പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ ഭവന രഹിതരോടുള്ള അധികാരികളുടെ അലംഭാവത്തിനെതിരെ മാരത്തണ്‍ ഓട്ടക്കാരനായ പെരുന്നല്ലി കൃഷ്ണകുമാര്‍ കൊച്ചിയിലെ തെരുവുകളിലൂടെ ഓടിയത് എട്ട് മണിക്കൂര്‍. സാമൂഹ്യ, സാംസ്‌ക്കരിക മേഖലയിലെ പ്രവര്‍ത്തകരും അദ്ദേഹത്തൊപ്പം ഓടി. കേരള ഭവന രഹിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ‘ജനിച്ച മണ്ണില്‍ തല ചായ്‌ക്കാന്‍ ഇടം വേണം’ എന്ന മുദ്രവാക്യം ഉയര്‍ത്തി മാരത്തണ്‍ നടത്തിയത്.
പളളുരുത്തി ചിറക്കല്‍ കോളനിക്ക് സമീപത്തു നിന്നും ആരംഭിച്ച ഓട്ടം വെസ്റ്റ് കൊച്ചി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ഷുക്കൂര്‍ സേട്ട് ഫഌഗ് ഓഫ് ചെയ്തു. കൂട്ടായ്മ കണ്‍വീനര്‍ ടി.എ ഷാജി അധ്യക്ഷനായി. മഹാത്മാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ ഷമീര്‍ വളവത്ത്, അന്തര്‍ദേശീയ ഗുസ്തി റഫറി എം.എം. സലീം, കെ.എ. നസീമ, ഇ.ഡി. ഷാജു, ബുഷറ പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.
ലൈഫ് പദ്ധതി പ്രകാരം വീടിനായി പതിനൊന്നായിരം കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിക്കായും പതിനായിരത്തോളം കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരു ഭവനം പോലും പശ്ചിമകൊച്ചി മേഖലയിലെ അപേക്ഷകര്‍ക്ക് നല്‍കിയില്ല.
രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 398 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഫ്ലാറ്റ് പദ്ധതിയും കാലാവധി തീരാന്‍ ഒരു മാസം ബാക്കിനില്‍ക്കെ പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ് കൂട്ടായ്മ മാരത്തണ്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: