അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. കൃത്യം 11.40ന് ആണ് ട്രംപിനേയും വഹിച്ചുള്ള അമേരിക്കന്‍ സൈനിക വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിനടത്തു എത്തി ട്രംപിനേയും ഭാര്യയേയും സ്വീകരിച്ചു. ഗുജറാത്തിലെ പരമ്പരാഗത കലാരൂപങ്ങള്‍ വിമാനത്താവളത്തില്‍ അണിനിരന്നിരുന്നു. ഇരുനേതാക്കളും സബര്‍മതി ആശ്രമിത്തലേക്കു തിരിച്ചു. അതിനു ശേഷം മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഷോ ആരംഭിക്കും. ഇന്ത്യയില്‍ വിമാനം ഇറങ്ങും മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ എത്താന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങള്‍ ഇന്ത്യയിലേക്കുള്ള വഴിയിലാണ്; കുറച്ചു സമയത്തിനുള്ളില്‍ എല്ലാവരേയും കാണാമെന്നായിരുന്നു ട്വീറ്റ്. ഇതിനു മറുപടിയായി അതിഥി ദേവോ ഭവ എന്ന് മോദി റീട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മോദി തനിക്കായി കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് താന്‍. ഇന്ത്യയില്‍ എത്താനായി താന്‍ കാത്തിരിക്കുകയാണ്. തന്റെ ഇന്ത്യന്‍ സന്ദര്‍ശനം വലിയ സംഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് പുറമേ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: