ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്വാസ കേന്ദ്രമായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. പിഎസ്‌സി പരീക്ഷകള്‍ തുടര്‍ച്ചയായി വിവാദത്തിലാകുന്നു. രാഷ്‌ട്രീയ സ്വാധീനമുണ്ടെങ്കില്‍ പിഎസ്‌സി പരീക്ഷയിലും റാങ്ക് വാങ്ങാം എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവില്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെട്ട കെഎഎസ് പരീക്ഷ പോലും വിവാദത്തിലായി. പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തെ ഇത്രമേല്‍ നശിപ്പിച്ചതിനും വിവാദത്തിലാക്കിയതിനും പിന്നില്‍ സര്‍ക്കാരിനും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സിപിഎം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിക്കുമുള്ള പങ്ക് നിഷേധിക്കാനാകില്ല.
യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത് പുറത്തായതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ പിഎസ്‌സിയെ പിടികൂടിയത്. പിഎസ്‌സി നടത്തുന്ന പരീക്ഷകളും അഭിമുഖവും താരതമ്യേന അഴിമതിരഹിതവും നിഷ്പക്ഷവുമാണെന്നാണ് ഇതുവരെയുണ്ടായിരുന്ന വിശ്വാസം. മറ്റ് പല മേഖലകളും അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴും പിഎസ്‌സി അതില്‍ നിന്നെല്ലാം കുറെയെങ്കിലും വിമുക്തമാണെന്നായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടി യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ റാങ്കുകാരായതെന്ന കണ്ടെത്തല്‍ ഉണ്ടായത്. സിപിഎമ്മില്‍ സ്വാധീനമുണ്ടെങ്കില്‍ പിഎസ്‌സി പരീക്ഷ വരെ ജയിക്കാം എന്ന നിലയിലേക്കെത്തിയിരിക്കുന്നു.
ഇപ്പോഴത്തെ വിവാദവും ഇതിന്റെ തുടര്‍ച്ചയാണ്. പരീക്ഷയ്‌ക്ക് പരിശീലനം നടത്തുന്ന ചില സ്ഥാപനങ്ങള്‍ക്ക് പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നതാണ് പുറത്തു വന്നിരിക്കുന്നത്. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്ക് ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും ഇവര്‍ക്ക് സഹായം ചെയ്ത് നല്‍കിയ പോലീസ് കോണ്‍സ്റ്റബിളും പഠിച്ചത് ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടന്ന സ്ഥാപനത്തിലാണെന്നതാണ് ഞെട്ടിക്കുന്നത്. ഈ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണുള്ളതെന്നതും പുറത്തുവന്നു. ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങളാണ് പിഎസ്‌സി പരീക്ഷയ്‌ക്ക് ആവര്‍ത്തിച്ചു വരുന്നതത്രെ. കഴിഞ്ഞതവണ നടത്തിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പറുകളില്‍ ഇവരുടെ സ്ഥാപനത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മാത്രമല്ല കെഎഎസ് പരീക്ഷയ്‌ക്ക് വേണ്ടി നിരവധി ഉദ്യോഗസ്ഥരാണ് ഇവരുടെ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തിയത്. ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പരീക്ഷയ്‌ക്ക് ഉറപ്പായും ഉണ്ടാകുമെന്ന് സൂചന നല്‍കിയ ചോദ്യങ്ങളും പരീക്ഷയ്‌ക്ക് ഉള്‍പ്പെട്ടിരുന്നെന്നും വിവരം പുറത്ത് വരുന്നുണ്ട്. അതോടെ കെഎഎസ് പരീക്ഷയും സംശയത്തിന്റെ നിഴലിലാണ്. സിപിഎമ്മുകാരായവര്‍ക്ക് ഉന്നത സ്ഥാനങ്ങളിലെത്താനുള്ള വഴിയൊരുക്കലല്ലെ ഇതെന്ന സംശയമുയരുമ്പോള്‍ അതിനെ പാടേ നിഷേധിക്കാനാകില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരും ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ പഠിപ്പിക്കാനെത്തുന്നു. വിവാദങ്ങള്‍ കടുത്തതോടെ പിഎസ്‌സി വഴി നടന്നുവരുന്ന എല്ലാ റിക്രൂട്ടുമെന്റുകളും സംശയത്തിന്റെ നിഴലിലായി. ഈ പരിശീലന സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ കൂടുതലായി പരീക്ഷകളില്‍ മുന്നിലെത്തുന്ന സാഹചര്യം അന്വേഷണ വിധേമാക്കേണ്ടതുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗ സമീപനമാണ് തുടരുന്നത്. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുള്ള കേരളത്തില്‍ പിഎസ്‌സിയുടെ വിശ്വാസ്യതയും നിലനില്‍പ്പും അത്യന്താപേക്ഷിതമാണ്. അതു കാത്തുസൂക്ഷിക്കുന്നതിനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ വേണം. സിപിഎം ഭരണത്തിലുള്ളപ്പോള്‍ സിപിഎം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യാപകമായി ജോലി കിട്ടുന്നതെങ്ങനെയാണ്? യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയില്‍ നാമിതു കണ്ടതാണ്. അന്ന് പരീക്ഷയെഴുതാത്തവര്‍പോലും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. എല്ലാം സിപിഎം ഇടപെടലിലായിരുന്നു സംഭവിച്ചത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവുക തന്നെ വേണം. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സര്‍ക്കാര്‍ അതില്‍ രാഷ്‌ട്രീയം കലര്‍ത്തിയാല്‍ ലക്ഷക്കണക്കായ തൊഴിലന്വേഷകരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അസ്ഥാനത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: