കണ്ണൂര്‍: മട്ടന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ കോണ്‍ഗ്രസില്‍ വിവാദം. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതി ദീപ്ചന്ദിന്റെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്സായി നിയമനം നല്‍കിയത്. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ ഇതിനായി ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. കെപിസിസി ഭാരവാഹി മമ്പറം ദിവാകരനാണ് ആശുപത്രി പ്രസിഡന്റ്. സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ഒത്തുകളിയാണെന്ന ആരോപണമുയര്‍ന്നതോടെ ചാക്കോ തൈക്കുന്നേലിനെതിരെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
2018 ഫെബ്രുവരി 12ന് അര്‍ധരാത്രിയാണ് മട്ടന്നൂരിനടുത്ത് തെരൂരില്‍ സിപിഎം സംഘം ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. എം.വി. ആകാഷ്, ടി.കെ. അസ്കര്‍, കെ. അഖില്‍, സി.എസ്. ദീപ്ചന്ദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. ആര്‍എസ്എസ് പ്രവര്ത്തകന് തില്ലങ്കേരിയിലെ പി. വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ആകാഷ്.
സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിരന്തരമായി ഉയര്‍ത്തിക്കാണിച്ച വിഷയമാണ് ഷു ഹൈബിന്റെ കൊലപാതകം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്ന പ്രതിയുടെ സഹോദരിക്കാണ് കോണ്‍ഗ്രസ് ഭരണസമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമുണ്ടാക്കിക്കഴിഞ്ഞു. ഏത് ശുപാര്‍ശയുടെ പേരിലായാലും ഷുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട്പാടില്ലെന്നും പൊറുക്കാനാകാത്ത കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് എന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദം ഉണ്ടായതിനു പിന്നാലെ പെണ്‍കുട്ടി ജോലിയില്‍ നിന്ന് രാജി വച്ചു എന്ന ന്യായം പറഞ്ഞു രക്ഷപെടാനാണ് ആശുപത്രി മാനേജ്മെന്റും ഡിസിസി നേതൃത്വവും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: