കണ്ണൂര്‍: ഒന്നര വയസ്സുകാരനായ സ്വന്തം മകനെ കരിങ്കല്‍കെട്ടിലടിച്ചുകൊന്ന് കടലിലെറിഞ്ഞ മനുഷ്യത്വം മരവിച്ച മാതാവിന്റെ ചെയ്തിയില്‍ പകച്ച് നാട്. സംസ്ഥാന തലത്തില്‍ത്തന്നെ കണ്ണൂര്‍ തയ്യിലില്‍ നടന്ന ക്രൂരമായ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയാണ്. നൊന്തുപെറ്റ, ഓമനത്വം തുളുമ്പുന്ന പിഞ്ചോമനയെ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ സ്വന്തം കൈകൊണ്ട് കൊലപ്പെടുത്താന്‍ മാത്രം ആ മനസ്സ് എത്രമാത്രം നികൃഷ്ടമാണെന്ന ചോദ്യം സമൂഹമൊന്നാകെ പരസ്പരം ചോദിക്കുകയാണ്. കാമുകനൊത്ത് ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന കാമഭ്രാന്തിന്റെ നികൃഷ്ടത ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ആദ്യഘട്ടത്തില്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശരണ്യയുടെ നാടകങ്ങള്‍, കൊലപാതകം നടത്തിയത് ശരണ്യ തന്നെയെന്ന് പോലീസിന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതോടെ പൊളിഞ്ഞുപോവുകയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും പ്രിയപ്പെട്ടവനായിരുന്ന വിയാന്‍ പ്രദേശവാസികളുടെയെല്ലാം കുഞ്ഞോമനയായിരുന്നു.
‘ഹൃദയമില്ലാത്തവളായ നിന്റെ മരണവും, ഞങ്ങള്‍ക്ക് ഒരുനാള്‍ ആഘോഷമായിരിക്കും ശരണ്യേ…തീര്‍ച്ചയാണത് എന്ന് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലടക്കം മനുഷ്യത്വം നശിച്ച മാതാവിന്റെ ക്രൂര കൃത്യത്തിനെതിരെ നിരവധി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാമുകനോടൊപ്പം ജീവിക്കാനാണ് ഒന്നരവയസുകാരനായ പിഞ്ചുകുഞ്ഞിനെ അരുംകൊല ചെയ്തതെന്ന് സമ്മതിച്ച ശരണ്യയുടെ പ്രവര്‍ത്തിയിലുളള നാട്ടുകാരുടെയും ബന്ധുക്കളുടേയും ഞെട്ടലിന്റെ അടക്കി നിര്‍ത്താനാവാത്ത വികാരമാണ് ഇന്നലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അലയടിച്ചുയര്‍ന്ന പ്രതിഷേധം.
ഒന്നര വയസുകാരനായ മകനെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യ(24)യെ പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് ശരണ്യയുമായി തയ്യില്‍ കടപ്പുറത്ത് പോലീസെത്തിയത്. ശരണ്യക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് മുന്‍കരുതെലെന്ന നിലയില്‍ നേരത്തെ തന്നെ വന്‍ പോലീസ് സന്നാഹം കടപ്പുറത്തെത്തിയിരുന്നു. പിന്നാലെ ശരണ്യയുമായി മൂന്നു ജീപ്പുകളില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ തന്നെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ അസഭ്യവര്‍ഷവുമായി പാഞ്ഞടുത്തു.
കുഞ്ഞിനെക്കൊന്ന അമ്മക്കുള്ള ശിക്ഷ ഞങ്ങള്‍ വിധിക്കാമെന്ന് നാട്ടുകാരില്‍ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തിനാ കുട്ടിയെ കൊന്നത്, നമ്മള്‍ക്ക് തന്നൂടായിരുന്നോ, ഇറക്കിവിട് അവളെ… നമ്മള് കൈകാര്യം ചെയ്യാം…തുടങ്ങി കടുത്ത പ്രതിഷേധമായിരുന്നു പിന്നീട്. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി. ‘പോലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടില്‍ ഇത്രയും ക്രൂരയായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള് പോയത്’ അയല്‍ക്കാര്‍ പറഞ്ഞു.
തനിക്ക് കൊച്ചുമകനെ ലാളിച്ച് കൊതിതീര്‍ന്നിട്ടില്ലെന്ന് മുത്തശ്ശനായ വത്സരാജ് പറഞ്ഞു. വിയാന്റെ മരണം സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണെന്ന് സംഭവിച്ചതെന്നറിഞ്ഞ വാര്‍ത്ത മുത്തശ്ശനായ തന്റെ നെഞ്ച് തകര്‍ത്തുകളഞ്ഞു. ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണെന്നും വത്സരാജ് പറഞ്ഞു. വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന് വത്സരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ഏട്ടന്റെകുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള് നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വത്സരാജ് പറഞ്ഞു.
പോലീസ് ഇടപെട്ടാണ് ബന്ധുക്കളേയും നാട്ടുകാരേയും പിന്തിരിപ്പിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് ശരണ്യ കൊലപാതക രീതി പോലീസിനോട് വിവരിച്ചത്. 12 മിനുട്ടില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും പ്രതിക്ക് കുറ്റബോധത്തിന്റെ ഒരു അംശം പോലുമുണ്ടായിരുന്നില്ല. കൂക്കിവിളിച്ചാണ് ശരണ്യക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കിയത്. ഇനിയൊരമ്മയ്ക്കും ശരണ്യയുടെ ബുദ്ധി തോന്നാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: