്പാടി കേശവനായി മാറുകയുണ്ടായി. ഈയൊരു സംഭവത്തിനുശേഷം 1982 എപ്രില്‍ 28ന് ബാലമുകുന്ദ ട്രസ്റ്റ് ചന്ദ്രശേഖരനെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി. അതിനുശേഷമാണ് തിരുവമ്പാടി ചന്ദശേഖരന് എന്നറിയപ്പെട്ടു തുടങ്ങിയത്.
എണ്‍പതുകളുടെ അവസാന കാലമായപ്പേഴേക്കും ഗോവിന്ദന്‍കുട്ടിക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഒരിക്കല്‍ വടക്കാഞ്ചേരിക്കടുത്ത് ആറ്റൂരില്‍ ഇടഞ്ഞോടിയ ആനയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. കല്ലേറു കൊണ്ട് ആനയ്ക്ക് ഒരുപാട് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടായി. അതിനുശേഷം ആന അധികം നാള് ജീവിച്ചിരുന്നില്ല. 1987 മാര്‍ച്ച് 30 ന് കാലത്ത് വിയ്യൂരിലുള്ള ദേവസ്വം ആനപ്പറമ്പില്‍ ഗോവിന്ദന്‍കുട്ടി ഗജലോകത്തു നിന്നു മോക്ഷം നേടി ഈശ്വര സന്നിധിയില്‍ ലയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: