കോട്ടയം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ട്രഷറി നിയന്ത്രണം വന്നതോടെ ത്രിതല പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായത്തിനും നിയന്ത്രണം വന്നതോടെ അതിവ ഗുരുതര സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂപ്പുകുത്തി. അന്‍പതിനായിരം രൂപയ്ക്കു മുകളിലുളള എല്ലാ ട്രഷറി ഇടപാടുകളും മരവിപ്പിച്ച് ധനകാര്യവകുപ്പിന്റെ ഉത്തരവ് ഫെബ്രുവരി 20ന് ആണ് പുറത്തിറങ്ങിയത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്കുന്ന ഉത്തരവ് പുറത്തിറക്കിയത്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി, ജലഗതാഗത വകുപ്പിനുള്ള ഡീസല്‍ സബ്സിഡി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി, സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ട്രഷറിയില്‍ നിന്നുള്ള നിക്ഷേപ പലിശ പിന്‍വലിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ക്ഷേമബോര്‍ഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയുടെ നിക്ഷേപപലിശ പിന്‍വലിക്കലിനും ഇത് ബാധകമാണ്. ആകെ 12 ഇനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകമാക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള നിയന്ത്രണം രോഗികളെ ഏറെ ബാധിക്കും. അന്‍പതിനായിരം രൂപയ്ക്കു മുകളിലുളള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായവര്ക്കുള്ള സഹായം തടസ്സപ്പെടുത്തും. ഗ്രാമ പഞ്ചായത്തുകളിലെ വ്യക്തിഗത ഗുണഭോക്താക്കളെയും ഇത് സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: