തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും.
വണ്ടി ഓടിക്കുന്നതിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവര്‍ ഹേമരാജ് ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കിയിട്ടുണ്ട്. ഡിവൈഡറില്‍ ഇടിച്ചശേഷം അതിന്റെ ആഘാതത്തില്‍ കണ്ടെനര്‍ ലോറി ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. അപകടത്തില്‍ 19 പേരുടെ ജീവനാണ് മരിച്ചത്. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
അതേസമയം നിരവധി പേര് ചകിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ വ്യാഴാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര് ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആര്‍ടിസി സൗത്ത് ബസ് സ്റ്റേഷനില്‍ അല്പസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് റീത്ത് സമര്‍പ്പിച്ചു.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കണ്ടക്ടര്‍ വി.ആര്. ബൈജുവിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ഡ്രൈവര്‍ വി.ഡി. ഗിരീഷിന്റെ സംസ്കാര ചടങ്ങുകള്‍ 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: