കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് പ്രവേശിച്ചത് മുതലുള്ള കൂട്ടുകെട്ടായിരുന്നു അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട ഗിരീഷിന്റെയും ബൈജുവിന്റെയും. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ ജോലി തുടങ്ങിയിട്ട്. ആ സുഹൃദ്ബന്ധം എന്നും അങ്ങനെ തന്നെയായിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ രമേശ് പറയുന്നു.
‘ഏഴു വര്‍ഷത്തിലധികമായി എനിക്ക് ഇരുവരേയും അറിയാം. ഇരുവരുടേയും ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നതും ഒരുമിച്ചായിരുന്നു. ജോലിയിലെന്നപോലെ എല്ലാത്തിനും അവര്‍ ഒരുമിച്ചായിരുന്നു, ഒടുവില്‍ മരണത്തിലേക്കും…,’രമേശിന് മുഴുമിക്കാനായില്ല.
ജോലിയോട് അത്ര മേല്‍ ആത്മാര്‍ത്ഥത കാണിച്ച ആളാണ് ബൈജുച്ചേട്ടന്. കെഎസ്ആര്‍ടിസിയുടെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ വെറും അര മണിക്കൂര്‍ മാത്രം വിശ്രമിച്ച ശേഷം ജോലിയില്‍ ബൈജു പ്രവേശിച്ചു, രമേശ് ഓര്‍ത്തെടുത്തു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മിക്ക ആഴ്ചയുടെ അവസാനം കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ടിക്കറ്റുകളും ബുക്കിങ്ങായിരിക്കും. ഒരിക്കല്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേയ്ക്ക് പുറപ്പെട്ട അന്തര്‍ സംസ്ഥാന ബസ് കൃഷ്ണഗിരിയില്‍ ബ്രേക്ക് ഡൗണായി. തൊട്ടടുത്ത ദിവസം എറണാകുളത്ത് നിന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താനിരുന്ന ബസായിരുന്നു ഇത്.
ബസിലെ മുഴുവന്‍ ടിക്കറ്റുകള്‍ റിസര്‍വ് ആകുകയും ബസ് ബ്രേക്ക് ഡൗണ്‍ ആയതോടെയും അധികൃതര്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. ട്രിപ്പ് ഒഴിവാക്കുകയെന്നല്ലാതെ മറ്റുവഴികള്‍ ഉണ്ടായില്ല. ഒടുവില്‍ തൊട്ട് തലേന്ന് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് വിളിച്ച് വരുത്തിയാലോ എന്നും ചിന്തിച്ചു. അങ്ങനെ ബൈജുവിനെയും ആന്റണി റെന്‍സില്‍ റോച്ച എന്നയാളേയും വിളിച്ച് വരുത്തുകയായിരുന്നു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് സാധാരണ വിശ്രമിക്കാമുള്ള സമയവും എടുത്തതിന് ശേഷമാണ് തിരിച്ചെത്തുക. എന്നാല്‍ അതൊന്നും ബൈജു ചേട്ടന് പ്രശ്നമായിരുന്നില്ല, രമേശ് പറഞ്ഞു നിര്‍ത്തി.
ഇരുവരെയും എപ്പോഴും ഒരുമിച്ചായിരുന്നു കാണുക. പെരുമാറ്റത്തിലെ പ്രത്യേകത തന്നെയാണ് ബൈജുവിനെയും ഗിരീഷിനെയും മറ്റുള്ളവര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നതും. യാത്രക്കാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവരൊരുമിച്ച് നില്ക്കുമായിരുന്നു. ഇരുവരുടെയും വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് പറയുമ്പോള്‍ രമേശിന്റെ കണ്ണ് നിറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: