കോട്ടയം: ജനാധിപത്യസമൂഹത്തില്‍ ആശങ്ക അടിച്ചേല്‍പ്പിക്കുന്ന അവസ്ഥ അപകടകരമാണെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ പി.എസ്.ശ്രീധരന്‍പിള്ള. കോട്ടയം പ്രസ് ക്ലബില്‍ ജനകീയസമിതിയുടെ രജതജൂബിലിയാഘോഷത്തിന്റെ സമാപനവും പുരസ്കാര സമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു രാഷ്ട്രീയപാര്‍ട്ടിക്കും സമരം ചെയ്യാനും പ്രക്ഷോഭം സംഘടിപ്പിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള അവകാശമുണ്ട്. അതിനപ്പുറം അതു പോകുന്നുവെങ്കില്‍ അതിനെക്കുറിച്ച് അവസാന തീര്‍പ്പ് നല്‍കേണ്ടത് സുപ്രീം കോടതിയാണ്. എല്ലാവരും കക്ഷികളായിത്തീര്ന്ന പൗരത്വ നിയമ വിധിയില്‍ കേരളം മാത്രം അതിരു കടന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
വസ്തുതകള്‍ ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരായി രാഷ്ട്രീയക്കാര്‍ മാറണം. മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. അധികാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആത്മാവ് നഷ്ടപ്പെടുന്ന ഒരു ജനതയായി നാം മാറാന്‍ പാടില്ല – ഗവര്‍ണര്‍ തുടര്‍ന്നു. പൗരത്വഭേദഗതി നിയമമായതിനുശേഷം ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷം സുഗമമായി മിസോറാമില്‍ നടത്തുവാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, വര്‍ക്കിംഗ് ചെയര്മാന് എന്‍.വി. പ്രദീപ്കുമാര്‍, അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് തഴക്കര, രജതജൂബിലി ആഘോഷക്കമ്മറ്റി ചെയര്മാന് വി.പി.ജയചന്ദ്രന്, ഡയറക്ടര്‍ ഡോ.അശോക് അലക്സ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ജനകീയ രാഷ്ട്രസേവ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാധ്യമപുരസ്കാരം സുജിത്ത് നായര്‍ (മനോരമ), എസ്.ഡി.വേണുകുമാര്‍ (മാതൃഭൂമി), പ്രവാസി പുരസ്കാരം ഇ.പി.ജോണ്സണ് (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്) എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: