ചങ്ങനാശേരി: മുന്നോക്ക വിഭാഗങ്ങളിലെ സംവരണം പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് 10% സംവരണം നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു ജസ്റ്റിസ് ശശിധരന്‍നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി സാമ്പത്തികസംവരണം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 10% സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായി ഒരുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അതു നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തുന്നതും തടസങ്ങള്‍ സൃഷ്ടിക്കുന്നതുമായ സര്‍ക്കാര്‍നിലപാട് ന്യായീകരിക്കാവുന്നതല്ലന്നും അദേഹം പറഞ്ഞു.
കുടുംബത്തിന്റെ വരുമാനവും ഭൂവിസ്തൃതിയും കണക്കാക്കുന്നതിന് അപേക്ഷകന്‍, അപേക്ഷകന്റെ മാതാപിതാക്കള്‍, 18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകന്റെ പങ്കാളി, അപേക്ഷകന്റെ 18- വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെമാത്രമാണു കുടുംബം എന്ന നിര്‍വചനത്തില്‍ കമ്മിഷന്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തികസംവരണം നടപ്പാക്കാന്‍ ഇതുപോലെതന്നെയാണു കേന്ദ്രസര്‍ക്കാരും കുടുംബം എന്നതിനു നിര്‍വചനം നല്‍കിയിട്ടുള്ളത്.
10% സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് കഴിഞ്ഞ 12നു കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥഭരണപരിഷ്‌കാര റൂള്‍സ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ കമ്മിഷന്‍ കുടുംബത്തിനു നല്‍കിയിട്ടുള്ള നിര്‍വചനത്തിലെ മേല്‍പ്പറഞ്ഞവരെ കൂടാതെ, 18 വയസിനു മുകളിലുള്ള കുടുംബത്തെ ആശ്രയിച്ചു കഴിയുന്നവരെകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍, അപേക്ഷകനോടൊപ്പം ഒരു വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയായ സഹോദരങ്ങളുടെ വക ഭൂമിയും വരുമാനവും അപേക്ഷകന്റെ കുടുംബത്തിന്റെ സ്വത്തായും വരുമാനമായും കണക്കാക്കേണ്ടിവരുമെന്ന് അദേഹം പറഞ്ഞു.
കുടുംബത്തെ ആശ്രയിച്ചു ജീവിക്കുന്ന ഇത്തരക്കാര്‍ ഇല്ലെന്ന്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെട്ട വില്ലേജ് ഓഫീസറെ രേഖാമൂലം ബോധ്യപ്പെടുത്തേണ്ട ബാധ്യതകൂടി അപേക്ഷകനുണ്ടാകും. ഇത് അപ്രായോഗികമാണ്. ഇതു മറ്റു പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ഭൂവിസ്തൃതി, വരുമാനം എന്നിവയ്‌ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ അപേക്ഷകര്‍ നട്ടംതിരിയുന്ന അവസ്ഥയുണ്ടാകും. 10% സാമ്പത്തികസംവരണം എന്നു മുതല്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമല്ല. 10% സാമ്പത്തികസംവരണം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍, കമ്മിഷന്‍ റിപ്പോര്‍ട്ട് അവഗണിച്ചു തെറ്റായിച്ചേര്‍ത്ത ഭേദഗതികള്‍ ഒഴിവാക്കണമെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: