ദല്‍ഹി കത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നത് സമാധാനാഹ്വാനം നല്‍കാനല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥാനം രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, ദല്‍ഹിയിലെ കലാപം ആസൂത്രിതമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആരോപിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്ദല്ഹിയില് തങ്ങവേയാണ് ആക്രമണം ആരംഭിച്ചത്. അതുകൊണ്ട് ആസൂത്രണം ചെയ്തത് ആരെന്ന കാര്യവും വമ്യക്തമാണ്. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും നാട്ടില്‍ കലാപമെന്ന് വരുത്തി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപി വിരുദ്ധശക്തികളുടെയും പദ്ധതിയാണ് ദല്‍ഹിയില്‍ കണ്ടത്. നിര്‍ണായക ദിവസംതന്നെ കലാപത്തിന് കോപ്പുകൂട്ടിയത് കോണ്‍ഗ്രസാണ്. ദല്‍ഹിയില്‍ കൊലയും കൊള്ളയും നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിഖുകാരെ കൂട്ടക്കൊല നടത്തിയതും കൊള്ളിവയ്പ് നടത്തിയതും മറക്കാറായിട്ടില്ല. 24 പേരുടെ മരണത്തിനാണ് ഇപ്പോള്‍ ദല്ഹികലാപംവഴി വച്ചത്. ഇതില്‍ രണ്ടു പോലീസുകാരും പെടുന്നു. കലാപം സംഭവിക്കുമ്പോള്‍ പുലര്‍ത്തേണ്ട മിതത്വം മാധ്യമങ്ങള്‍ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ പാലിച്ചില്ല. മലയാളത്തിലെ ചില ചാനലുകള്‍ തീയില്‍ പെട്രോളൊഴിക്കുന്ന വിധമാണ് പെരുമാറിയത്.
രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവ് കയ്യടക്കി രണ്ടുമാസമായി തുടരുന്ന സമരത്തിന്റെ തുടര്‍ച്ച കൂടിയായിരുന്നു കലാപം. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക്. 189 പേര് പരുക്കേറ്റ് ചികിത്സയിലുണ്ട്. നിരവധി കടകളും വീടുകളും തകര്‍ക്കപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ക്കുകയോ തീയിട്ട് നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍. ശ്രീവാസ്തവയെ നിയമിക്കുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല നല്‍കിയിരുന്നു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ദല്‍ഹിയുടെ പല ഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. വളരെ നിര്‍ണായക മണിക്കൂറുകളായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയും ദല്‍ഹി മുഖ്യമന്ത്രിയും കാര്യങ്ങള്‍ വിലയിരുത്തുകയും കലാപത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വിസ്മരിക്കാനാവില്ല.
അജിത് ഡോവലിന്റെ ഇടപെടലിനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനും ശേഷമാണ് ദല്‍ഹിയില്‍ സംഘര്‍ഷം ഒഴിവായത്. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അജിത് ഡോവല്‍ ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. കലാപം ഏകപക്ഷീയമെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി വിരുദ്ധരുടെ സംഘടിത ശ്രമം. ചില മേഖലകളില്‍ നിന്നു പള്ളി തകര്‍ത്തെന്നും ചാമ്പലാക്കിയെന്നുമുള്ള ആസൂത്രിതമായ പ്രചരണങ്ങളാണ് കലാപം പടരാനും മറ്റ് ഭാഗങ്ങളില്‍ ആശങ്ക പരത്താനും ഇടയാക്കിയത്. രാജ്യം കത്തിയമര്‍ന്നാലും വേണ്ടില്ല കേന്ദ്ര സര്‍ക്കാരിനെ കരി തേയ്ക്കാമെന്ന വിചാരം മാത്രമുള്ളവരാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത്. അതില്‍ കോണ്‍ഗ്രസ് മുന്‍പന്തിയിലാണെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒട്ടും പിന്നിലല്ല. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരാണെന്ന കല്ലുവച്ച നുണപ്രചാരണമാണ് സംഘര്‍ഷത്തിന് സാഹചര്യമൊരുക്കുന്നത്. സമരം നടത്തുന്നവര്‍ക്ക് മുന്നില്‍ മത തീവ്രവാദികളാണെങ്കില്‍ അവര്‍ക്ക് സര്‍വ പിന്തുണയും നല്കാന് മതേതര കക്ഷികളെന്നവകാശപ്പെടുന്നവരുണ്ട്. ഇപ്പോള്‍ ദല്‍ഹിയാണ് ലക്ഷ്യം വച്ചതെങ്കില്‍ നാളെ മറ്റ് സ്ഥലങ്ങളിലും വ്യാപിപ്പിക്കാനും അവര്‍ മടിക്കില്ല. അതിന് പിന്‍ബലം നല്കാന് മടിക്കാത്ത മാധ്യമങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ജാഗ്രത പാലിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: