കോട്ടയം: കേരളത്തിന് പുതിയതായി രണ്ട് ട്രെയിനുകള്‍ അനുവദിക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. മംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി രാമേശ്വരത്തിന് സ്‌പെഷ്യല്‍ ട്രെയിനുണ്ടാകും. കൂടാതെ തിരുവനന്തപുരം-രാമേശ്വരം അമൃത എക്‌സ്പ്രസാണ് പരിഗണനയിലുള്ള മറ്റൊരു ട്രെയിന്‍. പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് മധുര വരെ നീട്ടുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
സംസ്ഥാനത്തെ പാസഞ്ചറുകളെല്ലാം മെമു ആക്കി ഓടിക്കും. കൂടാതെ കേരളത്തിലോടുന്ന കൂടുതല്‍ ട്രെയിനുകളില്‍ എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സിസിടിവി സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ 2021 ഡിസംബറിലും അമ്പലപ്പുഴ-ഹരിപ്പാട് പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഈ വര്‍ഷം മേയിലും പൂര്‍ത്തിയാകുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: