പ്രസന്നമായ മുഖം. ആ പ്രസന്നതയ്ക്ക് മാറ്റുകൂട്ടുന്ന വലിയ കുങ്കുമപ്പൊട്ട്. വലിപ്പചെറുപ്പമില്ലാതെ ആരുമായും ഇടപഴകുന്ന പെരുമാറ്റത്തിലെ കുലീനത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാനുള്ള ആത്മാര്‍ത്ഥത. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തസംഘചാലക്, മേനോന് സാര്‍ എന്ന് സംഘത്തിനകത്തും പുറത്തും അറിയപ്പെടുന്ന പി.ഇ.ബി. മേനോനെക്കുറിച്ച് ഓര്‍ക്കുന്ന മാത്രയില്‍ എന്റെ മനസ്സില്‍ രൂപപ്പെടുന്ന ചിത്രമാണിത്.
എന്നാണ് മേനോന് സാറിനെ ആദ്യമായി കണ്ടതെന്ന് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഇരുപത് വര്‍ഷം മുന്‍പ്എന്റെ സപ്തതി ആഘോഷിക്കാന്‍ എം. മോഹനനും (അപ്പുച്ചേട്ടന്) മറ്റും ചേര്‍ന്ന് തീരുമാനിച്ചു. എനിക്കാണെങ്കില്‍ സംഘപ്രചാരകനെന്ന നിലയ്ക്ക് അതില്‍ വലിയ താല്പര്യം തോന്നിയില്ല. പക്ഷേ ആലുവയില്‍ നിന്ന് മേനോന്‍സാര്‍ എളമക്കരയിലെ കാര്യാലയത്തില്‍ വന്നത് എനിക്കു വേണ്ടിയുള്ള പൊന്നാടയുമായാണ്.
പൊന്നാട സ്വീകരിക്കാന്‍ എനിക്ക് മനസ്സു വന്നില്ലെങ്കിലും ചടങ്ങ് നടന്നു. എന്നെക്കുറിച്ച് മേനോന്‍സാര്‍ ചില നല്ല വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. േമനോന്സാറിനെ ഞാന്‍ ആദ്യമായി നേരില്‍ കാണുകയായിരുന്നു.
സ്വര്‍ഗീയ പി. മാധവ്ജിയിലൂടെയാണ് മേനോന്‍സാര്‍ സംഘപ്രസ്ഥാനങ്ങളുമായി അടുക്കുന്നത്. താന്ത്രികാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും നിഷ്ണാതനായിരുന്ന മാധവ്ജിയുമായി മേനോന് സാര്‍ അടുത്തു. മാധവ്ജിയില്‍നിന്ന് പഠിച്ച ചില പൂജാവിധികള്‍ അനുഷ്ഠിക്കാനും തുടങ്ങി. മേനോന്
സാറിന്റെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവുമൊക്കെ മാധവ്ജി മനസ്സിലാക്കി. സ്വാഭാവികമായും മേനോന്സാറില് മാധവ്ജിക്കുള്ള സ്വാധീനവും വര്‍ധിച്ചു.ആദിശങ്കരന്റെ നാടായ കാലടിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ഗോകുലോത്സവം പരിപാടിയിലൂടെയാണ് ഞാന്‍ മേനോന്
സാറിന്റെ കഴിവുകള്‍ അടുത്തറിയാന്‍ തുടങ്ങിയത്. ആലുവയിലെ വിനോദ് കമ്മത്തും, കാലടി ശ്രീശങ്കര കോളേജില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച പി.എന്‍. രാജനും മറ്റും സജീവമായി രംഗത്തിറങ്ങിയ ആ പരിപാടി വന്‍വിജയമായിത്തീര്‍ന്നു.
മേനോന്‍സാറിന്റെ മാര്‍ഗദര്‍ശനവും എല്ലാ വിധത്തിലുള്ള പങ്കാളിത്തവും ഇതില്‍ വലിയ ഘടകമായിരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത ഗോകുലോത്സവം ബാലഗോകുലം ഏറ്റെടുത്ത ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരുന്നു. വാസ്തവത്തില്‍ അത് പൂര്‍ണമായി വിജയിക്കുമോ എന്ന സംശയം പോലും എനിക്കുണ്ടായി. ശരിക്കു പറഞ്ഞാല്‍ ഗോകുലോ ത്സവത്തിന്റെ വിജയത്തിലൂടെയാണ് ഞാന്‍ മേനോന് സാറു മായി കൂടുതല്‍ അടുത്തതും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസം വര്‍ധിക്കുന്നതും. മേനോന് സാര്‍ ഏത് സംരംഭത്തില്‍ ഇടപെട്ടാലും അത് വിജയിക്കുമെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്ന നിരവധി പരിപാടി
കളില്‍ പിന്നീട് ഞങ്ങള്‍ പങ്കാളികളായി. അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസം, കുലീനത, ശുഭാപ്തി
വിശ്വാസം തുടങ്ങിയവയൊക്കെ അപൂര്‍വം വ്യക്തികളിലേ കണ്ടിട്ടുള്ളൂ. മേനോന് സാറിന്റെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട് മാണിക്യമംഗലത്തെ ഒരു ചടങ്ങിലും ഞാന്‍ പങ്കെടുക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളെയും മറ്റും പരിചയപ്പെടാന്‍ കഴിഞ്ഞു.
സംഘത്തില്‍ ഏവരുടെയും ബഹുമാനത്തിന് പാത്രീഭൂതനാണ് മേനോന്‍സാര്‍. ആലുവ ജില്ലാ സംഘചാലക്, വിഭാഗ് സംഘചാലക്, പ്രാന്തസഹസംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍ പ്രാന്തസംഘചാലകായി പ്രവര്‍ത്തിക്കുന്നത്. ഇന്ന് എണ്‍പത്തിയൊന്നാം വയസ്സിലെത്തി നില്ക്കുന്ന മേനോന് സാറിന് എല്ലാ മംഗളങ്ങളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: