ആലപ്പുഴ: കയര്‍മേഖലയിലെ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഭരണകക്ഷി അനുകൂല തൊഴിലാളി സംഘടനകളായ എഐടിയുസിയും സിഐടിയുവും പരസ്യമായി ഏറ്റുമുട്ടുന്നു. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന് (എഐടിയുസി) ഇന്ന് കയറും കയര്‍ ഉത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിക്കും. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി കയര്‍വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) രംഗത്തെത്തി.
കയര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ രോഷാഗ്നി തെളിയിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് സമരം ഉദ്ഘാടനം ചെയ്തു.
രൂക്ഷമായ തൊഴിലില്ലായ്മയും കൃത്യമായ കൂലി ലഭിക്കായ്മയും മൂലം കയര്‍-കയര്‍ ഫാക്ടറി തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. സത്യനേശന് പറഞ്ഞു. മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കയര്‍ വകുപ്പിന് കഴിയുന്നില്ല.
ദീര്‍ഘനാളായി നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയുടെ പ്രധാന കാരണം ഉല്‍പ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രണ്ടാം പുനഃസംഘടനാ പദ്ധതിക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എഐടിയുസിയുടെ നിലപാട് ശരിയല്ലെന്ന് വര്ക്കേഴ്സ്സെന്റര് ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കയര്‍ ഉത്പന്നങ്ങള്‍ കത്തിക്കുന്നത് അനാവശ്യമാണ്. അത്രയും കടുത്ത പ്രതിസന്ധി ഇവിടെയില്ല, മാത്രമല്ല, കയര്‍ മേഖല വന്‍ കുതിപ്പിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഹാരമല്ല, ഉത്പാദനമാണ് ഏതൊരു തൊഴിലാളി സംഘടനയും ചെയ്യേണ്ടതെന്ന് സെന്റര്‍ നേതാവ് ടി.കെ. ദേവകുമാര്‍ പറഞ്ഞു.
തൊഴിലാളി വര്‍ഗത്തെ സഹായിക്കുന്ന ബദല്‍ നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. അത് കാണാന്‍ കഴിയാത്തവര്‍ കാലചരിത്രത്തില്‍ പിന്തള്ളപ്പെടുമെന്നും, സങ്കുചിത താല്‍പ്പര്യങ്ങളെ തിരിച്ചറിയണമെന്നും എഐടിയുസിക്കുള്ള മറുപടിയായി അവര്‍ പറഞ്ഞു. കെ. പ്രസാദ്, വി.എസ്. മണി, അഡ്വ. സായികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: