മണ്ണ് ജീവന്റെ ഗര്‍ഭപാത്രമാണ്. മണ്ണാണ് ജീവന്‍. ഊര്‍ജ്ജിത കൃഷിയും അശാസ്ത്രീയമായ രാസവള രാസകീടനാശിനി പ്രയോഗവും മണ്ണിന്റെ ജീവന്‍ ഇല്ലാതാക്കുകയാണ്. ജൈവാശംമുള്ള മണ്ണില്‍ കോടാനുകോടി സൂക്ഷ്മ ജീവികള്‍ നിരന്തരമായി പ്രവര്‍ത്തിച്ചാണ് എക്കല്‍ ഉണ്ടാകുക. സൂക്ഷ്മജീവികള്‍ ഇല്ലാത്ത മണ്ണ് ഉറച്ച് വായുസഞ്ചാരമില്ലാത്തവിധം കട്ടപിടിക്കും. മണ്ണിന്റെ ഘടനയും ജൈവാംശവും നിലനിര്‍ത്തേണ്ടത് കൃഷിയുടെ വിജയത്തിന് അനിവാര്യമാണ്. രാസകീടനാശിനികളുടെ പ്രയോഗം പരമാവധി കുറച്ചുള്ള കൃഷിയാണ് കാലഘട്ടത്തിന്റെ ആവശ്യം. പരമ്പരാഗതമായി ആര്‍ജ്ജിച്ചെടുത്ത അറിവുകളും ശാസ്ത്രീയരീതികളും സമന്വയിപ്പിച്ച് വിഷരഹിത കൃഷിയിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭീംപാല രാജാവിന്റെ രാജവൈദ്യനായിരുന്ന സുരപാലനാണ് വൃക്ഷായൂര്‍വേദത്തെക്കുറിച്ച് സമ്പൂര്‍ണഗ്രന്ഥം രചിച്ചത്. വൃക്ഷായൂര്‍വേദത്തെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലാണ്. 1994ല്‍ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. വൈ. എല്‍ നെനെ ഈ വൃക്ഷായൂര്‍വേദ ഗ്രന്ഥം കണ്ടെടുത്ത് തര്‍ജ്ജമ ചെയ്തു. പുരാതന കൃഷി അറിവുകള്‍ കര്‍ഷകരിലെത്തിക്കാന്‍ അദ്ദേഹം ഏഷ്യന്‍ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഏഷ്യന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പുരാതന കൃഷിയറിവുകള്‍ വീണ്ടെടുത്ത് ഈ കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ കര്‍ഷകരിലെത്തിക്കുകയാണ് പ്രധാന പ്രവര്‍ത്തനം.
ജൈവകൃഷിയില്‍ ചാണകം, കോഴിക്കാഷ്ഠം ആട്ടിന്‍കാഷ്ഠം, പിണ്ണാക്കുകള്‍, പച്ചിലകള്‍ എന്നിവ അതേരൂപത്തില്‍ ഉപയോഗിക്കുകയാണ് കര്‍ഷകര്‍ സാധാരണ ചെയ്യാറ്. എന്നാല്‍ ചാണകപ്പൊടി ഒരു വര്‍ഷം കൊണ്ട് ഏകദേശം 17 ശതമാനത്തോളമാണ് മണ്ണില്‍ ചേരുന്നത്. ചാണകത്തില്‍ കമ്പോസ്റ്റിന്റെ അളവ് 0.4% മാത്രമാണ്. എന്നാല്‍ ചാണകം കമ്പോസ്റ്റാക്കി ഉപയോഗിക്കുകയാണെങ്കില്‍ 51% ഒരു വര്‍ഷം കൊണ്ട് മണ്ണില്‍ ചേരും. അതുപോലെതന്നെ കമ്പോസ്റ്റില്‍ 4% നൈട്രജന്‍ ഉണ്ട്. മണ്ണിന്റെ ഭൗതിക ഘടന മെച്ചപ്പെടാന്‍ ഖരരൂപത്തിലുള്ള ജൈവവളപ്രയോഗം അത്യാവശ്യമാണെങ്കില്‍ പോലും ഈ രൂപത്തിലുള്ള ജൈവവളപ്രയോഗം കൊണ്ട് സസ്യങ്ങള്‍ക്ക് വേണ്ട അളവില്‍ വേണ്ട സമയത്ത് പോഷകമൂലകങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ വൃക്ഷായൂര്‍വേദത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സുരപാലന്റെ വൃക്ഷായൂര്‍വേദത്തില്‍ കുനാപജല്‍ ഉണ്ടാക്കുന്നത് ഇറച്ചി/മാംസം കൊണ്ടാണ്. ഇത് തയ്യാറാക്കാന്‍ 3 മാസത്തിലധികം സമയം വേണം. എന്നാല്‍ പച്ചിലകൊണ്ടുള്ള ഹരിതകഷായം 15 ദിവസം കൊണ്ട് തയ്യാറാക്കാം.
ഹരിതകഷായം
ആവശ്യമായ സാധനങ്ങള്‍: പ്ലാസ്റ്റിക് ഡ്രം (200 ലിറ്റര്‍ ശേഷി) – 1 , വിവിധ കള സസ്യങ്ങളുടെ ഇളം തണ്ടുകളും ഇലകളും അരിഞ്ഞത് 20 കിലോ (പത്തിലധികം ഇനം സസ്യം എടുക്കണം. പാലുള്ളതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതും എടുക്കരുത്. ശീമക്കൊന്ന, ആര്യവേപ്പ്, കണിക്കൊന്ന എന്നിവ എടുക്കാം), നാടന്‍ പശുവിന്റെ ചാണകം – 10 കിലോ, മുളപ്പിച്ച ഉഴുന്ന് – 2 കിലോ, ശര്‍ക്കര/കരുപ്പെട്ടി – 3 കിലോ, ശുദ്ധജലം – 100 ലിറ്റര്‍ പ്ലാസ്റ്റിക് ഡ്രം വെയില്‍ തട്ടാത്ത സ്ഥലത്ത് വെച്ചശേഷം കുറച്ചു പച്ചച്ചാണകമെടുത്ത് ഡ്രമ്മില്‍ വിതറുക. അതിനു മുകളില്‍ വളരെ ചെറുതായി അരിഞ്ഞ കള സസ്യങ്ങളുടെ ഇലകള്‍ നന്നായി കൂട്ടിക്കലര്‍ത്തിയശേഷം മൂന്നോ നാലോ പിടി വീതവും ശേഷം മുളപ്പിച്ച ഉഴുന്നും കുറച്ച് വിതറുക. അതിനു മുകളില്‍ നന്നായി പൊടിച്ച ശര്‍ക്കര/കരുപ്പെട്ടി വിതറുക. വീണ്ടും പച്ചച്ചാണകം. ഇലകള്‍, ഉഴുന്ന്, പൊടിച്ച ശര്‍ക്കര എന്നിവ അടുക്കുകളായി ഡ്രം നിറയ്‌ക്കുക. ഇതിനുശേഷം 100 ലിറ്റര്‍ വെള്ളം അളന്ന് ഒഴിക്കുക. ഡ്രം അടപ്പുകൊണ്ട് അടച്ചുവെക്കുക. അടുത്ത ദിവസം രാവിലെ വെയില്‍ കനക്കുന്നതിന് മുമ്പും വെയില്‍ പോയതിനുശേഷവും (രാവിലെയും വൈകുന്നേരവും) വടികൊണ്ട് ഇടത്തോട്ടും വലത്തോട്ടും അഞ്ചുപ്രാവശ്യം വീതം ഇളക്കുക. പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ അരിച്ചെടുത്ത് ഉപയോഗിക്കാം. ഇത് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. അരിച്ചെടുത്ത ചണ്ടി ജൈവവളമായും ഉപയോഗിക്കാം.
ഉപയോഗക്രമം : പച്ചക്കറി – 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തടത്തിലും ഒഴിച്ചുകൊടുക്കാം., നെല്ല് – 100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഞാറ്റട്ടിയിലും പറിച്ചു നട്ടതിനുശേഷവും ചിനപ്പ് പൊട്ടുന്ന സമയത്തും നല്‍കാം. ദീര്‍ഘകാല വിളകളില്‍ 4 തവണ മണ്ണില്‍ ഒഴിച്ചുകൊടുക്കാം.,
കുനാപജല്‍ (Modified version by YL Nene & S.L Choudhary) Asian Agri History foundation ആവശ്യമായ സാധനങ്ങള്‍: 1. ഇറച്ചി – 2 കിലോ, 2. എല്ലുപൊടി – അര കിലോ, 3. ഉമി – 1 കിലോ, 4. തേങ്ങ പിണ്ണാക്ക് – 1 കിലോ, 5. ഉഴുന്നുപൊടി – അര കിലോ, 6. പച്ചച്ചാണകം – 10 കിലോ, 7. ഗോമൂത്രം – 15 ലിറ്റര്‍, 8. തേന്‍ – 1/4 കിലോ, 9. നെയ്യ് – 1/4 കിലോ, 10. പാല്‍ – 1 ലിറ്റര്‍, 200 ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം, അടപ്പുള്ളത്തയ്യാറാക്കുന്ന വിധം: ഇരുമ്പു ചട്ടിയില്‍ 1 മുതല്‍ 5 വരെയുള്ള സാധനങ്ങള്‍ ഇട്ട് 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി വേവിച്ച് എടുക്കുക. നന്നായി തണുത്ത ശേഷം 200 ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രമ്മില്‍ ഒഴിക്കുക. ശേഷം 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ഡ്രമ്മില്‍ ഇടുക. 80 ലിറ്റര്‍ വെള്ളം അളന്ന് ഒഴിക്കുക. 3 മാസം രാവിലെയും വൈകുന്നേരവും മരത്തടികൊണ്ട് ഇളക്കികൊടുക്കുക. 3 മാസം കഴിയുമ്പോള്‍ അരിച്ചെടുത്ത് ഇതിലേക്ക് 100 ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത് സൂക്ഷിക്കാം. 10-20 മില്ലി – ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തിലും ഇലകളിലും തളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: