കൊച്ചി : സ്വര്‍ണ്ണവില ഇന്ന് 35 രൂപ കൂടി ഗ്രാമിന് 3835 രൂപയും പവന് 30680 രൂപയുമായി എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. അന്താരാഷ്ട്ര വില 7 വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണ്. ട്രോയ് ഔണ്‍സിന് 1608 ഡോളര്‍ വരെ എത്തിയ ശേഷം 1603 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് 71.55 ലുമാണ്.
ജനുവരി ഒന്നിന് ഗ്രാമിന് 3675 രൂപയും പവന് 29000 രൂപയുമായിരുന്നു സ്വര്‍ണ്ണവില. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഗ്രാമിന് 210 രൂപയും പവന് 1680 രൂപയും വര്‍ധനവാണ് അനുഭവപ്പെട്ടത്. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42 ലക്ഷത്തി അറുപതിനായിരം രൂപയായിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക രംഗത്ത് വലിയ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.
ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം ആഗോള സമ്പദ്ഘടനയെ ബാധിക്കുന്നതിനാലും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ച് സുരക്ഷിതത്വം തേടുന്നതും വില കൂടുന്നതിനു കാരണമായി. ലോകമെമ്പാടുമുള്ള ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ദുര്‍ബലമായതും വിലവര്‍ധനവിന് മറ്റൊരു കാരണമായി. രൂപയുടെ വിനിമയ നിരക്ക് കൂടുതല്‍ ദുര്‍ബലമാകുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണ വില കൂടാനുള്ള പ്രധാന കാരണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രാമിന് 3550 രൂപയും സിംഗപ്പൂരില്‍ 3650 രൂപയുമാണ് സ്വര്‍ണ വില. ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്വര്‍ണ വിലയില്‍ കുറവുള്ളതിനാലാണ് ഇന്‍ഡ്യയിലേക്ക് കള്ളക്കടത്ത് വര്‍ധിക്കുന്നത്.
കേരളത്തില്‍ വിവാഹ സീസണ് അവസാനിച്ചത് താല്കാലികമായി വിപണിയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മുതലാണ് വിവാഹ സീസന് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: