ചോ: റബ്ബര്‍ വില കുറയാതിരിക്കാന്‍ ഉത്പാദനം കൂട്ടണമെന്നു പറയുന്നത് എന്തുകൊണ്ട്?
ഉ: ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ പ്രേരിതരാകും. വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന റബ്ബറിനു ആവശ്യക്കാര്‍ കുറയും. ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ റബ്ബറിന്റെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ച് ഇവിടുത്തെ വ്യവസായികള്‍ക്ക് ആവശ്യമായ മുഴുവന്‍ റബ്ബറും ഇവിടത്തന്നെ ഉല്പാദിപ്പിച്ച് നല്‍കണം.
ചോ: ആഭ്യന്തര റബ്ബറുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണം?
ഉ: ആഭ്യന്തര റബ്ബറുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
1. റബ്ബറിന്റെ വിലക്കുറവുകാരണം ടാപ്പു ചെയ്യാതെ ഇട്ടിരിക്കുന്ന എല്ലാ തോട്ടങ്ങളിലും ടാപ്പിംഗ് ഉടന്‍ പുനരാരംഭിക്കണം.
2. റബ്ബര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ പനിടിപ്പിച്ച് മഴക്കാലത്ത് ടാപ്പു ചെയ്യുന്നത് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പകുതി ചുറ്റളവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടാപ്പു ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് പിടിപ്പിച്ച് അതേ കാഠിന്യത്തില്‍ ടാപ്പു ചെയ്താല്‍ 35 മുതല്‍ 40 ദിവസം അധികമായി ടാപ്പു ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ടാപ്പു ചെയ്യുമ്പോള്‍ ഏകദേശം 15 മുതല്‍ 20 ശതമാനം വരെ ഉത്പാദന വര്‍ദ്ധനവുണ്ടാകും.
3. ഇപ്പോള്‍ ആവര്‍ത്തന കൃഷിയും പുതുകൃഷിയും നല്ല നിലയില്‍ ചെയ്തിട്ടുള്ള പല തോട്ടങ്ങളിലും ടാപ്പിംഗില്‍ ഉണ്ടാകുന്ന ചില അപാകതകള്‍ കൊണ്ട് മാത്രം 20 ശതമാനം വരെ ആദായത്തില്‍ കുറവ് വരുന്നതായി കണ്ടിട്ടുണ്ട്. ശരിയായ ചരിവിലും ആഴത്തിലും കൃത്യമായ സമയത്തും വളരെ ശ്രദ്ധാപൂര്‍വ്വം മരങ്ങള്‍ ടാപ്പു ചെയ്താല്‍ ഈ നഷ്ടം ഒഴിവാക്കാം. റബ്ബര്‍ മരങ്ങള്‍ വേനല്‍ക്കാലത്തും ടാപ്പു ചെയ്യാം.
4. റബ്ബര്‍ മരങ്ങള്‍ക്ക് രോഗബാധയുണ്ടായാല്‍ സ്വാഭാവികമായും അവയില്‍ നിന്ന് കിട്ടാവുന്ന ഉത്പാദനം വളരെയധികം കുറയും. ഉദാഹരണമായി, ഉത്പാദനശേഷി കൂടിയ റബ്ബറില്‍ നിന്നുള്ള ആദായം വര്‍ഷകാലത്തുണ്ടാകുന്ന അകാലിക ഇലപൊഴിച്ചില്‍ കാരണം 10 മുതല്‍ 50 ശതമാനം വരെ കുറയുന്നതായി കണ്ടുവരുന്നു. സാധാരണ ജനുവരി മുതല്‍ മാര്‍ച്ച് വരെ റബ്ബറിനെ ബാധിക്കുന്ന പൊടിക്കുമിള്‍ രോഗവും റബ്ബര്‍ മരങ്ങളുടെ ഉല്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടുവരുന്നു. ടാപ്പു ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ക്ക് കഠിനമായ പൊടിക്കുമിള്‍ ബാധ ഉണ്ടായാല്‍ അവയില്‍ നിന്നുള്ള ഉല്പാദനം 28.5 ശതമാനം വരെ കുറഞ്ഞുപോകുന്നതായി കണക്കാക്കിയിട്ടുണ്ട്. ഈ രോഗങ്ങള്‍ക്ക് എതിരെ ഫലപ്രദമായ സംരക്ഷണ നടപടികള്‍ സ്വീകരിച്ചാല്‍ നിലവിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള ഉല്പാദനം വര്‍ദ്ധിപ്പിക്കുമെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: