‘ധര്‍മത്തെത്തരേണമേ
ധനത്തെത്തരേണമേ
നിര്‍മലമൂര്‍ത്തേ കാമ
ഭോഗങ്ങള്‍ നല്‍കേണമേ
ഗുണവും സല്‍കീര്‍ത്തിയും
സുഖവും നല്‍കേണമേ
ഗുണവാരിധേ! സ്വര്‍ഗ
മോക്ഷങ്ങള്‍ നല്‍കേണമേ’
അഗ്നിപുരാണത്തിലെ ശിവപ്രാര്‍ഥനയാണിത്. പ്രപഞ്ചത്തിന്റെ സമസ്തവ്യാപാരങ്ങളേയും സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് മൂന്നായി അധ്യാത്മജ്ഞാനികള്‍ വിഭജിച്ചിരിക്കിരുന്നു. ഇവയ്‌ക്കായി മൂന്ന് ഈശ്വരരൂപങ്ങളും. സൃഷ്ടിക്ക് ബ്രഹ്മാവ്, സ്ഥിതിയ്‌ക്ക് വിഷ്ണു, സംഹാരത്തിന് ശിവനും. ഈ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജനിലയമാണ് മഹാദേവന്‍. ആ താണ്ഡവം യഥാര്‍ഥത്തില്‍ ഊര്‍ജനൃത്തമാണ്. ബ്രഹ്മാവി
നും വിഷ്ണുവിനും ഒരുപടി മുകളിലാണ് ശിവന്‍. ശങ്കരനെ ആരാധിച്ചതുമൂലം വിഷ്ണുഭഗവാന് സുദര്‍ശനചക്രം ലഭിച്ചു. അതുകൊണ്ട് ദൈത്യന്മാരെ സംഹരിക്കുകയും ചെയ്തു. ശിവാരാധനയുടെ പരകോടിയിലാവണം മഹാവിഷ്ണു ശിവസഹസ്രനാമ സ്‌തോത്രം ചൊല്ലിപ്പോയത്.
ശിവമഹിമയറിയാന്‍ ഈ സ്‌തോത്രഖണ്ഡം മതിയാകും:
‘ധ്യാനാധാരോളപരിച്ഛേദ്യോ
ഗൗരീഭര്‍താഗണേശ്വരഃ
അഷ്ടമൂര്‍ത്തിര്‍വിശ്വമൂര്‍ത്തി
സ്ത്രിവര്‍ഗസ്വര്‍ഗസാധനഃ’ (4)
അര്‍ഥം; ധ്യാനത്തിന് ആധാരമായവന്‍, ദേശം, കാലം, വസ്തു ഇവയുടെ അതിരിട്ടു തിരിക്കാന്‍ വയ്യാത്തവന്‍, പാര്‍വതീകാന്തന്‍, പ്രഥമഗണങ്ങളുടെ ഈശ്വരന്‍, ജലം, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഭൂമി, യജമാനനന്‍ എന്നീ എട്ടുമൂര്‍ത്തികളുള്ളവന്‍, അഖിലബ്രഹ്മാണ്ഡമായ വിരാട് പുരുഷന്‍, ധര്‍മം, അര്‍ഥം, കാമം ഇവയും സ്വര്‍ഗപ്രാപ്തിയും സാധിച്ചു തരുന്നവന്‍.
വിഷ്ണുഭഗവാന്റെ ഈ സ്വരപ്രശംസയ്‌ക്കപ്പുറം ശിവമാഹാത്മ്യത്തിന് മറ്റെന്തു പ്രമാണപത്രമാണു വേണ്ടത്?
കുഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിയാണ് മഹാശിവരാത്രി ആചരണം എന്ന് ഓരോ ഹൈന്ദവനും അറിയുക.
ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും ശ്രീപാ ര്‍വതിയും കൂടി ഭഗവാന്‍ ശിവനോട് ഒരു ചോദ്യമുന്നയിച്ചു. ‘ഏതുവ്രതത്താല്‍ സന്തുഷ്ടനായിട്ടാണ് അങ്ങ് അത്യുത്തമ സുഖം പ്രദാനം ചെയ്യുന്നത്? ഏതു വ്രതമനുഷ്ഠിച്ചാല്‍ ഭക്തജനങ്ങള്‍ക്ക് സൗഖ്യവും മോക്ഷവും ലഭിക്കും?’
പരമശിവന്റെ മറുപടി, സൂതന്‍ ഋഷിമാര്‍ക്ക് ശിവപുരാണത്തില്‍ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നു: ശിവന് അനേകം വ്രതങ്ങളുണ്ട്. എല്ലാം സൗഖ്യവും മോക്ഷവും പ്രദാനം ചെയ്യുന്നവയും. പത്തു വ്രതങ്ങളാണ് അതില്‍ പ്രധാനം. ‘ദശശൈവവ്രതങ്ങള്‍’ എന്നവ അറിയപ്പെടുന്നു. ഇവയില്‍ ഏറ്റവുമധികം ശക്തി ശിവരാത്രി വ്രതത്തിനാണ്. ഇതല്ലാതെ മറ്റൊരു വ്രതവും മനുഷ്യര്‍ക്ക് ഹിതകരമല്ല. ഈ വ്രതം സകലര്‍ക്കും ഉത്തമധര്‍മസാധനമാകുന്നു. നിഷ്‌കാമമോ, സകാമമോ ആയ മനോഭാവമുള്ള സകലമനുഷനുഷ്യര്‍ക്കും, വര്‍ണങ്ങള്‍, ആശ്രമങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ദാസന്മാര്‍, ദാസികള്‍ ദേവന്മാര്‍ മുതലായി സകലദേഹധാരികള്‍ക്കും ഈ ശ്രേഷ്ഠവ്രതം ഹിതകരം തന്നെ. മാഘമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി ശിവരാത്രി വിശേഷമാഹാത്മ്യമുള്ളതു തന്നെ. അര്‍ധരാത്രി വരെ ആ തിഥിയുള്ള ദിവസമാണ് വ്രതത്തിന് അത്യുത്തമം.
ശിവരാത്രിവ്രതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശിവപുരാണത്തില്‍ ഒരു കഥയുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലൊരു യുദ്ധമുണ്ടായി. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെതിരെ പാശുപതാസ്ത്രം വിഷ്ണു തൊടുത്തു. ലോകം മുഴുവന്‍ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ, ബ്രഹ്മാവിനോ കഴിഞ്ഞില്ല. രണ്ടുപേരും പകച്ചു നില്‍ക്കവേ അവരുടെ മധ്യത്തില്‍ ഒരു ശിവലിംഗം ഉയര്‍ന്നു വന്നു. അതിന്റെ രണ്ടഗ്രങ്ങളും അദൃശ്യമായിരുന്നു. കണ്ടുപിടിക്കാനായി ബ്രഹ്മാവ് മേല്‍പ്പോട്ടും കീഴ്‌പോട്ടും സഞ്ചരിച്ചു. ഒടുവില്‍ ഇരുവരുടെയും ഇടയില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസം കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. എല്ലാവര്‍ഷവും പ്രസ്തുത രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രിവ്രതമെന്ന് പേരായിരിക്കണമെന്നും ശിവന്‍ അരുളി.
മഹാപഞ്ചവിഷങ്ങളിലൊന്നാണ് കാളകൂടം. കാലനെക്കൂടി ദഹിപ്പിക്കുന്നത് എന്നര്‍ഥം. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ആവിര്‍ഭവിച്ച ദുഷ്ടാംശമായ കാളകൂടവിഷം ശിവന്‍ ലോകരക്ഷാര്‍ഥം ഭക്ഷിച്ചു.
അതിന്റെ അനുസ്മരണമാണ് ശിവരാത്രി. ഹലാഹലം കുടിച്ച് നീലകണ്ഠനായ ശിവനെ ആരാധിക്കുക. ആര്‍ക്കും വിഷബാധയേല്‍ക്കില്ല.
ശിവരാത്രി മഹാത്മ്യത്തിലും അഗ്നിപുരാണത്തിലും ശിവപുരാണത്തിലും ശിവരാത്രിവ്രതം നോറ്റ്, പുണ്യാത്മാക്കളായി മാറ്റിയ അനേകം പാപാത്മാക്കളുടെ കഥപറയുന്നുണ്ട്. ഒരു സുന്ദരസേനന്റെയും സുകുമാരന്റെയും കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം.
ശിവരാത്രിവ്രതം കേവലം ഉറക്കമിളയ്‌ക്കലല്ല. വ്രതം അവസാനിപ്പക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനയും സൂതന്‍ ഋഷിമാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു.
‘ദേവദേവ മഹാദേവ
ശരണാഗതവത്സല
വ്രതേനാനേന ദേവേശ
കൃപാംകുരു മമോപരി
മയാഭക്ത്യനുസാരേണ
വ്രതമേതല്‍ കൃതം ശിവ
ന്യൂനം സമ്പൂര്‍ണതാം യാതു
പ്രസദാത്തവ ശങ്കര!’
അര്‍ഥം: ദേവദേവമഹാദേവ, ശരണാഗതവത്സല, ദേവേശ്വര, ഈ വ്രതം കൊണ്ടു സന്തുഷ്ടനാകേണമേ, അവിടുന്ന് എന്റെമേല്‍ കരുണ ചെയ്യേണമേ! ശിവശങ്കരാ, ഞാന്‍ ഭക്തിക്കനുസരണമായി ഈ വ്രതം അനുഷ്ഠിക്കുന്നു.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: