തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എറണാകുളം നഗരത്തിലെ ഹോട്ടലില്‍ കാത്തിരിക്കുന്നു. വൈകിട്ട് നാലരയ്‌ക്ക് കാണാമെന്ന് പറഞ്ഞതാണ്. പക്ഷേ സ്‌കൂള്‍ വാര്‍ഷിക പരിപാടി സമാപിച്ചപ്പോള്‍ തന്നെ അഞ്ച് കഴിഞ്ഞു. ഉടന്‍ യാത്ര പുറപ്പെടുകയും ചെയ്തു. കഴിയാവുന്നത്ര വേഗമെടുത്തിട്ടും കാര്‍ ഓടിയെത്തുമ്പോള്‍ ഏഴര മണി. സമയം വൈകിയെങ്കില്‍ കൂടിക്കാഴ്ച മറ്റൊരിക്കലാവാം എന്നു യാത്രക്കിടെ പലയാവര്‍ത്തി പറഞ്ഞതാണ്. ”ഇല്ല, സാറു വന്നോളൂ, ഞാന്‍ കാത്തിരിക്കാം.” മിനിട്ടുകള്‍ക്കുപോലും ലക്ഷങ്ങള്‍ വിലയുള്ള, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ നടന്‍ ഏതെങ്കിലും വന്‍ സിനിമാ നിര്‍മാതാവിനോ, സിനിമാരംഗം അടക്കി വാഴുന്ന മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ആയിരുന്നില്ല, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ എന്ന മനുഷ്യനുവേണ്ടിയാണ് ഇങ്ങനെ കാത്തിരുന്നത്. ആര്‍എസ്എസിനകത്തും പുറത്തും ‘മേനോന്‍ സാര്‍’ എന്നറിയപ്പെടുന്ന ഈ സ്‌നേഹ സമ്പന്നന് സമൂഹത്തിലുള്ള സ്വീകാര്യതയ്‌ക്ക് തെളിവാണിത്.
മോഹന്‍ലാലും മേനോന്‍ സാറുമായുള്ള കൂടിക്കാഴ്ചയുടെ ചര്‍ച്ചാ വിഷയം സംഘടനാപരമോ രാഷ്‌ട്രീയമോ ഒന്നുമായിരുന്നില്ല. മോഹന്‍ലാലിന്റെ അച്ഛന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ എങ്ങനെ വേണം, എന്തായിരിക്കണം ലക്ഷ്യങ്ങള്‍ ഇവയെക്കുറിച്ചറിയാനാണ്. ഇത് മോഹന്‍ലാലിന്റെ മാത്രം അടുപ്പവും ഇഷ്ടവുമല്ല. വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥമായി ചിലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പലരും ആശയ വ്യക്തതയ്‌ക്കും, ആത്മവിശ്വാസമാര്‍ജിക്കാനും തേടിയെത്തുന്ന ഊര്‍ജസ്രോതസ്സാണ് ഈ എണ്‍പത്തിയൊന്നുകാരന്‍. 1939 ഫെബ്രുവരി 18, കൊല്ലവര്‍ഷം 1144 കുംഭമാസത്തിലെ അവിട്ടം നക്ഷത്രത്തില്‍ കാലടി തലായാറ്റുമ്പിള്ളി മനയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും, മാണിക്യമംഗലം പറയത്ത് വീട്ടില്‍ കമലാക്ഷി കുഞ്ഞമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമത്തെയാളായി ജനിച്ച പറയത്ത് ഇരവി ബാലകൃഷ്ണ മേനോന്‍ എന്ന പി.ഇ.ബി. മേനോന്‍ ഒരു നന്മമരമാണ്.
മാധവ്ജിയെ കാണുന്നു
മേനോന്‍ സാര്‍ ആര്‍എസ്എസിലെത്തിയത് ഒരു നിയോഗം പോലെയാണ്. ആര്‍എസ്എസ് പ്രചാരകനും അതുല്യ സംഘാടകനും, കേരളീയ നവോത്ഥാനത്തിന്റെ ആത്മീയ തലത്തെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പകുതിയില്‍ മുന്നോട്ടു നയിക്കുകയും ചെയ്ത പി. മാധവ്ജിലൂടെയാണ് അത് സംഭവിച്ചത്. 1973 ലായിരുന്നു ഈ സമാഗമം. ”ആലുവ വിദ്യാധിരാജ സ്‌കൂളിന്റെ ഉടമസ്ഥതയുള്ള ഗീതാഭവന്‍ ട്രസ്റ്റ് സംഘടിപ്പിച്ച പ്രഭാഷണത്തിനെത്തിയതായിരുന്നു മാധവ്ജി. പ്രഭാഷണം എന്നെ ആകര്‍ഷിച്ചു. അത് വ്യക്തിപരമായ അടുപ്പമായി വളര്‍ന്നു. പിന്നെ ഇടക്കിടെ മാധവ്ജി വീട്ടില്‍ വരും. ഈ ബന്ധം എന്നെ കേരള ക്ഷേത്രസംരക്ഷണ സമിതിയിലെത്തിച്ചു. സമിതിയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ അധ്യക്ഷനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ജോ.സെക്രട്ടറിയും പിന്നീട് ഉപാധ്യക്ഷനുമായി. സംഘത്തിന്റെ ചുമതലയില്‍ എത്തുന്നതുവരെ ഈ സ്ഥാനത്ത് തുടര്‍ന്നു.”
മാണിക്യമംഗലത്തെ എന്‍എസ്എസ് ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കിയ മേനോന്‍ സാര്‍, കാലടി ശ്രീശങ്കര കോളജില്‍ ബികോമിന് ചേര്‍ന്നു. ‘ഒരുവിധം തട്ടീം മുട്ടീം പാസ്സായി’ എന്നാണ് സാറിന്റെ സ്വന്തം ഭാഷ്യം. 1961ല്‍ സിഎ പഠനത്തിനായി ചെന്നൈയിലേക്കു പോയി. അഞ്ച് വര്‍ഷത്തിനുശേഷം അത് പാസ്സായി നാട്ടില്‍ തിരിച്ചെത്തി. 1968 മുതല്‍ ആലുവയില്‍ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. അധികം വൈകാതെ ബാലന്‍ ആന്‍ഡ് കമ്പനി സ്ഥാപിച്ചു. വിശ്വാസ്യതയും കാര്യക്ഷമതയും കൈമുതലാക്കിയപ്പോള്‍ അനുദിനമെന്നോണം പുരോഗതിയിലേക്ക് നീങ്ങി.
ആഗമാനന്ദ സ്പര്‍ശം
മാധവ്ജിയുമായുള്ള ബന്ധം സംഘടനാതലത്തില്‍ ഒതുങ്ങി നിന്നില്ല. അത് ആത്മീയതലത്തിലേക്ക് വളര്‍ന്നു. താന്ത്രികാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാധവ്ജിയിലേക്ക് മേനോന്‍ സാര്‍ ആകര്‍ഷിക്കപ്പെട്ടു. ഈ ബന്ധം ചെന്നെത്തിയത് രാമേശ്വരത്തെ സരോജാബായ് ജോഷി എന്ന ഗുരുവില്‍നി ശ്രീവിദ്യോപാസനയില്‍ മന്ത്രദീക്ഷ സ്വീകരിക്കുന്നതിലാണ്. മന്ത്രദീക്ഷയെടുക്കുന്നയാള്‍ അതിനു മുന്‍പ് ഒരു വര്‍ഷം നീളുന്ന താന്ത്രികാചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഇതിനിടെ ഗുരു നീലകണ്ഠ ജോഷി സമാധിയായി. പിന്നീട് ഹിമാലയത്തിലെ മഹാഗുരുക്കന്മാരില്‍നിന്ന് ഉപദേശം സ്വീകരിച്ച് വിധിപ്രകാരം ഗുരുപത്‌നി മേനോന്‍ സാറിന് മന്ത്രദീക്ഷ നല്‍കുകയായിരുന്നു. മാധവ്ജിയാണ് ഇക്കാര്യത്തിലും മാര്‍ഗദര്‍ശി. സാധാരണന്മാര്‍ക്ക് അപ്രാപ്യമായ, അനുവാദമില്ലാത്ത താന്ത്രിക മോക്ഷ മാര്‍ഗമാണ് ശ്രീവിദ്യോപാസന. ജാതിഭേദങ്ങള്‍ക്ക് അതീതമായി സവിശേഷ സംസ്‌കാര ഗുണമുള്ളവര്‍ക്ക് വിധിച്ചിട്ടുള്ള ഉയര്‍ന്ന മോക്ഷമാര്‍ഗമാണിത്. ഇക്കാര്യത്തില്‍ ഒരു ജന്മസുകൃതം മേനോന്‍ സാറിനെ നയിക്കുന്നുണ്ടാവാം.
മേനോന്‍ സാറില്‍ അന്തര്‍ലീനമായിരുന്ന ആത്മീയ ആഭിമുഖ്യം മാധവ്ജി കണ്ടെത്തുകയായിരുന്നു. മനസ്സില്‍ ഇതിന്റെ വിത്തുപാകിയത് സാക്ഷാല്‍ ആഗമാനന്ദ സ്വാമികളാണ്. കേരള വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ മാണിക്യമംഗലത്തെ പറയത്തു വീട്ടില്‍ ഇടക്കിടെ എത്തും. തറവാട്ടുകാരണവര്‍ ഗോവിന്ദന്‍ മേനോന്‍ സ്വാമികളുടെ അനുയായി ആയിരുന്നു. താനുള്‍പ്പെടെയുള്ള കുട്ടികള്‍ സ്വാമികളുടെ ഗീതാ ക്ലാസ്സില്‍ പങ്കെടുക്കണമെന്നത് വല്യമ്മാവന്റെ കര്‍ശന നിര്‍ദ്ദേശമായിരുന്നുവെന്ന് മേനോന്‍ സാര്‍ ഓര്‍ക്കുന്നു. ഹിന്ദുധര്‍മ സ്‌നേഹിയും മഹാമനസ്‌കനുമായ ഗോവിന്ദന്‍ മേനോനാണ് കാലടിയില്‍ പെരിയാറിന്റെ തീരത്ത് ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം സ്ഥാപിക്കാന്‍ 1936 ല്‍ ഒന്നരയേക്കര്‍ സ്ഥലം സ്വാമികള്‍ക്ക് ദാനം ചെയ്തത്. അടുപ്പക്കാര്‍ കുട്ടന്‍ മേനോന്‍ എന്നു വിളിക്കുമായിരുന്ന ഈ മനുഷ്യന്‍ പറവൂരില്‍ ചെന്നു കേട്ട പ്രസംഗത്തില്‍ ആവേശഭരിതനായി ആഗമാനന്ദനെ കാലടിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെയൊരു അമ്മാവന്റെ മരുമകന്‍ പില്‍ക്കാലത്ത് ആത്മീയതയിലും സാമൂഹ്യ സേവനങ്ങളിലും വ്യാപൃതനായത് സ്വാഭാവികം. മേനോന്‍ സാര്‍ ശ്രീശങ്കര കോളജില്‍ പഠിക്കുന്ന കാലത്താണ് സ്വാമികള്‍ സമാധിയാവുന്നത്.
ക്ഷേത്ര സംരക്ഷണ സമിതിയില്‍നിന്ന് ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ട മേനോന്‍ സാര്‍ സംഘത്തിന്റെ ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് പ്രാന്ത സംഘചാലക് പദവിയിലെത്തിയത്. സാധാരണ സ്വയംസേവകനായി വന്ന് പടിപടിയായി, ഉയര്‍ന്ന ചുമതലകള്‍ ഏറ്റെടുത്ത് സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നവര്‍. ജനങ്ങള്‍ക്കിടയില്‍ അംഗീകാരവും ആദരവുമുണ്ടായിരിക്കേ സംഘടനയിലെത്തി സാധാരണ സ്വയംസേവകനായി മാറുന്നവര്‍. ആര്‍എസ്എസില്‍ രണ്ടാമത്തെ വിഭാഗത്തിലാണ് മേനോന്‍ സാര്‍. സംഘടനയുടെ പരിശീലനങ്ങളെല്ലാം പൂര്‍ത്തിയാക്കി. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രചാരകനായും പ്രവര്‍ത്തിച്ചു. ഇങ്ങനെയൊരു രൂപാന്തരപ്രാപ്തി കൈവരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് മേനോന്‍ സാര്‍ കരുതുന്നത്. ”ഗുരുകൃപയുള്ളവര്‍ക്കേ ജീവിതത്തില്‍ വിജയിക്കാനാവൂ. എനിക്ക് ഒരേസമയം മൂന്ന് ഗുരുക്കന്മാരുണ്ട്. സാമൂഹ്യതലത്തില്‍ സംഘമാണ് എന്റെ ഗുരു. ആത്മീയതലത്തില്‍ മന്ത്രദീക്ഷ നല്‍കിയ സാവിത്രി ബായ് ജോഷി ഔദ്യോഗികതലത്തില്‍ എന്നെ പഠിപ്പിച്ച, ഇപ്പോഴും ജീവിച്ചിരിക്കുന്ന ആലുവ സ്വദേശി മഹാരാജ് പിള്ള സാര്‍ എന്ന ഗുരുനാഥന്‍.” ഈ വാക്കുകളിലുമുണ്ട് ഗുരുകൃപ വേണ്ടുവോളം അനുഭവിച്ചതിന്റെ അനുരണനങ്ങള്‍.
സാമ്പത്തിക ജാഗ്രത
സാമ്പത്തിക ശാക്തീകരണത്തിനുള്ള മാതൃക മേനോന്‍ സാറിന്റെ മറ്റൊരു സവിശേഷതയാണ്. കോതമംഗലത്തിനടുത്ത് തൃക്കാരിയൂരില്‍ ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കെപിബി നിധി എന്ന കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായപ്പോള്‍ നേതൃത്വം മേനോന്‍ സാറിന്റെ കൈകളിലെത്തി. ഇതൊരു വലിയ തുടക്കമാണെന്ന് ആര്‍ക്കും തോന്നിയില്ല. പക്ഷേ പിന്നീട് കണ്ടത് കെപിബിയുടെ പടിപടിയായുള്ള ഉയര്‍ച്ചയും വികാസവുമാണ്. കെപിബി ചിറ്റ്‌സ്, കെപിബി ഹോള്‍ഡിങ്, കെപിബി ഫിന്‍കെയര്‍ എന്നിങ്ങനെ അനുബന്ധ സ്ഥാപനങ്ങള്‍ ഉടലെടുത്തു. കെപിബി ഡിജിറ്റല്‍ സര്‍വീസസ് പ്രാരംഭ ഘട്ടത്തിലാണ്. മേനോന്‍ സാറിന് 81 തികയുമ്പോള്‍ കെപിബിക്ക് 81 ശാഖകളായി എന്നതില്‍ ഒരു ആത്മമുദ്രയുണ്ട്.
സാമ്പത്തിക രംഗത്തെ ശ്രദ്ധയും വൈദഗ്‌ദ്ധ്യവുമാണ് മേനോന്‍ സാറിനെ മറ്റു പലരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ഒരു പ്രൊഫഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കവിഞ്ഞുനില്‍ക്കുന്ന സാമൂഹ്യ വീക്ഷണം ഇതിനു പിന്നിലുണ്ട്. സര്‍വസംഗ പരിത്യാഗം എന്ന ഉന്നതമായ ആദര്‍ശം ഐഹിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമാണ്. മോക്ഷമല്ല, ദുഃഖതപ്തരായ ജനങ്ങളുടെ കണ്ണീരൊപ്പാനാണ് ആഗ്രഹിക്കുന്നത് എന്ന രന്തിദേവന്റെ വാക്കുകളാണ് ഇവിടെ ആദര്‍ശം. ധന സമ്പാദനം ഉള്‍പ്പെടെയുള്ള ഭൗതിക സമൃദ്ധിയോട് മുഖംതിരിഞ്ഞു നില്‍ക്കുന്നത് ഭാരതീയ സമീപനമല്ല. സമ്പത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്നതില്‍ വിവേകം കുടികൊള്ളണം. അത് ധാര്‍മികമായിരിക്കണം. പാത്രം അറിഞ്ഞ് ദാനം ചെയ്യുക എന്നത് പറയാന്‍ എളുപ്പമുള്ള ചൊല്ലാണെങ്കിലും പ്രയോഗത്തില്‍ വരുത്തുക ശ്രമകരമാണ്. നമുക്കിടയില്‍ നന്മമരമായി വളര്‍ന്നുനില്‍ക്കുന്ന മേനോന്‍ സാറിന്റെ മാര്‍ഗദര്‍ശനത്തില്‍ കെപിബിയും അനുബന്ധ സ്ഥാപനങ്ങളും ശ്രമിക്കുന്നത് ഇതിനാണ്.
സംഘടനാ പുരുഷന്‍
പതിനെട്ട് വര്‍ഷമായി പ്രാന്ത സംഘചാലക് പദവിയില്‍ തുടരുന്ന മേനോന്‍ സാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഘടനാ പുരുഷനാണ്. ആര്‍എസ്എസിന് പുറത്തേക്കും ശാഖോപശാഖകള്‍ വീശി നില്‍ക്കുന്ന ഈ വടവൃക്ഷത്തിന്റെ തണലനുഭവിക്കുന്ന സംഘടനകള്‍ നിരവധിയാണ്. കേരളത്തില്‍ സേവനരംഗത്തെ സംഘപരിവാറിന്റെ ആദ്യ കാല്‍വയ്‌പ്പായ ആലുവ ഗ്രാമ സേവാസമിതിയുടെ സ്ഥാപകാധ്യക്ഷന്‍, സ്വര്‍ഗീയ മാധവ്ജിയുടെ സ്വപ്‌നസാക്ഷാത്കാരമായ വെളിയത്തുനാട് തന്ത്രവിദ്യാ പീഠത്തിന്റെ രക്ഷാധികാരി, പ്രളയ ദുരിതകാലത്ത് കേരളത്തില്‍ അദ്ഭുതങ്ങള്‍ കാഴ്ചവച്ച രാജ്യത്തെ ഏറ്റവും വലിയ സേവന സംഘടനയായ ദേശീയ സേവാഭാരതിയുടെ ഉപാധ്യക്ഷന്‍, സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് ദേശീയ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ത്ഥിക് ടോളിയുടെ ദേശീയ സമിതിയംഗം, ആതുര സേവന രംഗത്ത് മെഡിക്കല്‍ കോളജും ആശുത്രികളും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേശവ പ്രഭ ഹെല്‍ത്ത് ട്രസ്റ്റിന്റെ മാര്‍ഗദര്‍ശി, മോഹന്‍ലാലിന്റെ അച്ഛന്റെ സ്മരണയ്‌ക്കുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സ്ഥാപക അധ്യക്ഷന്‍. മേനോന്‍ സാറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ നേതൃവിശേഷത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന സംഘടനകള്‍ അനവധിയാണ്. വിദ്യാധിരാജ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂള്‍, ചൊവ്വര മാതൃച്ഛായ ബാലഭവന്‍ എന്നിങ്ങനെ ആലുവ നിവാസികളുടെ സ്വന്തം മേനോന്‍ സാറില്‍നിന്ന് പ്രേരണയും പ്രചോദനവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ വേറെയും.
സമര്‍പ്പിത ജീവിതം
മേനോന്‍ സാര്‍ വലിയ പണ്ഡിതനല്ല, പ്രഭാഷകനുമല്ല. പക്ഷേ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണ്. മൃദുഭാഷിയെങ്കിലും പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത നിറഞ്ഞുനില്‍ക്കും. വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വലിയ സംരംഭങ്ങള്‍ മടി കൂടാതെ ഏറ്റെടുക്കാനും വിജയിപ്പിക്കാനും മനസ്സുള്ളയാള്‍. മറ്റ് പലര്‍ക്കും കഴിയാത്തവയാണ് ഇവയെങ്കിലും അങ്ങനെയൊരു ഭാവമില്ല. സാറിന്റെ പങ്കാളിത്തമുണ്ടെങ്കില്‍ എന്തു പരിപാടിയും വിജയിപ്പിക്കാമെന്ന ആത്മവിശ്വാസം സഹപ്രവര്‍ത്തകര്‍ക്കുണ്ടാവും. ഇതുകൊണ്ടുതന്നെ പല പരിപാടികളും സാറിനെ ചെന്നു കണ്ട് തുടക്കം കുറിക്കുക പതിവുരീതിയാണ്. സംഘാടകര്‍ ഒരുപക്ഷേ തിരിച്ചറിയാത്ത സാധ്യതയും പ്രതിബന്ധങ്ങളും എളുപ്പം ബോധ്യപ്പെടുത്തും. സ്വന്തം പദവിയും അധികാരവുമൊന്നും നോക്കാതെ സഹപ്രവര്‍ത്തകരെ അംഗീകരിക്കുക മാത്രമല്ല, അവരോട് ആദരപൂര്‍വം പെരുമാറുകയും ചെയ്യുന്നുവെന്നത് സാറിന്റെ വിശേഷ ഗുണമാണ്. എല്ലാറ്റിനെയും കവിഞ്ഞു നില്‍ക്കുന്നതാണ് സമര്‍പ്പണ ബുദ്ധി. പണമുള്ളവര്‍ നിരവധിയുണ്ടാവും. എന്നാല്‍ അതിലൊരു പങ്ക് സമൂഹ നന്മയ്‌ക്ക് സമര്‍പ്പിക്കാന്‍ മനസ്സുള്ളവരായിരിക്കില്ല. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിപോലെ പണം സ്വരൂപിച്ചു കൂട്ടുന്നവരാണ് പലരും. ഇക്കാര്യത്തിലും മേനോന്‍ സാര്‍ വ്യത്യസ്തനാണ്. ആശ്രിതവത്സലനായ സാര്‍ അതുമൂലം വന്നുചേരുന്ന കഷ്ടനഷ്ടങ്ങള്‍ നിര്‍മമതയോടെ സ്വീകരിക്കുന്നത് അടുത്തറിയുന്നവര്‍ക്ക് അനുഭവമാണ്.
ദാമ്പത്യ ജീവിതം @ 50
വിജയിക്കുന്ന ഏത് പുരുഷനു പിന്നിലും ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറുണ്ടല്ലോ. അത് അമ്മയാവാം, സഹോദരിയാവാം. സുഹൃത്തുപോലുമാവാം. മേനോന്‍ സാറിന്റെ ജീവിതത്തില്‍ അത് സഹധര്‍മിണി വിജയലക്ഷ്മിയാണ്. 1970 ലാണ് ചേര്‍ത്തല തുറവൂര്‍ മേക്കായി മഠത്തില്‍ വിജയലക്ഷ്മി ജീവിത സഖിയായത്. ആര്‍എസ്എസില്‍ എത്തിയശേഷം സാറിന് സംഘടനാപരമായ തിരക്കുകള്‍ ഒഴിഞ്ഞ സമയമുണ്ടായിട്ടില്ല. പരിപാടികളില്‍നിന്ന് പരിപാടികളിലേക്കുള്ള നിരന്തര സഞ്ചാരം. ”ഇന്നുവരെ അരുത് എന്നു പറഞ്ഞിട്ടില്ല. മൗനം സമ്മതമായി കരുതി ഞാന്‍ മുന്നോട്ടുപോയി” എന്നാണ് സാറിന്റെ വാക്കുകള്‍. പലതുകൊണ്ടും അനുഗൃഹീതരായ ഈ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍. വിഷ്ണു പ്രസാദും വിഷ്ണുപ്രിയയും. മരുമക്കളായെത്തിയത് അനുപമയും രാജേഷും. നിരഞ്ജന, ഗായത്രി, ഗോവിന്ദ് എന്നിവരാണ് മേനോന്‍ സാറിന്റെ പേരക്കുട്ടികള്‍. മകന്‍ വിഷ്ണുപ്രസാദ് അച്ഛന്റെ പാതയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്യുന്നു.
സഹസ്ര ചന്ദ്രദര്‍ശനം
മേനോന്‍ സാറിന്റെ ജീവിത യാത്രയില്‍ ഷഷ്ടിപൂര്‍ത്തിയും സപ്തതിയുമൊക്കെ നിര്‍മമതയോടെ കടന്നുപോയി. അതൊന്നും ആഘോഷിക്കണമെന്ന് തോന്നിയില്ല. മറ്റുള്ളവരെ അതിന് അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. ‘അശീതി’ എന്ന എണ്‍പതും കടന്ന് എണ്‍പത്തിയൊന്നില്‍ എത്തിയപ്പോഴാണ് സാര്‍ സാരഥ്യം വഹിക്കുന്ന കെപിബി ഗ്രൂപ്പ് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇവരുടെ സ്‌നേഹസമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. ഈ പിറന്നാള്‍ ദാമ്പത്യജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം കൂടിയാണെന്നത് മറ്റൊരു സൗഭാഗ്യം. എറണാകുളത്തെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട പിറന്നാളാഘോഷം ശരിക്കും ഒരു സ്‌നേഹസംഗമമായി മാറി. ആശംസ നേര്‍ന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ആര്‍. ഹരിയേട്ടന്‍ പറഞ്ഞത് എണ്‍പത്തിയൊന്നു വയസ്സും എട്ട് മാസവും പിന്നിടുന്നയാള്‍ക്ക് സഹസ്ര ചന്ദ്ര ദര്‍ശനം ലഭിക്കുമെന്നാണ്. അധിമാസമനുസരിച്ച് ഓരോ നാല് വര്‍ഷം എത്തുമ്പോഴും ഒരു വെളുത്ത വാവ് അധികം വരുമെന്നതാണ് ഇതിനു കാരണം. പി.ഇ.ബി. മേനോന്‍ എന്ന പ്രകാശ പൂര്‍ണമായ വ്യക്തിത്വം എണ്‍പത്തിയൊന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നു. അവശേഷിക്കുന്ന എട്ടുമാസം അതിവേഗം ഓടിയെത്തും. അകലെയല്ല ആ ആയിരം പൂര്‍ണചന്ദ്ര ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: