ന്യൂദല്‍ഹി : പ്രായമൊന്നും പഠനത്തിന് തടസ്സമല്ല. നൂറ്റിയഞ്ചാം വയസ്സിലും നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി സബാത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
മന്‍കി ബാത്തിന്റെ അറുപത്തിരണ്ടാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്. നൂറ്റിയഞ്ചാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ വലിയ പ്രചോദനമാണ്. ഇങ്ങനെയുള്ളവര്‍ രാജ്യത്തിന് ശക്തി പകരുന്നതാണ്. അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഭഗീരഥിയമ്മ സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി പാസായത്.
വീട്ടിലെ പ്രയാസങ്ങള്‍ നിമിത്തം ഭഗീരഥിയമ്മ ഒമ്പതാം വയസ്സില്‍ പഠനം ഉപേക്ഷിച്ചിരുന്നു. വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായെങ്കിലും പഠിക്കാനുള്ള ആഗ്രഹം അപ്പോഴും ഭഗീരഥിയമ്മ ഉപേക്ഷിച്ചിരുന്നില്ല. ഇക്കാര്യം മക്കളെ അറിയിച്ചതോടെയാണ് സക്ഷരാമിഷന്റെ പരീക്ഷ എഴുതാനുള്ള അവസരം ഒരുങ്ങുകയായിരുന്നു. പരീക്ഷ എഴുതിയ ഭഗീരഥിയമ്മ ഏവരെയും അമ്പരപ്പിച്ച് 74.5 ശതമാനം മാര്‍ക്കും അവര്‍ നേടിയിരുന്നു.
അതേസമയം ഭാരതത്തിലെ യുവതലമുറ ബഹിരാകാശ മേഖലയില്‍ അതീവ താത്പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറ പൊതുവെ ശാസ്ത്ര വിഷയങ്ങളോട് താത്പ്പര്യം കാണിക്കുന്നുണ്ട്. ഈ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ സസൂക്ഷ്മം അവര്‍ വീക്ഷിക്കുന്നുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
ചന്ദ്രയാന്‍-2 വിക്ഷേപണ സമയത്തെ കുട്ടികളുടെ ഉത്സാഹത്തിന് താന്‍ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ഉറക്കം പോലും ഉപേക്ഷിച്ചാണ് ചന്ദ്രയാന്‍ വിക്ഷേപണം ദര്‍ശിക്കുന്നതിനായി അവര്‍ കാത്തിരുന്നത്. ഇത് മുന്‍ നിര്‍ത്തി ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാവുന്ന വിധത്തില്‍ ഗാലറി നിര്‍മ്മിക്കുമെന്നും മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: