പണ്ട് പണ്ട്, ഏഷ്യാമൈനറില്‍ ഒരു കൊച്ചു രാജ്യമുണ്ടായിരുന്നു. പൊണ്ടു. എന്നും റോമാ സാമ്രാജ്യത്തിന്റെ ശത്രുവായിരുന്നു പൊണ്ടുവിലെ രാജാവ് മിത്രിഡേറ്റ്.
ശത്രുഭയമായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശത്രുക്കള്‍ തട്ടിക്കളയുമെന്നായിരുന്നു ഇഷ്ടന്റെ പേടി. റോമാക്കാരെ മാത്രമല്ല, സ്വന്തം കൊട്ടാരത്തിലെ ഇഷ്ടക്കാരെയും മിത്രിഡേറ്റിന് ഭയമായിരുന്നു. ഈ ഭയം ഒഴിവാക്കാന്‍ മിത്രിഡേറ്റ് ഒരു വഴി കണ്ടെത്തി.
കൊട്ടാരത്തില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള താറാവുകള്‍ക്ക് ക്രമാനുഗതമായി വിഷം നല്‍കുക. അവയെ കൊന്ന് ചോര കുടിക്കുകയും ചെയ്യുക. ക്രമേണ രാജാവിന്റെ ശരീരത്തില്‍ വിഷത്തിനെതിരായ പ്രതിരോധം രൂപപ്പെട്ടുവത്രേ. സാധാരണ വിഷങ്ങളൊന്നും നല്കിയാല് രാജാവിന് ഒന്നും സംഭവിക്കില്ലയെന്ന അവസ്ഥ. എങ്കിലും അദ്ദേഹം ആരോഗ്യവാനായിരുന്നു. റോമാക്കാരുടെ നിരന്തര ആക്രമണങ്ങളും സ്വന്തം കൊട്ടാരത്തിലെ ചതി പ്രയോഗങ്ങളും കൊണ്ട് പൊറുതിമുട്ടിയ മിത്രിഡേറ്റ് കൊടുംവിഷം കുടിച്ച് ആത്മഹത്യ ചെയ്തു.
ഈ കഥയുടെ ചുവടുപിടിച്ചാണ് വിഷത്തിന്റെ ചെറുമാത്രകള് കഴിച്ച് പ്രതിരോധം നേടുന്ന ഏര്‍പ്പാടിനെ മിത്രദേറ്റിസം എന്നു വിളിക്കാന്‍ തുടങ്ങിയത്. പ്രതിവിഷ മരുന്ന് കുത്തിവച്ച് പാമ്പുകടിയേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ തുടക്കം 1896 ലായിരുന്നു. ലൂയി പാസ്ചറുടെ ശിഷ്യനും, പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനുമായിരുന്ന ആല്‍ബര്‍ട്ട് കാല്മെറ്റായിരുന്നു ഈ വിദ്യ കണ്ടുപിടിച്ചത്.
വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോണില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്ക് പാമ്പുകടിയേറ്റതായിരുന്നു കാല്മെറ്റിനെ വിഷ ഗവേഷണത്തിന് പ്രേരിപ്പിച്ചത്. മൂര്‍ഖന്‍ എതിരായ പ്രതിവിഷമാണ് അദ്ദേഹം ആദ്യമായി ഉല്‍പ്പാദിപ്പിച്ചത്. അക്കാലത്ത് ആളുകള്‍ അതിനെ ‘കാല്‍മെറ്റ് സിറം’ എന്നു വിളിച്ചു.
പക്ഷേ പറയുന്നത്ര എളുപ്പമല്ല പ്രതിവിഷ നിര്‍മാണം. തടങ്കലില്‍ ചെല്ലും ചെലവും ചികിത്സയും നല്കി പാമ്പുകളെ ആരോഗ്യത്തോടെ പരിപാലിക്കണം. അപകടമുണ്ടാകാതെ പാമ്പിന് വിഷം കറന്നെടുക്കണം. പതിനായിരം വട്ടം ശ്രമിച്ചെങ്കില്‍ മാത്രമേ ചില പാമ്പുകളില്‍നിന്ന് വിഷം ലഭിക്കൂ. അതിന് മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കോറല്‍ സ്നേക്കിന്റെ ഒരു മാത്ര വിഷത്തിനായി മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരുമത്രേ. പാമ്പിന്റെ വിഷം ശുദ്ധീകരിച്ച് കരുത്തുറ്റ കുതിരകളില്‍ വാക്സിനേഷന് നടത്തുകയാണ് അടുത്ത പണി. ഏതാണ്ട് മൂന്നുമാസം കൊണ്ട് കുതിരകളില്‍ ആന്റിബോഡികള്‍ രൂപമെടുക്കും. ഒരു കുതിരയില്‍നിന്ന് മൂന്ന് മുതല്‍ ആറുവരെ ലിറ്റര്‍ രക്തം ശേഖരിച്ച്, ശുദ്ധീകരിച്ച് വേണം പ്ലാസ്മ എടുക്കാന്‍. ചില എന്‍സൈമുകളുടെ സഹായത്തോടെ ആന്റിബോഡിയിലെ അവശ്യചേരുവകള്‍ വേര്‍തിരിക്കും. അതൊക്കെ ചെയ്യുന്നതാവട്ടെ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണങ്ങള്‍ക്കനുസൃതമായി മാത്രവും.
പക്ഷേ മിണ്ടാപ്രാണികളോടുള്ള ഈ ക്രൂരത അവസാനിക്കാന്‍ പോകുന്നു. പാമ്പുകള്‍ക്കും കുതിരകള്‍ക്കും പുണ്യകാലം വരാനിരിക്കുന്നു. പാമ്പിന് വിഷം ഗവേഷണ ശാലയില്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നു. ‘നെതര്‍ലാന്റിലെ’ ഹ്യൂബര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്മെന്റല്‍ ബയോളജി ആന്‍ഡ് സ്റ്റെംസെല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടെത്തല്‍ 2020 ജനുവരിയിലെ ‘സെല്‍’ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധ ഗവേഷകനായ ഹാന്‍സ് ക്ലിവേഴ്സും ശിഷ്യന്മാരായ ‘യോറിക് പോസ്റ്റ്’ ജെന്‍സ് പുഷ്ചോഫ്, ജ്യോപ് ബ്യൂമര്‍ എന്നിവരും ചേര്‍ന്നാണ് ചരിത്രത്തിലെ മഹത്തരമായ ഈ കണ്ടുപിടുത്തം നടത്തിയത്. പാമ്പിന്റെ വിഷ ഗ്രന്ഥി അവര്‍ കൃത്രിമമായി സൃഷ്ടിച്ച കോറല്‍ പാമ്പിന്റെ സംയോഗം നടന്ന അണ്ഡത്തില് നിന്ന് അടര്‍ത്തിയെടുത്താണ് ‘ഓര്‍ഗനോയിഡുകള്‍’എന്ന് വിളിക്കുന്ന ലഘുവിഷ ഗ്രന്ഥികള്‍ വികസിപ്പിച്ചെടുത്തത്. അതേ മാതൃകയില്‍ കരള്‍, കുടല്, പാന്‍ക്രിയാസ് എന്നിവയും ഉണ്ടാക്കിയതായി ഇവര്‍ അവകാശപ്പെടുന്നു.
ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ പാമ്പ് വിഷത്തിന്റെ പ്രതിവിഷം സുലഭമാവും. അതിന്റെ വില കുറയും. പ്രതിവിഷമുണ്ടാക്കാന് പാമ്പ് വളര്‍ത്തലും വിഷം കറന്നെടുക്കലുമൊന്നും വേണ്ടിവരില്ല. ഒരുപക്ഷേ വിഷം വളര്‍ത്തിയെടുക്കുന്ന ദൗത്യത്തില്‍നിന്ന് കുതിരകളും രക്ഷപ്പെട്ടേക്കാം.
വാല്‍ക്കഷണം
പാമ്പിന് വിഷം കറന്നെടുക്കുന്നതില് പ്രസിദ്ധനായ ബിന്ഹാസ്റ്റ് പൊണ്ടുവിലെ രാജാവിന്റെ മാതൃകയായിരുന്നുവത്രേ പിന്തുടര്ന്നത്. നിരവധി വര്‍ഷം പാമ്പിന് വിഷം സ്വയം കുത്തിവച്ചു. മൂര്‍ഖന്റെ വിഷമായിരുന്നു ഇഷ്ടന് പ്രിയം. രാജവെമ്പാലയുടേതടക്കം 172 സര്പ്പദംശനങ്ങളില് നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടു. ലോകത്തിന്റെ പല ഭാഗത്തും വിഷബാധയേറ്റവരെ ചെന്ന് കണ്ട് സ്വന്തം രക്തം നല്കി രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: