Categories: Kerala

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍; ഉത്തരവുകളില്‍ വലഞ്ഞ് ഉദ്യോഗസ്ഥര്‍

Published by

കൊല്ലം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നിലപാടുകളും ഉത്തരവും പുറപ്പെടുവിക്കുന്നത് ഉദ്യോഗസ്ഥരെ വലയ്‌ക്കുന്നു. മാറിമാറിയുള്ള സര്‍ക്കുലറുകള്‍ ജോലിഭാരവും ആശങ്കയും വര്‍ധിപ്പിക്കുന്നതായാണ് പ്രധാന ആക്ഷേപം.  

അനര്‍ഹരെ കണ്ടെത്താനും ഒഴിവാക്കാനും അതിനുശേഷം അനര്‍ഹരില്‍നിന്ന് വാങ്ങിയ തുക ഈടാക്കാനും ലക്ഷ്യമിട്ടാണ് തദ്ദേശഭരണവകുപ്പ് മുഖേന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു തുടങ്ങിയത്. മസ്റ്ററിങ് ഇതില്‍ പ്രധാനമായിരുന്നു. പ്രായം തെളിയിക്കുകയാണ് പെന്‍ഷനു വേണ്ടിയുള്ള പ്രധാന കടമ്പ. 13നുള്ള ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം പ്രായം തെളിയിക്കാനുള്ള രേഖയായി അപേക്ഷകന്‍ സ്വയംസാക്ഷ്യപത്രത്തിനൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാല്‍ മതിയാകും.  

ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളില്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖകളായി റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലൈസന്‍സും പാസ്‌പോര്‍ട്ടുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ഒടുവിലാണ് ഈ രേഖകളുടെ അഭാവത്തില്‍ സ്വയംസാക്ഷ്യപത്രവും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും അനുവദിച്ചത്. 2018 ജൂലൈയിലെ സര്‍ക്കുലര്‍ പ്രകാരം പുതുതായി പെന്‍ഷന് അപേക്ഷിക്കുന്നവര്‍ വയസ് തെളിയിക്കുന്നതിന് മറ്റ് രേഖകളില്ലെന്ന് കാണിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി നടപ്പാക്കിയെങ്കിലും പിന്നീടത് നിര്‍ത്തി. പിന്നീടൊരു ഉത്തരവില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അഭാവത്തില്‍ വയസ് തെളിയിക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്നും നിര്‍ദേശിച്ചു. എന്നാല്‍ വയസ് തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കരുതെന്ന 2018 ഡിസംബറിലെ യുഐഎഐ നിര്‍ദേശത്തെ തുടര്‍ന്ന് ഇതും റദ്ദായി.

ആധാര്‍, വയസ് തെളിയിക്കാനുള്ള രേഖയാക്കി ഉപയോഗിക്കാനാകാത്ത സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ പ്രായം തെളിയിക്കാന്‍ വേണ്ട രേഖയായി ഉപയോഗിക്കാമെന്നും മേല്‍രേഖകളുടെ അഭാവത്തില്‍ മാത്രം അപേക്ഷകന്റെ വയസ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലെന്ന സ്വയം സാക്ഷ്യപത്രം തയാറാക്കി ഇതിനൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്നുമാണ് ഇപ്പോഴത്തെ ഉത്തരവ്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതായി തെളിഞ്ഞാല്‍ അത്തരക്കാര്‍ കൈപ്പറ്റിയ പെന്‍ഷന്‍തുക തിരികെ ഈടാക്കും. കൂടാതെ ഭാവിയില്‍ അവര്‍ക്ക് യാതൊരു സര്‍ക്കാര്‍ ധനസഹായവും ലഭിക്കില്ലെന്നും ധനകാര്യ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: kerala