വിത്ത് കുത്തി ബിരിയാണി ഉണ്ടാക്കി അത് കഞ്ഞിയുടെ വിലയ്ക്ക് വിറ്റു- ഇതാണ് തോമസ് ഐസക്കിന്റെ ധനകാര്യം. അതിനിടെയാണ് സ്വന്തം ബാങ്കെന്ന കേരള ബാങ്കിന്റെ ബാധ്യത ഉണ്ടാക്കിയ പ്രശ്നങ്ങള്‍.
ട്രഷറി നിയന്ത്രണം നടപ്പാകുമ്പോള്‍ തോമസ് ഐസക്കിന് അതിന്റെ കാരണം കൃത്യമായറിയാം. പൊതുവേദികളിലും ഫേസ്ബുക്കിലും നിയമസഭയിലും നുണ പറയുമെങ്കിലും ഫയലില്‍ അദ്ദേഹം കള്ളം പറയാറില്ല. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ട്രഷറിയിലെ സഹകരണ സംഘങ്ങളുടെ സേവിങ്സ് അക്കൗണ്ടിലുള്ള സാധാരണ ഡെപ്പോസിറ്റുകളും ടേം ഡെപ്പോസിറ്റുകളും പിന്‍വലിച്ച് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ സഹകരണ വകുപ്പ് 2018 ഒക്ടോബര്‍ 28ന് തീരുമാനിച്ചിരുന്നു.
അതായത് സംസ്ഥാനത്ത് ആകെയുള്ള 1619 പ്രദേശിക സഹകരണ ബാങ്കുകളും 14 ജില്ലാ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും ട്രഷറിയില്‍ നടത്തിയിരിക്കുന്ന മുഴുവന്‍ നിക്ഷേപങ്ങളും പിന്‍വലിക്കുക എന്നതായിരുന്നു തീരുമാനം.
പ്രസ്തുത ഫയല്‍ അനുമതിക്കായി ധനകാര്യ വകുപ്പിലെത്തി. ട്രഷറിയിലെ സഹകരണ നിക്ഷേപങ്ങള്‍ ഒന്നാകെ പിന്‍വലിക്കുന്നത് സാമ്പത്തിക മാന്ദ്യവും അതുവഴി വികസന മുരടിപ്പും ഉണ്ടാക്കുമെന്ന് വിശദീകരിച്ചു. പെന്‍ഷനും ശമ്പളവും വരെ പ്രതിസന്ധിയിലാകുമെന്ന് ധനകാര്യ വകുപ്പ് വിയോജനക്കുറിപ്പ് എഴുതി. മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉപദേശം ലഭിച്ചങ്കിലും അതല്ല നടന്നത്.
റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്ന മൂലധന പര്യാപ്തതാ നിരക്ക് (സിആര്‍എആര്‍) ആര്‍ജിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിന് 703 കോടി രൂപ കണ്ടെത്തേണ്ടി വന്നു. പ്രാഥമികാനുമതി മാത്രം കിട്ടിയ കേരള ബാങ്ക് സോഫ്റ്റ്വെയര് ഏകീകരണം മുതല്‍ ജില്ലാ ബാങ്കുകളുടെ ലയനം വരെ പൂര്‍ത്തീകരിക്കേണ്ടതായിട്ടുള്ള സമയ ദൈര്‍ഘ്യം വളരെ കൂടുതലാണ്.
13 ജില്ലാ ബാങ്കുകളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച്, കോടതി വ്യവഹാരങ്ങള്‍ തീര്‍ന്ന് കേരളബാങ്ക് സ്വതന്ത്രമായി പ്രവര്‍ത്തനമാരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്കുമ്പോള് മാത്രമാണ് മേല്‍സൂചിപ്പിച്ച 703 കോടി രൂപ സംസ്ഥാനത്തെ ധനമേഖലയില്‍ പരിക്രമം ചെയ്യപ്പെടുകയുള്ളൂ. അതിനാല്‍ മറ്റു സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ദേശസാത്കൃത ബാങ്കില്‍ നിന്നും കൂടുതല്‍ കടമെടുത്ത് ആര്‍ബിഐ നിര്‍ദേശിച്ച സിആര്‍എആര്‍ സാക്ഷാത്കരിച്ചാലേ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപെടുകയുള്ളൂ എന്ന് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി – (ഫിനാന്‍സ്) വരാനിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ വിവരങ്ങള്‍ അടങ്ങിയ വിശദമായ നോട്ട് 2019 മാര്‍ച്ച് 25 ന് സര്‍ക്കാരിന് നല്കി.
ഒന്നിച്ച് നിക്ഷേപം പിന്‍വലിക്കരുതെന്നും സംസ്ഥാനം വലിയ പ്രതിസന്ധിയില്‍ എത്തുമെന്നും കേരള ബാങ്ക് ഉണ്ടാക്കാന്‍ മറ്റു വഴികളുണ്ടെന്നും സര്‍ക്കാരിനെ ഉപദേശിച്ചു.
നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പ്പഷന് (എന്‍സിഡിസി) വഴി കോ-ഓപ്പറേറ്റീവ് മേഖലയില്‍ വായ്പ ലഭ്യമാക്കി കേന്ദ്രത്തില്‍ നിന്ന് പണം കൊണ്ടുവരാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല.
സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ ബാങ്കുകളിലും നിഷ്ക്രിയ ആസ്തി (എന്‍പിഎ) ആയിക്കിടക്കുന്ന സഹകരണ സംഘങ്ങള്‍ക്കും അപെക്സ് സൊസൈറ്റികള്‍ക്കും എന്‍സിഡിസി വഴി കേന്ദ്ര ധനസഹായം ലഭിക്കുമെന്നിരിക്കെ മുഖ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിനോടുള്ള രാഷ്ട്രീയ മര്‍ക്കടമുഷ്ടിയും സംസ്ഥാന ധനകാര്യ മന്ത്രിയുമായുള്ള ചക്കളത്തിപ്പോരും കാരണം ഇവ നഷ്ടമാക്കി. എന്‍സിഡിസി സഹായത്തിനായി സഹകരണ സംഘങ്ങളുടെ പദ്ധതിരേഖ സഹകരണ രജിസ്ട്രാര്‍ക്കു കീഴിലുള്ള വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുകയും ചെയ്താല്‍ പ്രസ്തുത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന് പണം അനുവദിച്ച് കിട്ടുകയും ചെയ്യുമായിരുന്നു. കെട്ടിട
നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്തരത്തില്‍ എന്‍സിഡിസി കേന്ദ്ര സഹായം കിട്ടുമായിട്ടും ഇവയെല്ലാം മുട്ടുന്യായം പറഞ്ഞ് തള്ളി. കാരണം അങ്ങനെ വരുന്ന പണം അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിന് വിധേയമാണെന്നതുതന്നെ.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും യുഡിഎഫും മത്സരിച്ച് ധൂര്‍ത്തടിച്ച് നശിപ്പിച്ച കേരളത്തിലെ സഹകരണ മേഖലയില്‍ സഹകരണ സംഘങ്ങള്‍ നടപ്പിലാക്കുന്ന വന്തട്ടിപ്പുകള് പുറംലോകം അറിയാതിരിക്കാനാണ് ഒരു ശതമാനം പലിശ അധികമാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ കേന്ദ്ര സഹായം നിരസിക്കുന്നത്.
401 കോടി രൂപ നഷ്ടമുണ്ടാക്കിയ റബ്കോയെക്കുറിച്ച് ഒരന്വേഷണം പോലും ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടിട്ടുമില്ല. റബ്കോ ഉല്‍പ്പന്നങ്ങള്‍ പ്രത്യേക പ്രിവിലേജ് വിലയോടുകൂടി ടെന്‍ഡര്‍ ഇല്ലാതെയും ചര്‍ച്ചയില്ലാതെയും വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച ലാഭത്തില്‍ ഓഡറുകള്‍ കരസ്ഥമാക്കി. ഈ വിധത്തില്‍ ലഭിച്ച ലാഭവും, സിപിഎം നിയന്ത്രണത്തിലുള്ള വ്യക്തികളും, സ്ഥാപനങ്ങളും നിക്ഷേപിച്ച തുകയും കണക്കാക്കുമ്പോഴാണ് റബ്കോ കേരള സമൂഹത്തില്‍ നിന്ന് ഊറ്റിയെടുത്ത പണത്തിന്റെ വലുപ്പം പൂര്‍ണമാകുന്നത്.
ഇങ്ങനെ സാമ്പത്തിക അരാജകത്വം നടമാടുന്ന സഹകരണ മേഖല തന്നെയാണ് ഇപ്പോഴത്തെ ട്രഷറി നിയന്ത്രണത്തിലും വില്ലന്‍. പിന്‍വാതില്‍ വഴി ധനകാര്യവകുപ്പില്‍ നിന്ന്, വെയിസ് ആഡ് മീന്‍സ് ക്ലിയറന്‍സ് നേടി ട്രഷറിയില്‍ നിന്ന് പണം നേടുന്ന ഏക കരാറുകാരന് ഉരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മാത്രമാണ്.
ട്രഷറിയിലുള്ള പണത്തിന്റെ വരവും നിക്ഷേപങ്ങളും കുറയുകയും കിഫ്ബി വഴിയുള്ള പദ്ധതി കൂടുകയും ചെയ്യുന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക സാമ്പത്തിക വളര്‍ച്ച താറുമാറായി.
കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന തോമസ് ഐസക്ക് കേന്ദ്ര പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന്റെ വിശദീകരണം കൂടി നല്‍കേണ്ടതുണ്ട്. കേന്ദ്രം പദ്ധതി വിഹിതത്തിനായി നിഷ്കര്ഷിച്ചതും സംസ്ഥാനം നിര്‍വഹിച്ച് നല്കേണ്ടതുമായ സോഷ്യല്‍ ഓഡിറ്റിങ് അടക്കമുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ 016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷ (ജിഫ്റ്റ്) നെ സോഫ്റ്റ്വെയര് ഡെവലപ്മെന്റും മറ്റുമായി 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ നയാപൈസ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പ്രൊഫഷന് ഓഡിറ്റര്‍ കേന്ദ്രം സ്ഥാപിക്കുവാനും
അവിടേക്ക് ഒരു സോഫ്റ്റ്വെയര് വികസിപ്പിക്കാനും മൂന്നു വര്‍ഷമായിട്ടും ധനകാര്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം നിഷ്കര്‍ഷിക്കുന്ന സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് പല പദ്ധതികള്‍ക്കും കേന്ദ്രവിഹിതം ലഭിക്കാതിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പണം തടസപ്പെടുന്നതിനും കാരണം മറ്റൊന്നല്ല. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ധനകാര്യ ശേഷി കൂട്ടാന്‍ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് വീഴ്ച വരുത്തിയശേഷം സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് തോമസ് ഐസക്ക് വിലപിച്ചിട്ട് കാര്യമില്ല.
ഇതാണ് കേരള മോഡല്‍ എങ്കില്‍ കേരളത്തിന്റെ ധനസ്ഥിതി ഇനിയും താഴോട്ട് പോകും. ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ വേണ്ട; ഏതാനും ഉദ്യോഗസ്ഥര്‍ മതി. കിഫ്ബി തിരിച്ചടവിന്റെ വേളയില്‍ സിപിഎം ഇന്ത്യയില്‍ എവിടെയും അധികാരത്തില്‍ ഉണ്ടാവുകയില്ല എന്ന തോമസ് ഐസക്കിന്റെ ദീര്‍ഘവീക്ഷണമാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മര്‍മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: