ബെംഗളൂരു: നാഡീവ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് രോഗം ഇന്ത്യയില്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ബാധിക്കുന്നത് യുവതികളെയാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) പഠന റിപ്പോര്‍ട്ട്.
ഉത്പാദനശേഷി ഏറ്റവും അധികമുള്ള പ്രായത്തിലാണ് രോഗം സ്ത്രീകളെ ബാധിക്കുന്നത്. 15നും 45നും ഇടയിലുള്ളവരില്‍ ആണ് ഏറ്റവുമധികം രോഗലക്ഷണങ്ങള്‍ കാണുന്നത്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് കണ്ടുവരുന്ന പത്തില്‍ ഏഴു പേരും സ്ത്രീകളാണ്. അമിതമായ മാനസിക പിരിമുറുക്കങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നതായും നിംഹാന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു. ജനിതകഘടന, വൈറ്റമിനുകളുടെ അഭാവം, പുകവലി, ബാല്യകാല രോഗങ്ങള്‍ എന്നിവയും രോഗകാരണങ്ങളാണ്.
നിംഹാന്‍സില്‍ 1980-90കളില്‍ 63 കേസുകളും 1990-2002കളില്‍ 243 കേസുകളും മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2006 കഴിഞ്ഞപ്പോഴേക്കും ഇതില്‍ വലിയ വര്‍ധനയുണ്ടായി. രോഗികളുടെ എണ്ണം പ്രതിവര്‍ഷം 2.5 എന്ന തോതില്‍ നിന്ന് ഇപ്പോള്‍ 24 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഒരു മാസം അഞ്ച്-ആറ് രോഗബാധിതരുണ്ടാകുന്നുവെന്ന് മുന്‍ നിംഹാന്‍സ് ന്യൂറോളജിസ്റ്റും പ്രൊഫസറുമായ ഡോ. പി. സതീഷ് ചന്ദ്ര പറഞ്ഞു.
2003-ല്‍ നിംഹാന്‍സില്‍ വന്ന ഒരു കേസിനെപ്പറ്റിയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 35 വയസ്സുള്ള സ്ത്രീ തന്റെ ഇടതു കണ്ണിന്റെ കാഴ്ച മങ്ങിയതോടെയാണ് ആശുപത്രിയിലേക്ക് വരുന്നത്. ക്രമേണ കാഴ്ചമങ്ങല്‍ വലതു കണ്ണിനെയും ബാധിച്ചു. ചികിത്സയ്ക്കു ശേഷം കാഴ്ച ശരിയായെങ്കിലും വേദന, ക്ഷീണം തുടങ്ങിയ മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് രോഗലക്ഷണങ്ങള്‍ അവരില്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അവര്‍ക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. കാഴ്ചയും പൂര്‍ണമായി നഷ്ടപ്പെട്ടു. രോഗത്തിന്റെ ഭീകരതയാണ് ഇത് വ്യക്തമാക്കുന്നത്.
മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്
നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖമാണ് മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് (എംഎസ്). തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്. തന്മൂലം ഞെരമ്പുകോശങ്ങള് തമ്മിലുള്ള ആശയവിനിമയം തകരാറിലാകുന്നു.
മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പേശീതളര്‍ച്ച, ശരീരവേദന, സ്പര്‍ശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങളുണ്ടാകും. ഇതിനു പുറമേ ബലഹീനത, കാഴ്ചമങ്ങല്‍, ഏകോപനത്തിന്റെ അഭാവം, അസന്തുലിതാവസ്ഥ, വേദന, ഓര്‍മക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, പക്ഷാഘാതം, വിറയല്‍, അന്ധത എന്നിവയും ലക്ഷണങ്ങളാണ്. ആഗോളതലത്തില്‍ 2.3 ദശലക്ഷത്തില്‍ അധികം ആളുകള്‍ ഈ രോഗാവസ്ഥയില്‍ ജീവിക്കുന്നു.
ചികിത്സ
മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ ഔഷധങ്ങള്‍ കണ്ടുപിടിച്ചിട്ടില്ല. ഗുരുതരമായ രോഗം ബാധിച്ച വ്യക്തികള്‍ രോഗലക്ഷണങ്ങളുടെ ശമനത്തിനായി ആയുഷ്കാലത്തേക്ക് മരുന്നുകള്‍ കഴിക്കണം. രൂക്ഷമല്ലാത്ത രോഗലക്ഷണങ്ങളുള്ളവര്‍ സ്ഥിരമായി ചികിത്സിക്കേണ്ടതില്ല. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ച വ്യക്തികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാകും. ഔഷധങ്ങളുടെ ഉപയോഗം മൂലം ആയുസ്സ് ദീര്‍ഘിപ്പിക്കാം. മരുന്നു കഴിക്കുക, ഇഞ്ചക്ഷന് എന്നീ രണ്ടു ചികിത്സാ രീതികളാണ് ഇപ്പോള്‍ പൊതുവെയുള്ളത്. മരുന്നു കഴിച്ചുള്ള ചികിത്സാ രീതിക്ക് പ്രതിമാസം 12,000 മുതല്‍ 15,000 വരെയും ഇഞ്ചക്ഷന് മുഖേനയുള്ളതിന് 12,000 മുതല്‍ 18,000 രൂപ വരെയുമാണ് ചെലവ്. മരുന്നു കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമായ ചികിത്സാ രീതിയെന്നാണ് ഡോക്ടര്മാരുടെഅഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: