അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം. നാലു വര്‍ഷം മുന്‍പ് ഇടതു മുന്നണിയുടെ പ്രഖ്യാപനം അതായിരുന്നു. അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയനും അതാവര്‍ത്തിച്ചു. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും കുരിശിലേറ്റി വിചാരണ നടത്തിയ സിപിഎം ഇപ്പോള്‍ നടത്തുന്നത് ഭരണമാണോ ഭരണാഭാസമാണോ എന്ന് സഖാക്കള്‍ പോലും ചോദിക്കുന്ന സമയമാണിത്. സ്വജനപക്ഷപാതം അഴിമതി പട്ടികയില്‍പ്പെട്ടതു തന്നെയാണ്. അതുകൊണ്ടാണല്ലൊ ഭരണമേറ്റ് മാസം മൂന്ന് തികയും മുന്‍പ് മന്ത്രി സ്ഥാനം ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടി വന്നത്. അന്വേഷണമെന്ന പ്രഹസനവും തെറ്റുകാരനല്ലെന്ന വിശദീകരണവും വാങ്ങി ജയരാജന് വീണ്ടും മന്ത്രിസ്ഥാനം നല്‍കി. ജയരാജന്റെ രാജിയില്‍ കലാശിച്ച അതേ പക്ഷപാതം മന്ത്രി ജലീല്‍ നടത്തിയിട്ടും വിശദീകരണം ചോദിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതായി കേട്ടില്ല. മന്ത്രിമാര്‍ പലരും അതേ രീതിയില്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും വ്യാപൃതരാണ്.
ഖജനാവ് കാലിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും പരിതപിക്കുന്ന കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തും തീവെട്ടിക്കൊള്ളയും നേരിട്ട് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ലോക കേരളസഭയെന്ന സമാനതകളില്ലാത്ത ധൂര്‍ത്തിന്റെ കഥ കേട്ട് മലയാളികള്‍ ലജ്ജിച്ച് തലതാഴ്‌ത്തുകയാണ്. ഒരാള്‍ക്ക് ഉച്ച ഊണിന് രണ്ടായിരത്തോളം രൂപ ചെലവാക്കി എന്നറിയുമ്പോഴറിയാം പാഴ്‌ചെലവിന്റെ ആഴം. ചെലവ് വിവാദമായപ്പോള്‍ ഊണിന്റെ കാശ് വേണ്ടെന്ന് പഞ്ചനക്ഷത്രത്തിന്റെ ഉടമയും സഭയുടെ സംഘാടകരിലൊരാളുമായ വ്യക്തി അറിയിച്ചത്രേ. വിവാദമായില്ലെങ്കില്‍ ആ പണത്തിന്റെ സ്ഥിതി എന്താകുമെന്ന് പറയേണ്ടതില്ലല്ലോ. ഇതോടൊപ്പം വിവാദം കൊഴുപ്പിക്കുകയാണ് പോലീസ് മേധാവിക്കെതിരെ ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും മുന്‍പ് വിവരങ്ങള്‍ പുറത്തുവന്നതിലായിരുന്നു സര്‍ക്കാരിനുള്ള വേവലാതി. സിഎജി റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തിയ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു.
പോലീസിന്റെ തോക്കുകള്‍ കാണാനില്ലെന്നും വെടിയുണ്ടകള്‍ നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് പരിശോധനയില്‍ തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും ഉണ്ടകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. അതിനിടയിലാണ് വിഷയം പരിശോധിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വെടിയുണ്ടയെക്കാള്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി പോലീസിനെ ന്യായീകരിച്ച് റിപ്പോര്‍ട്ടും നല്‍കി. സിഎജിക്കെതിരെ വിമര്‍ശനമുയര്‍ത്താനും സെക്രട്ടറി തയ്യാറായിട്ടുണ്ട്.
തോക്കുകള്‍ കാണാതായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. ’94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്‌ച്ച ഉണ്ട്. ഇത് പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാനുള്ള തന്ത്രമാണെന്ന് വ്യക്തം. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫണ്ട് വകമാറ്റിയതിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥപനമായ കെല്‍ട്രോണ്‍ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.
കെല്‍ട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂര്‍വ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി പറയുന്നു. ഡിജിപിക്ക് ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് വില്ല പണിതത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ തുറന്ന ടെന്‍ഡര്‍ വിളിക്കാതിരുന്നത് സുരക്ഷ മുന്‍നിര്‍ത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞിട്ടുണ്ട്. പോലീസ് സേനയുടെ നവീകരണത്തിനും താഴെക്കിടയിലുള്ള ഓഫീസര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കാനും
കേന്ദ്രം നല്‍കിയ പണം വകമാറ്റി ചെലവാക്കിയതു പോലെ തന്നെയാണ് വിലക്കയറ്റവിഷയത്തിലും സംഭവിച്ചത്. വൈദ്യുതി നിരക്ക് കൂട്ടിയത് സര്‍ക്കാരാണ്. മറ്റ് സാധന വിലക്കയറ്റവും രൂക്ഷമാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. അഴിമതി തടയാന്‍ കഴിയാത്ത പിണറായി വിജയന്‍ ഭരണം നിര്‍ത്തുന്നതാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: