ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതി വിധി ലംഘിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങള്‍. പ്രകടനങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് ബുധനാഴ്ച മുസ്ലിം സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. തിരുച്ചിറപ്പള്ളി, ചെപ്പോക്ക്, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. തൂത്തുക്കുടി കളക്ടറേറ്റിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.
മാര്‍ച്ച് പതിനൊന്ന് വരെ തമിഴ്നാട്ടിലെ മുസ്ലിം സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് എം. സത്യനാരായണ, ജസ്റ്റിസ് ആര്. ഹേമലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ബുധനാഴ്ച ഉത്തരവിറക്കിയത്. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുള്ള പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിന് വന്‍ പോലീസ് സന്നാഹത്തോടെയാണ് കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം നടന്നത്. അഞ്ച് ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. നേരത്തെ സിഎഎക്കെതിരെ ഡിഎംകെ ഒപ്പുശേഖരണം നടത്തിയിരുന്നു. നാലായിരം പോലീസുകാരുടെ സുരക്ഷയിലായിരുന്നു ചെപ്പോക്കില്‍ പ്രതിഷേധ പ്രകടനങ്ങള്‍.
പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് സംരക്ഷണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു. വാഷര്‍മാന്‍പേട്ടിലെ പ്രകടനങ്ങള്‍ക്ക് പോലീസിന്റെ അനുമതി തേടാത്തതിനാലാണ് നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രമസമാധാനം തകര്‍ത്തും ഗതാഗത തടസ്സമുണ്ടാക്കിയുമാണ് അവിടെ പ്രതിഷേധം നടന്നത്. പൊതുമുതല്‍ നശിപ്പിച്ചു. പോലീസിനു നേരെ വെള്ളക്കുപ്പികളും, ചെരുപ്പും, കല്ലുമെറിഞ്ഞു. എണ്പത്തിരണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു, പളനിസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: