ഇരിട്ടി: തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും രണ്ടുമാസമായി ശമ്പളം മുടങ്ങിയതോടെ ആറളം ഫാം വീണ്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. മാനേജിംങ്ങ് ഡയരക്ടര്‍ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഫലത്തില്‍ നാഥനില്ലാത അവസ്ഥയിലാണ് ഇപ്പോൾ ആറളം ഫാം.
ഡിസംബര്‍ , ജനുവരി മാസത്തെ വേതനവും കൂലിയുമാണ് മുടങ്ങിക്കിടക്കുന്നത്. ഒരാഴ്‌ച്ച കൂടി കഴിഞ്ഞാല്‍ ഫെബ്രുവരി മാസത്തെ ശമ്പളവും കൊടുക്കേണ്ടി വരും. വരുമാനം തീരെ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ജനുവരിയില്‍ കശുവണ്ടിയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും വന്‍ ഉല്‍പ്പാദന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന കശുവണ്ടിയുടെ മൂന്നിലൊന്ന് പോലും ഇത്തവണ ലഭിച്ചിട്ടില്ല. കാലാവസ്ഥയിലെ വ്യതിയാനം മൂലം ഉത്തവണ ഉല്‍പ്പാദനം മൂന്നിലൊന്നായി കുറയുമെന്നാണ് പറയുന്നത്. സാധാരണ നാലുമാസത്തെ ദൈനദിന ചിലവിന് കശുവണ്ടിയിലെ വരുമാനമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഫാമില്‍ സ്ഥിരം തൊഴിലാളികളും താല്‍ക്കാലിക തൊഴിലാളികളും ജീവനക്കാരുമാടക്കം 390പേരാണുള്ളത്. ഇതില്‍ താല്‍ക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേര്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരാണ്. നാലുമാസം മുന്‍മ്പാണ് ഫാമിന് എംഡി തസ്തികയില്‍ നിയമനം നടത്തിയത്. കാര്‍ഷിക വിദഗ്തനായ വിമല്‍ ഖോഷ് എംഡിയായി നിയമിതനായെങ്കിലും ഡിസംബറില്‍ അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി അവസാനിച്ചു. ഐഎഎസ് തസ്തികയിലുള്ള ഒരാളെയാണ് എം ഡി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്. ഐഎഎസ് യോഗ്യതയ്‌ക്ക് പുറത്തു നിന്നും ഒരാളെ എംഡിയായി പരിഗണിക്കുമ്പോള്‍ നിയമിക്കപ്പെടുന്നയാള്‍ക്ക് കേരളത്തിലെ 14 ജില്ലകളിലും വിജിലന്‍സ് കേസുകളും മറ്റും ഇല്ലെന്ന ഉറപ്പു വരുത്തണം. ഇതിനുള്ള വെരിഫിക്കേഷന്‍ വൈകുന്നതാണ് എംഡി നിയമനത്തെ ബാധിക്കുന്നത്. ഇപ്പോള്‍ ഫാമിന്റെ ചുമതല തലശ്ശേരി സബ് കലക്ടര്‍ക്കാണ്.
വന്‍ പ്രതിസന്ധിയാണ് ഫാമിനെ തുറിച്ചു നോക്കുന്നത്. രണ്ട് മാസത്തെ ശബളം കശുവണ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും നല്‍കാന്‍ കഴിയുമെങ്കിലും വരും മാസങ്ങളില്‍ എന്തു ചെയ്യുമെന്നകാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല. മഴക്കാലമാണ് ഫാമില്‍ വരുമാനം തീരെ കുറഞ്ഞ കാലഘട്ടം. മുന്‍കാലങ്ങളിലെല്ലാം കാലവര്‍ഷത്തിന് മുന്‍മ്പുള്ള കാലത്തെ നീക്കിയിരിപ്പ് ഉപയോഗപ്പെടുത്തിയാണ് പഞ്ഞമാസത്തെ പ്രതിസന്ധി പരിഹരിച്ചിരുന്നത്.എന്നാല്‍ ഇക്കുറി അതിനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരുമാസത്തെ ശമ്പളം മാത്രം നല്‍കാന്‍ 70ലക്ഷത്തോളം രൂപ വേണം.
മുടങ്ങിക്കിടക്കുന്ന രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുപകൂല്യങ്ങളും നല്‍കണമെങ്കില്‍ ഒന്നരക്കോടിയോളം രൂപവേണം. പിരിഞ്ഞുപോയ 25 ഓളം ജീവിനക്കാര്‍ക്ക് നല്‍കാനുള്ള ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 1.25 കോടി വേണം. ബാങ്ക് ലോണും മറ്റ് ചെലവുകള്‍ക്കുമായി ഒരു കോടിയോളം വരും. ഇപ്പോള്‍ ഫാമിലുള്ള ഏക വരുമാനം ലാറ്റക്‌സില്‍ നിന്നും ലഭിക്കുന്ന അഞ്ചുലക്ഷത്തോളം രൂപ മാത്രമാണ്. പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന തേങ്ങയില്‍ നിന്നും കുരങ്ങ് ശല്യം കാരണം വരുമാനം നാലിലൊന്നായി കുറഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് ഇനിമുതല്‍ ധനകാര്യ വകുപ്പില്‍ നിന്നും പണം അനുവദിക്കില്ലെന്ന് നേരത്തെ തന്നെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇതോടെ അതിനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: