കുളത്തൂപ്പുഴ (കൊല്ലം): വഴിയോരത്തു കണ്ടെത്തിയ, യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന പാക് നിര്‍മിത വെടിയുണ്ടകളുടെ ഉറവിടം തേടി കേന്ദ്ര സംസ്ഥാന പോലീസ് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കി. കുളത്തൂപ്പുഴ-തെന്മല സംസ്ഥാന പാതയോരത്ത് മുപ്പതടിപ്പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതം തന്നെയെന്ന് സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ), മിലിറ്ററി ഇന്റലിജന്‍സ് എന്നിവയുടെ ഉന്നത സംഘം കൊല്ലത്തെത്തി അന്വേഷണം തുടങ്ങി. സംസ്ഥാന പോലീസും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളിലുള്ളവരും ഫോറന്‍സിക്, വിരലടയാള വിദഗ്‌ദ്ധര്‍, ബോംബ് സ്‌ക്വാഡ്, ആര്‍മറി വിഭാഗങ്ങളും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു.
ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം മേജര്‍ മുകേഷിന്റെ നേതൃത്വത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലവും പരിസരവും വിശദമായി പരിശോധിച്ചു. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ഉണ്ടകള്‍ ഇപ്പോഴും ഉപയോഗിക്കുന്നില്ലെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് മിലിറ്ററി ഇന്റലിജന്‍സ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡും കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തി.
വെടിയുണ്ടകള്‍ കേരള പോലീസില്‍ നിന്നു കാണാതായവയോ പോലീസിന്റെ ഭാഗമായവയോ അെല്ലന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി അനില്‍ ജോണ്‍ കുരുവിള അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
ശനിയാഴ്ച കണ്ടെത്തിയ വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി) എന്നെഴുതിയത് കണ്ടെത്തിയതോടെയാണ് എന്‍ഐഎയെ വിവരമറിയിച്ചത്. പാക്കിസ്ഥാന്‍ സൈന്യം ദീര്‍ഘ ദൂര മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തിരകളാണ് കണ്ടെത്തിയതെന്ന് അന്വേഷണം നടത്തുന്ന ഏജന്‍സികളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. തിരകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാച്ച് നമ്പര്‍ അനുസരിച്ച് മുപ്പത് വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ വെടിയുണ്ടകളെന്നാണ് സൂചന.
വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കും. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായെന്നും കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: