യഥാര്‍ത്ഥത്തില്‍ എന്താണ് ഇപ്പോള്‍ കെല്‍ട്രോണില്‍ സംഭവിക്കുന്നത്? കൈക്കൂലി നല്കിയതല്ല വിഷയം. കൈക്കൂലി കിട്ടാത്തതാണ്. ഇതില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ തൂവല്‍പക്ഷികളാണ്.
കെല്‍ട്രോണ്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ സാങ്കേതികതകള്‍ നിറഞ്ഞതും ദുരൂഹതകള്‍ ഉള്ളതുമാണ്. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം, ഈ വിഷയത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാള്‍ കേട്ടാല്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന സംയുക്ത അഴിമതിയുടെയും ഒത്തുതീര്‍പ്പിന്റെയും വ്യാപ്തി മനസിലാകും.
ഉദാഹരണം കേരള പോലീസ് കവചിത വാഹനം വാങ്ങിയപ്പോള്‍ ടെന്‍ഡര്‍ നടത്തിയില്ല എന്നാണ് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തല്‍. ഇതിനെ ഇടതുപക്ഷം ന്യായീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നത് ടെന്‍ഡര്‍ ചെയ്യേണ്ട കാര്യമില്ല. ഇന്ത്യയില്‍ ആരും ടെന്‍ഡര്‍ ചെയ്ത് ബുള്ളറ്റ് പ്രൂഫ് വണ്ടികള്‍ വാങ്ങാറില്ല. അങ്ങനെ ചെയ്യുന്നതില്‍പരം അബദ്ധം വേറൊന്നില്ല. മാവോയിസ്റ്റുകള്‍ക്കും ജിഹാദി തീവ്രവാദികള്‍ക്കും സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കും എന്നതാണ് അതിലെ അപകടം. ഇത്തരം സാഹചര്യത്തില്‍ ബുള്ളറ്റ് പ്രൂഫിന്റെ കൃത്യമായ സാങ്കേതിക വിവരങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചാല്‍ അതിനെ അതിജീവിക്കുന്ന തോക്കുകളും മൈനുകളും ഉപയോഗിക്കാന്‍ ഇടവരും.
അതിനാല്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ചെയ്യാതെ കാര്‍ വാങ്ങിച്ചതില്‍ അസ്വാഭാവികത ഒന്നുമില്ല. പക്ഷേ സിപിഎമ്മിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇവിടെ വിഷയം. റഫേല്‍ യുദ്ധ വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങളും വിലയും ഇത്തരത്തില്‍ പര്യസ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമാക്കി വച്ചപ്പോള്‍ സിപിഎം രാജ്യവ്യാപക സമരം നടത്തി. എന്നാല്‍ സംസ്ഥാനത്ത് സമാന സാഹചര്യം വന്നപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നു. അതില്‍ നിന്നു മനസ്സിലാക്കേണ്ടത് ശത്രുരാജ്യങ്ങള്‍ക്ക് നമ്മുടെ സാങ്കേതിക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനുള്ള ഏജന്റ് പണിയാണ് സിപിഎം ചെയ്യുന്നതെന്നാണ്. സാങ്കേതിക വിവരങ്ങള്‍ പൊതുസമൂഹത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും പരിവാരങ്ങളും നടത്തുന്നത് യഥാര്‍ത്ഥത്തില്‍ എസ്ഡിപിഐക്കോ പോപ്പുലര്‍ ഫ്രണ്ടിനോ വേണ്ടിയാണെന്നാണ് സംശയിക്കേണ്ടത്. മാത്രമല്ല അദ്ദേഹത്തിന്റെ മാവോയിസ്റ്റ് പ്രേമവും കേരളം കണ്ടതാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്കുവേണ്ടി അമേരിക്ക ആവശ്യപ്പെടുന്ന തരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനെ കളിയാക്കുന്ന ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരും ഇടതു ചിന്തകരും ഇത്തരം വസ്തുതകള്‍ വളച്ചൊടിക്കുന്നു.
പ്രധാനമന്ത്രിയോ പ്രസിഡന്റോ കേരളത്തിലേക്ക് വരുമ്പോള്‍ നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്നത് സംസ്ഥാനത്ത് ഇടതു തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും ക്രമാതീതമായി വര്‍ധിച്ചു എന്നതിന്റെ സൂചനയാണ്. ഈ വാര്‍ത്ത പുറത്ത് വരാതിരിക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും മത്സരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പുറത്തുവിടേണ്ടത് ഇസ്ലാമിക തീവ്രവാദവും ഇടതു തീവ്രവാദവും കേരളത്തില്‍ എത്രത്തോളം ശക്തമായി എന്നുള്ള വിവരങ്ങളാണ്.
തീവ്രവാദികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നടത്തുന്ന എല്ലാ നീക്കങ്ങളെയും ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യേണ്ടതാണ്. രാജ്യത്ത് സിപിഎമ്മും കോണ്‍ഗ്രസും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് സാധാരണക്കാരന്റെ നികുതി പണം കണക്കില്ലാതെ സുരക്ഷയ്ക്ക് വേണ്ടി ചെലവാക്കേണ്ടി വരുന്നു. സാധാരണക്കാരന് പ്രളയ നഷ്ടപരിഹാരംപോലും ലഭിക്കാതെ വരുമ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി കോടികള്‍ ചെലവാക്കേണ്ടി വരുന്ന സാഹചര്യം ഇടതു-വലതു മുന്നണികള്‍ രാഷ്ട്രീയമായി തീവ്രവാദികളുമായി സന്ധി ചെയ്യുന്നതിനാലാണ് സംജാതമാകുന്നത്.
കവചിത വാഹനങ്ങള്‍ പുതിയത് വാങ്ങുന്നതിലും അത് മുഖ്യമന്ത്രി ഉപയോഗിക്കുന്നതിലും തെറ്റില്ല. കവചിത വാഹനം അതും ഏറ്റവും വിലകൂടിയ മോഡലാകുമ്പോള്‍ അതിന്റെ അടിസ്ഥാനം രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരിക്കും. നമ്മുടെ ഇന്റലിജന്റ് സംവിധാനം സംസ്ഥാനത്ത് അക്രമം നടത്താന്‍ സാധ്യതയുള്ള ഇടതു ജിഹാദി ഭീകരന്മാരുടെ കയ്യിലെ ആയുധങ്ങളുടെ പ്രഹരശേഷിയെക്കുറിച്ച് തീര്‍ച്ചയായും സര്‍ക്കാരിന് വിവരം നല്കിയിട്ടുണ്ടാകും.
ആ ആയുധങ്ങളെ അതിജീവിക്കുന്ന വിധത്തിലുള്ളവ ആയിരിക്കണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍. പക്ഷേ കൃത്യമായി മറുപടിയും വിശദീകരണവും നല്‍കാതെ സിഎജിയെ ശത്രുവായി കാണുന്ന നിലപാട് സ്വീകരിക്കുന്ന കേരള സര്‍ക്കാരിന്റെ നയമാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് കാരണം.
കേരളം ഒരു ഫെഡറല്‍ സിസ്റ്റമാണ് എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടം ഇവിടെ നിലനില്ക്കുകയും സമസ്ത മേഖലകളിലും സിഎജിയെ സഹകരിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ ഭരണത്തിന്റെ മുഖത്തേറ്റ അടിയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്താ പ്രളയങ്ങള്‍.
യാതൊരു സാങ്കേതിക വിവരവും ഇല്ലാത്ത വ്യക്തിയെ രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി കെല്‍ട്രോണ്‍ എംഡി സ്ഥാനത്ത് കൊണ്ടുവരികയും വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. പൊതുമേഖലാസ്നേഹം പ്രസംഗത്തില്‍ മാത്രമുള്ള സിപിഎമ്മും കോണ്‍ഗ്രസും ഒരിക്കലും കെല്‍ട്രോണിനെ സഹായിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ സാങ്കേതിക മേഖലയിലെ ചില കുത്തകകള്‍ക്ക് കെല്‍ട്രോണിന്റെ ഭൂമി കൈമാറുന്ന വിവരങ്ങളാണ് പുറത്തേക്കു വരുന്നത്. അവിടെയും ഉന്നതരുടെ മക്കള്‍ ബന്ധത്തിന്റെ കരക്കമ്പി കേള്‍ക്കുന്നു.
ഒ. രാജഗോപാല്‍ പ്രതിരോധ സഹമന്ത്രിയായിരുന്ന കാലത്ത് നിരവധി പ്രതിരോധ കരാറുകള്‍ കെല്‍ട്രോണിന് നല്‍കിയിട്ടുണ്ട്. ഇന്നും അവ കിട്ടിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ വരുമാനത്തിലാണ് ഈ പൊതുമേഖലാ സ്ഥാപനം നിലനിന്നു പോകുന്നത്.
സംസ്ഥാന പോലീസ് മേധാവി എന്ന പദവി ലക്ഷ്യമിട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ആരോപണവിധേയനായ, ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടുകഴിയുന്ന രമേശ് ചെന്നിത്തലയും ഭാഗമായി. ഇ-ടെന്‍ഡറില്‍ എത്ര രൂപയാണ് രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവിനോ വേറൊരു ഉദ്യോഗസ്ഥനോ അറിയാന്‍ സാധിക്കില്ല. ഇ-ടെന്‍ഡര്‍ നടത്തുന്ന എന്‍ഐസിക്ക് പോലും കൊമേര്‍സ്യല്‍ ഓപ്പണ്‍ ചെയ്തു നോക്കുക സാധ്യമല്ല. ഇങ്ങനെയിരിക്കെ ഈ നാടകങ്ങള്‍ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ അഴിമതിക്ക് വേണ്ടിയാണ്.
കേരള ഇ-ടെന്‍ഡര്‍ എന്താണെന്ന് അറിയുന്നവര്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ലെന്ന് ആരോപിക്കില്ല. ആരും അറിയാതെയോ ആവശ്യത്തിന് സമയം നല്കാതെയോ ഇ-ടെന്‍ഡര്‍ നടത്താനും പറ്റില്ല.
ഇ-ടെന്‍ഡര്‍ നടത്തുന്നത് കെല്‍ട്രോണല്ല, എന്‍ഐസി ആണ്. പോലീസിന്റെ ആധുനികീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കോടികളാണ് നല്‍കുന്നത്. അതിനാല്‍ ഈ പണം സംസ്ഥാനത്ത് ചെലവാക്കുമ്പോള്‍ കയറിപ്പറ്റിയാല്‍ കുറെ പണം അടിച്ചുമാറ്റാം എന്ന മോഹവുമായി പലരും ഇറങ്ങിയിട്ടുണ്ട്. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഇപ്പോള്‍ നടക്കുന്ന ഇടപാടുകള്‍ സുതാര്യമല്ല എന്നു വരുത്തിത്തീര്‍ക്കുകയും കെല്‍ട്രോണിനെ പുറത്താക്കി അത്തരത്തില്‍ അവിടെ ഒരു കച്ചവട സാധ്യത സൃഷ്ടിക്കുകയും ചെയ്യുകയാണ്.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും പോലീസ് ഡിപ്പാര്‍ട്ട്മെന്റും നടത്തുന്ന പര്‍ച്ചേസില്‍ നിന്ന് കെല്‍ട്രോണിനെ പുറത്താക്കിയാല്‍ മാത്രമേ സ്വകാര്യ കച്ചവടക്കാര്‍ക്ക് കയറിപ്പറ്റാനാവൂ. എന്നാല്‍ മാത്രമേ ചെലവഴിക്കുന്ന പണത്തിന്റെ വിഹിതം ആഗ്രഹിക്കുന്നവര്‍ക്ക് തട്ടിക്കാന്‍ സാധിക്കൂ. അതിനുവേണ്ടി വളഞ്ഞ വഴികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
തൊഴിലാളി സംഘടനകളുടെ ബാഹുല്യമുള്ള സ്ഥാപനമാണ് കെല്‍ട്രോണ്‍. പ്രതിപക്ഷ നേതാവിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികള്‍ ഒരു ഭാഗത്ത്. എന്തിനും കേറി ഇടപെടുന്ന സിപിഎം സംഘടനയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് ഒരു പത്രസമ്മേളനം നടത്താമായിരുന്നല്ലോ? തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യനിക്ഷേപം വരുന്നതിനെതിരെ സമരം ചെയ്തവരാണ് ഈ തൊഴിലാളി സംഘടനകള്‍. പോലീസിന്റെ പദ്ധതികളില്‍ എക്സ്പീരിയന്‍സ് ഇല്ലാതെ ഈ മേഖലയിലേക്ക് കടന്നു വരുന്ന പല കമ്പനികളുമുണ്ട്. ബെംഗളൂരു ആസ്ഥാനമായ വീണ വിജയന് എന്നയാളുടെ കമ്പനി, സംസ്ഥാന സര്‍ക്കാര്‍ ടിഎസ്പി സ്റ്റാറ്റസ് കൊടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ഗാലക്സോണ്‍, സിഡ്കോ തുടങ്ങിയവ ഉദാഹരണം.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക ഉത്തരവിലൂടെ ടെന്‍ഡര്‍ ഇല്ലാതെ ഓര്‍ഡര്‍ നേടാനുള്ള അനുമതി കൊടുത്തത് യുഡിഎഫ് ആണ്. ഇത്തരത്തില്‍ രമേശ് ചെന്നിത്തല യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇടതുപക്ഷം നടത്തുന്ന അഴിമതിക്ക് ചൂട്ട് പിടിക്കുകയെന്നതാണ്. അഴിമതിയോടും തീവ്രവാദത്തോടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരവും ഒരേ നിലപാടുമാണ്. ഇതാണ് ഭരണ-പ്രതിപക്ഷ ഐക്യത്തിന് ഏറ്റവും പുതിയ കേരള മോഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: