എം.എ. ഒന്നാം വര്‍ഷ പരീക്ഷയടുക്കാറായപ്പോള്‍ ചില കുട്ടികള്‍ക്ക് പേടി തുടങ്ങി. ഇംഗ്ലീഷിലാണ് പരീക്ഷയെഴുതേണ്ടത്. ചിലര്‍ക്ക് വിഷയമറിയാമെങ്കിലും ആംഗലേയത്തിലാക്കാനറിയില്ല. ചിലര്‍ക്ക് ഭാഷയറിയാം, വിഷയമറിയില്ല. രണ്ടുമറിയാത്തവരുമുണ്ട്.
”നമുക്ക് നോക്കാം,” ഗ്രാമര്‍ പഠിപ്പിക്കാന്‍ തനിക്കുമാവില്ലെന്ന മുന്നറിയിപ്പോടെ രാമശേഷന് തുടങ്ങി. ”പ്രധാനമായും അവര്‍ വിഷയമാണ് ശ്രദ്ധിക്കുക…വിഷയം കയ്യിലില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ല…”
രാജദുരൈ സാര്‍ പറഞ്ഞത് ഓര്മ വരുന്നു.
”ഷഡ്വര്‍ഗ്ഗം എന്തെന്ന് ചോദിച്ചാല്‍ അഷ്ടവര്‍ഗ്ഗം എഴുതി വെക്കരുത്… അത്രയെങ്കിലും ജാഗ്രത വേണം…”
ഇംഗ്ലീഷ് തൊട്ടു തീണ്ടിയില്ലെങ്കിലും ജ്യോതിഷമറിയാവുന്നതുകൊണ്ട് വിഷ്ണു കൈമള്‍ രക്ഷപ്പെട്ടു.
”നിവൃത്തിയുണ്ടെങ്കില്‍ ആരെയും തോല്‍പ്പിക്കില്ല,” അവസാന ക്ലാസ്സില്‍ രാജദുരൈ സാര്‍ ആത്മധൈര്യം പകര്‍ന്നു.
കയ്യിലുള്ള അഞ്ചാറു വര്‍ഷത്തെ ചോദ്യ പേപ്പറുകള്‍ രാമശേഷന് ക്ലാസ്സില്‍ ചിക്കിച്ചിനക്കി. അതത്രയും ഒരാവര്‍ത്തി ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് തന്നമ്പിക്കൈ വര്‍ധിച്ചു. നിര്‍ണായകമായ ഈ വ്യായാമത്തിനിടയിലും രഘുപാര്ത്ഥന് ക്ലാസ്സില്‍ ‘ആബ്സന്റ്’ ആയത് രാമശേഷന് ശ്രദ്ധിച്ചു. അയാള്‍ തഞ്ചാവൂര്‍ ക്ലാസ്സിലെ മാതൃകാപരീക്ഷയും എഴുതിയില്ലെന്ന് കുട്ടികള്‍ അറിയിച്ചപ്പോള്‍ അതിശയം തോന്നി. ഒരു വേള, ആരംഭശൂരത്വമായിരുന്നിരിക്കാം ബിരുദാനന്തര ബിരുദം!
എന്നാല്‍ ‘എം.എ’ എന്ന ബിരുദമെഴുതിയ ബോര്‍ഡ് വെച്ച് രഘുപാര്ത്ഥന് കോവൈപുതൂരില്‍ പ്രാക്ടീസ് തുടങ്ങിയെന്ന് സഹപാഠിയായിരുന്ന അന്പഴകന് അറിയിച്ചപ്പോള്‍ അതിശയമല്ല, അടിച്ച് താഴെയിടാനാണ് തോന്നിയത്. ആര്. പാര്ത്ഥന് അയ്യര്‍ എംഎ (ആസ്ട്രോളജി) എന്നാണത്രെ ബോര്‍ഡില്‍ പേര്. ഈ പേരില്‍ ഏഴോ എട്ടോ ബോര്‍ഡുകള്‍ ഓരോ കവലയിലും സ്ഥാപിച്ചിട്ടുണ്ടുപോലും. ചെറിയ പനിയുമായി ഡോക്ടറെ കാണാന്‍ വരുന്നവരെ പല ടെസ്റ്റുകളുടെ പേരില്‍ ആശുപത്രിയില്‍ പിടിച്ചുകിടത്തുന്നതുപോലെ മുഹൂര്‍ത്തം, പൊരുത്തം എന്നീ ചില്ലറ ആവശ്യവുമായി വരുന്നവരെ ജാതകത്തിലെ ചെറിയ ദോഷങ്ങള്‍ പെരുപ്പിച്ച് ഭയപ്പെടുത്തി പരിഹാരവും പ്രായശ്ചിത്തവും ചെയ്യിച്ച് വലിയ തുക വസൂലാക്കുന്നുവത്രെ. പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്തുകൊടുക്കാന്‍ പ്രത്യേകം ആളുകളുണ്ട്. ഇതിനു പുറമേ ദശാപഹാര ഗോചരഫലങ്ങളുടെ അടിപ്പടയില്‍ രത്നക്കല്ലുകള്‍ പതിച്ച മോതിരവും നിര്‍ദ്ദേശിക്കുന്നു. ഈ മോതിരം നഗരത്തിലെ ഒരു ജ്വല്ലറിയില്‍ മാത്രമേ കിട്ടൂ.
ആര്. പാര്ത്ഥന് അയ്യര്‍ക്ക് നല്ല തിരക്കാണെന്ന് അന്പഴകന് തുടര്‍ന്നു പറഞ്ഞു. കാലത്ത് അഞ്ചുമണി മുതല്‍ രാത്രി ഏഴുമണിവരെ പ്രാക്ടീസ് ചെയ്യുന്ന കെട്ടിടത്തിനു മുന്നില്‍ കാറുകളാണ്. ചെന്നൈ താണ്ടി പോണ്ടിച്ചേരിയില്‍ നിന്നുവരെ ആളുകള്‍ തേടി വരുന്നു. എല്ലാവരും തൃപ്തിയോടെ തിരിച്ചുപോവുന്നു.
പ്രാക്ടീസ് ചെയ്യുന്ന കെട്ടിടം കോവൈപുതൂരിലാണെങ്കിലും ആര്. പാര്ത്ഥന് അയ്യര്‍ എവിടെയാണ് താമസമെന്നും ആര്‍ക്കും കൃത്യമായി അറിയില്ല. വിസിറ്റിങ് കാര്‍ഡില്‍ സായിബാബ കോളനിയിലെ വിലാസമാണുള്ളതെങ്കിലും ആ വിലാസത്തില്‍ ആള്‍ത്താമസമില്ല. മൂന്നു മൊബൈല്‍ നമ്പറുകള്‍ കൊടുത്തിട്ടുണ്ടെങ്കിലും എല്ലാം ‘ഔട്ട് ഓഫ് കവറേജ്’ നെറ്റ്വര്‍ക്കാണ്.
ഇത്രയും ദുരൂഹതകളുമായി ഒരാള്‍ക്ക് എങ്ങനെ പൊതുജനമധ്യത്തില്‍ ഇടപഴകാന്‍ കഴിയുന്നുവെന്ന് രാമശേഷന് അന്തിച്ചു. പുതിയ കാലം ഇത്തരം ആളുകള്‍ക്കും ഇടം നല്‍കുന്നുണ്ടെന്ന് അന്പഴകന് ന്യായം പറഞ്ഞു.
കര്‍ണാടകയിലെ ഒരു പ്രമുഖ ചാനലില്‍ ആഴ്ചഫലം പറയുന്ന ആള് വെറും ഗോചരഫലത്തിന്റെ അടിസ്ഥാനത്തിലാണ് മൊത്തം സമയത്തെ വിലയിരുത്തുന്നത്. ദശാപഹാരങ്ങള്‍ നോക്കിയല്ല. വെറും നക്ഷത്രത്തിന്റെ പേരില്‍ പരിഹാരങ്ങളും രത്നക്കല്ലുകളും നിര്‍ദ്ദേശിക്കുന്നു. അയാളുടെ ‘ഷോ’ കാണാന്‍ തിരക്കുകള്‍ മാറ്റി വെച്ച് ടിവിക്കു മുന്നില്‍ തിടുക്കം കൂട്ടുന്നു.
മുംബൈയിലെ പങ്കജ് ശര്‍മ എല്ലാ വെള്ളിയാഴ്ചയും ദുബായിയിലേക്കാണ് പറക്കുന്നത്. പിറ്റേദിവസം ഷാര്‍ജയില്‍. ഈ രണ്ടു ദിവസത്തെ അയാളുടെ സമ്പാദ്യം കഷ്ടിച്ച് ഒരു ലക്ഷം രൂപയോടടുത്തു വരും. അയാള്‍ക്കും ശാസ്ത്രീയമായി ജ്യോതിഷം പഠിച്ച അടിത്തറയില്ല. പരിചയസമ്പത്തുള്ള ഒരു ജ്യോതിഷിയുടെ കീഴില്‍ കുറച്ചുവര്‍ഷങ്ങള്‍ പണിയെടുത്ത പരിചയമേയുള്ളൂ.
നാം നമ്മുടെ നാട്ടിലെ തന്നെ ദിവസഫലം എഴുതുന്ന ജ്യോത്സ്യന്റെ കാര്യമെടുക്കുക. അയാള്‍ ഒരേ ഫലം ഓരോ ദിവസം ഓരോരോ രാശിക്കാര്‍ക്ക് മാറ്റിയെഴുതുകയാണ്. ഇന്ന് കര്‍ക്കടക രാശിക്കെഴുതുന്ന ദിവസഫലം നാളെ അതേപടി വൃശ്ചികരാശിക്കെഴുതും. ഇന്ന് വൃശ്ചികത്തിനെഴുതുന്നത് നാളെ മീനത്തിനെഴുതും. ത്രികോണരാശികളായതുകൊണ്ട് എഴുതുന്നതില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ സത്യമാവും. മതി, സന്തുഷ്ടരാവാന്‍ സാധാരണ ജനങ്ങള്‍ക്ക് അതുമതി.
കാലത്തില്‍ വരുന്ന മാറ്റം എത്ര വേഗമാണ് ശാസ്ത്രത്തിന്റെ അടിവേരുകളെ മൂലത്തോടെ പിഴുതെടുക്കുന്നതെന്ന്, ആ കാലത്തെ ഉള്‍ക്കൊള്ളാനാവാതെ രാമശേഷന് പകച്ചു. ഇങ്ങനെയൊരു കാലമാറ്റം കുഴല്മന്ദമോ, തത്തമംഗലമോ, അമ്പലപ്പാറയോ, തിരിച്ചന്തൂരോ എപ്പോഴെങ്കിലും വിഭാവനം ചെയ്തിരിക്കുമോ? ഹോരകള്‍ എഴുതുമ്പോള്‍ വരാഹമിഹിരന് മനക്കണ്ണില്‍ കണ്ടിരിക്കുമോ? സൗരയൂഥത്തിലെ പ്രതികള്ക്കറിയുമായിരുന്നോ?
രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ ഒരു കാര്യം മനസ്സില്‍ തേട്ടിത്തേട്ടി വന്നു.
എംഎ ഡിഗ്രിയെടുക്കാതെ പേരിനോടൊപ്പം ഡിഗ്രി വെക്കുന്നത് കുറ്റകരമല്ലേ? പട്ടാപ്പകല്‍ പൊതുജനങ്ങളെ പറ്റിക്കലല്ലേ? ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അതിന് വകുപ്പുകളുണ്ടാവില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: