ബീജിങ്: ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ കുത്തനെ കുറഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളുടെ ആശങ്ക ഓരോ ദിവസവും ഉയരുന്നു. ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ശനിയാഴ്ച വന്‍ വര്‍ധനയുണ്ടായി. ഒറ്റ ദിവസത്തില്‍ 229 പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതോടെ ആകെ വൈറസ് ബാധിതര്‍ 433 ആയി. പകുതി പേരും സിയോളിന് സമീപം ഡെയ്ഗു നഗരത്തിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരാണ്.
61 കാരിയില്‍ നിന്നാണ് പള്ളിയിലുണ്ടായിരുന്നവരിലേക്കും അവരില്‍ നിന്ന് പുറത്തേക്കും രോഗം വ്യാപിച്ചതെന്നാണ് സംശയം. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 91 പേര് ദേഗുവിലെ ഷിയോങ്ഡോ ഡേനം ആശുപത്രിയിലെ ജീവനക്കാരും അവിടെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന രോഗികളുമാണെന്ന് സിയോള്‍ ആരോഗ്യ സഹമന്ത്രി കിം ഗാങ് പറഞ്ഞു. രോഗം പൊട്ടിപ്പുറപ്പെട്ട പള്ളിക്ക് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ഇറാന്, ഇറ്റലി, ലെബനന് എന്നീ രാജ്യങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ രോഗം വ്യാപിക്കുന്നതിന് തടയിടാനുള്ള അവസരം ഇതോടെ രാജ്യങ്ങള്‍ക്ക് നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈന സന്ദര്‍ശിക്കുകയോ സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്യാത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. എഴുപത്തെട്ടുകാരനാണ് മരിച്ചത്. ഇറാനിലും ഒരാളുടെ കൂടി മരണം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇറാനില്‍ കൊറോണ മരണം അഞ്ചായി. ജപ്പാനിലും വൈറസ് ബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സ് വോളന്റിയര്‍മാരുടെ ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന പരിശീലനം സംഘാടകര്‍ മാറ്റിവച്ചു.
അതേസമയം, ചൈനയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 397 പേരിലേക്ക് ചുരുങ്ങി. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 76,288 ആയി. 2345 പേരാണ് ഇതുവരെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: