തലശ്ശേരി: വയോധികയ്ക്ക് കിടത്തിച്ചികിത്സ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വാക്കേറ്റം. പാച്ചപൊയ്കയിലെ ജാനു (80) ആണ് തന്നെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണവുമായി വ്യാഴാഴ്ച രാത്രി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിയത്.
ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും നെഞ്ചിലും വയറിലും വേദനയുണ്ടെന്നും അറിയിച്ചു. എന്നാല്‍ എക്സറേ സൗകര്യമില്ലെന്നും പുറമെ നിന്ന് എക്സറേ എടുക്കണമെന്നും ഡ്യൂട്ടിഡോക്ടര്‍ അറിയിച്ചു. ഇസിജി എടുത്തെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ കിടത്തിച്ചികിത്സ അനുവദിക്കാനാവില്ലെന്ന് ഡോക്ടര്‍ ശഠിച്ചു. നടന്നു പോകാനാവില്ലെന്നും അവശതയുണ്ടെന്നും ഇവരുടെ മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്പില് വയോധിക രണ്ട് മണിക്കൂറുകളോളം കാത്തിരുന്നു.
കാര്യം അറിഞ്ഞ് കൂടിയ ചിലരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇവരില്‍ ചിലര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബിജെപി തലശ്ശേരി മണ്ഡലം മുന്‍ പ്രസിഡന്റും ജനറല്‍ ഹോസ്പിറ്റല്‍ എച്ച്എംസി മെമ്പറുമായ എം.പി. സുമേഷ്, ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബു, ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍, മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി. ആര്‍എംഒ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച ശേഷമാണ് കിടത്തിച്ചികിത്സ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: