ന്യൂദല്‍ഹി : ദേശീയ വിരുദ്ധത പ്രചരിപ്പിക്കുന്ന വിധത്തില്‍ സ്വകാര്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് കേന്ദ്രം. ദല്‍ഹിയിലെ കലാപാന്തരീക്ഷം കണക്കിലെടുത്ത് പ്രകോപനമായ വാര്‍ത്തകളോ ദൃശ്യങ്ങളോ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍ നല്‍കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14ലെത്തി. 28 പോലീസുകാരുള്‍പ്പെടെ 200 ഓളം പേര് പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട് 20ഓളം പേര് അറസ്റ്റിലായിട്ടുണ്ട്.
കലാപകാരികള്‍ ദല്‍ഹിയിലെ തെരുവില്‍ സുരക്ഷാ സൈന്യത്തിനു നേരെയും സാധാരണക്കാര്‍ക്കു നേരേയും വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കുന്നത്.
ഇതുകൂടാതെ സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തിലുള്ള വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും കേന്ദ്രം മാധ്യമങ്ങള്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനപരമായ വ്യാജ വാര്‍ത്തകളോ, അപകീര്‍ത്തിപ്പെടുത്തുന്നതോ, മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതോ ആയ വാര്‍ത്തകളൊന്നും നല്‍കരുത്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന് ആക്ട് 1995 പ്രകാരം ഇത്തരത്തില്‍ ഒരു വാര്‍ത്തകളും പുറത്തുവിടാന്‍ പാടില്ല. ഇത് പാലിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുന്നതാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ദല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സേനാംഗങ്ങള്‍ കുറവായിരുന്നതിനാല്‍ പോലീസിന് കഴിഞ്ഞില്ലെന്ന വിധത്തില്‍ വാര്‍ത്താ ഏജന്‍സി കഴിഞ്ഞദിവസം പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് അറിയിച്ചു. അംഗബലം കുറവായതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ അതിവേഗം നിയന്ത്രിക്കാനായില്ലെന്ന് ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് അമൂല്യ പ്ട്നായിക് രംഗത്ത് എത്തിയത്.
അക്രമികളെ പോലീസ് വെറുതെ വിടില്ല. കര്‍ശന നടപടി പോലീസ് സ്വീകരിക്കും. പോലീസിനെയും സിആര്‍പിഎഫിനെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വടക്കു കിഴക്കന്‍ ദല്‍ഹി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലയുടെ പലഭാഗത്തും 144 പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുള്ള എല്ലാ പിന്തുണയും ദല്‍ഹി പോലീസിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: